Sorry, you need to enable JavaScript to visit this website.

ഹുറൂബും യാത്രാവിലക്കുമായി ഒരു പതിറ്റാണ്ട്; കനകരാജ് ഒടുവിൽ നാട്ടിലെത്തി

കനകരാജ് (മധ്യത്തിൽ)നാസ് വക്കം, ഇല്യാസ് കൈപ്പമംഗലം എന്നിവരോടൊപ്പം.

ദമാം- ഹുറൂബും യാത്രാ വിലക്കുമുള്ളതിനാൽ ഒരു പതിറ്റാണ്ടിലേറെക്കാലം നാടണയാൻ കഴിയാതിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി സാമൂഹ്യ പ്രവർത്തകന്റെ സഹായത്തോടെ നാടണഞ്ഞു. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി കനകരാജ് (44) ആണ് സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം നാടണഞ്ഞത്. പതിനേഴ് വർഷം മുമ്പാണ് കനകരാജ് നിർമാണ ജോലികൾ ഏറ്റെടുത്ത് നടത്തുന്ന ദമാമിലെ ഒരു സ്ഥാപനത്തിൽ ജോലിക്ക് എത്തിയത്. ഏറ്റവും ഒടുവിൽ പത്തു വർഷം മുമ്പാണ് അവധിക്കു പോയത്. നാട്ടിൽ പോകാനായി റീ എൻട്രി വിസ നേടുന്നതിനു ജവാസാത്തിനെ സമീപിച്ചപ്പോഴാണ് തന്റെ പേരിൽ മദ്യപിച്ച കുറ്റത്തിനു യാത്രാ വിലക്കുള്ളതായി കണ്ടെത്തിയത്. നാടണയാൻ കഴിയാതിരുന്ന കനകാരാജ് കിട്ടുന്ന ജോലികൾ ചെയ്തു വരികയായിരുന്നു. താമസിക്കാനിടമില്ലാത്തതിനാൽ പാർക്കുകളിലും ദമാം പള്ളിക്കു സമീപവുമാണ് താൻ അന്തിയുറങ്ങിയതെന്ന് കനകരാജ് പറഞ്ഞു. ഇതിനിടെ നാസ് വക്കത്തെ കണ്ട് തന്റെ ദയനീയാവസ്ഥ വിവരിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്‌റ്റേഷനുൾപ്പെടെ ഇതര വകുപ്പുകളിൽ നിന്നും നടപടികൾ പൂർത്തിയാക്കിയ ശേഷം ദമാം തർഹീൽ മേധാവിയെ വിഷയം ധരിപ്പിച്ച് എക്‌സിറ്റ് നേടുകയും ചെയ്തു.
ഒരു പതിറ്റാണ്ടിനു ശേഷം നാടണയാനും ഉറ്റവരെയും ഉടയവരെയും കാണാനും അവസരമൊരുക്കിയ നാസ് വക്കത്തിനും സഹായിച്ചവർക്കും നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം നിറകണ്ണുകളോടെ കനകരാജ് വിമാനം കയറി.

 

Latest News