Sorry, you need to enable JavaScript to visit this website.

ചൈന നുണ പറയുന്നു, ലോകത്തെ  ഞെട്ടിച്ച് നഴ്‌സിന്റെ വെളിപ്പെടുത്തല്‍

ബീജിംഗ്- കൊറോണാ വൈറസ് ബാധയെക്കുറിച്ച് ചൈനീസ് സര്‍ക്കാര്‍ പറയുന്ന അവകാശവാദങ്ങള്‍ ശുദ്ധനുണയാണെന്ന് അവകാശപ്പെട്ട് വുഹാനില്‍ രോഗികളെ പരിചരിക്കുന്ന നഴ്‌സിന്റെ വെളിപ്പെടുത്തല്‍. ചൈനയില്‍ ഇതിനകം 90,000 പേര്‍ക്ക് വൈറസ് ബാധിച്ചതായാണ് സുരക്ഷിത സ്യൂട്ടും, ഫേസ് മാസ്‌കും അണിഞ്ഞ് നില്‍ക്കുന്ന നഴ്‌സിന്റെ അവകാശവാദം. 1975 പേര്‍ക്ക് മാത്രമാണ് കൊറോണാ വൈറസ് പിടിപെട്ടതെന്ന സര്‍ക്കാര്‍ വാദം പൊളിച്ചാണ് നഴ്‌സ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.
യഥാര്‍ത്ഥ ചിത്രം പുറത്തുവരാതിരിക്കാന്‍ ചൈന ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് പ്രഭവകേന്ദ്രമായ വുഹാനില്‍ ജോലി ചെയ്യുന്ന നഴ്‌സിന്റെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. സര്‍ക്കാരിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ തടയുന്ന കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് വൈറസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്നവരെ അറസ്റ്റ് ചെയ്യുകയാണ്. നുണപ്രചരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് അറസ്റ്റുകള്‍. 
ഇതിനിടെയാണ് സര്‍ക്കാര്‍ കള്ളം പറയുന്നതായി ഒരു നഴ്‌സ് ഓണ്‍ലൈനില്‍ ആരോപിച്ചത്. 'കൊറോണാ വൈറസ് ആരംഭിച്ച സ്ഥലത്താണ് ഞാനുള്ളത്. സത്യം പറയാനാണ് ഞാന്‍ വന്നത്. ഈ സമയത്ത് വുഹാന്‍ ഉള്‍പ്പെടുന്ന ഹുബെയി പ്രവിശ്യയിലും, ബാക്കി ചൈനീസ് പ്രദേശങ്ങളിലും 90,000 പേര്‍ക്ക് കൊറോണാ വൈറസ് ബാധിച്ച് കഴിഞ്ഞു. പ്രാരംഭഘട്ടത്തില്‍ രോഗബാധ തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പ്രശംസ നേടിയെങ്കിലും ഇപ്പോള്‍ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്ന വീഡിയോകള്‍ കണ്ടെത്താനുള്ള തെരച്ചിലിലാണ് അധികൃതര്‍. യുട്യൂബില്‍ പുറത്തുവന്ന നഴ്‌സിന്റെ വീഡിയോ രണ്ട് മില്ല്യന്‍ പേര്‍ കണ്ടുകഴിഞ്ഞു. ആളുകളോട് പുറത്ത് പോകരുതെന്നും, ചൈനീസ് ന്യൂഇയര്‍ ആഘോഷിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും നഴ്‌സ് വീഡിയോയില്‍ ആവശ്യപ്പെട്ടു.പാര്‍ട്ടികളും, പുറത്ത് നിന്നുള്ള ഭക്ഷണവും ഒഴിവാക്കി സുരക്ഷിതമായിരുന്നാല്‍ അടുത്ത വര്‍ഷം ആരോഗ്യത്തോടെ കുടുംബത്തെ കാണാം, നഴ്‌സ് ആളുകളെ ഓര്‍മ്മിപ്പിച്ചു. 

Latest News