ജെ.എന്‍.യു വിദ്യാര്‍ഥിക്കെതിരെ ദല്‍ഹി പോലീസും രാജ്യദ്രോഹ കേസെടുത്തു

ന്യൂദല്‍ഹി-അസമിനെ ഇന്ത്യയില്‍നിന്ന് വേര്‍പെടുത്താന്‍ പ്രസംഗിച്ചുവെന്നാരോപിച്ച് ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയും ഷഹീന്‍ബാഗ് പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളുമായ ഷജ്‌രീല്‍ ഇമാമിനെതിരെ ദല്‍ഹി പോലീസും രാജ്യദ്രോഹത്തിനു കേസെടുത്തു.

ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് അസം പോലീസ് കഴിഞ്ഞ ദിവസം യു.എ.പി.എ പ്രകാരം കേസെടുത്തിരുന്നു.

പൗരത്വനിയമ ഭേദഗതിക്കെതിരേയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും നടത്തിയ പ്രസംഗങ്ങള്‍ മതസൗഹാര്‍ദവും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്നതാണെന്നും ദല്‍ഹി പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. ബിഹാര്‍ സ്വദേശിയാണ് ഷജ് രീല്‍ ഇമാം.

ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നടന്ന സി.എ.എ വിരുദ്ധ പ്രതിഷേധത്തിലും ഷജ്‌രീല്‍ ഇത്തരം പ്രസംഗങ്ങള്‍ നടത്തിയതായി ദല്‍ഹി പോലീസ് ആരോപിക്കുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹം (സെക്ഷന്‍ 124 എ) മതസമുദായങ്ങള്‍ക്കിടയില്‍ ശത്രുത പ്രോത്സാഹിപ്പിക്കല്‍ (153 എ) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട വിവാദ വീഡിയോകള്‍ പരിശോധിച്ച ശേഷമാണ് കേസെടുത്തതെന്ന് പോലീസ് അവകാശപ്പെട്ടു. ഒരാള്‍ മാത്രമല്ല, പ്രതിഷേധ പരിപാടിയുടെ സംഘാടകരെന്ന് വ്യക്തമാക്കിയാണ് ഷഹീന്‍ബാഗിലെ പ്രക്ഷോഭകര്‍ ആരോപണത്തെ പ്രതിരോധിക്കുന്നത്. ഷഹീന്‍ബാഗിലെ പ്രതിഷേധത്തിന് സ്ത്രീകളാണ് നേതൃത്വം നല്‍കുന്നതെന്നും തെറ്റായ വ്യാഖ്യാനത്തിലേക്ക് മീഡിയകള്‍ വലിച്ചിഴക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
ഷഹീന്‍ബാഗ് പ്രക്ഷോഭത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായല്ല ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയതെന്ന് തെളിയിക്കാന്‍ ഷജ്‌രീല്‍ ഇമാമിനെ 24 മണിക്കൂറിനകം നഗരത്തെ നിയന്ത്രിക്കുന്ന ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്ന് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു. അസമിനെ മുറിക്കാന്‍ ഒരാള്‍ പ്രസംഗിക്കുമ്പോള്‍ അറസ്റ്റ് ചെയ്യുന്നതിനു പകരം ബി.ജെ.പി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുകയാണ്. അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ അക്കാര്യം രാജ്യത്തോടു പറയണമെന്നും അദ്ദേഹം പറഞ്ഞു.
 

 

Latest News