Sorry, you need to enable JavaScript to visit this website.

പൗരത്വഭേദഗതി നിയമം ഇന്ത്യയുടെ ആത്മാവിന് ഭീഷണി; പ്രസ്താവനയുമായി പ്രമുഖർ

ന്യൂദൽഹി- കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതി ഇന്ത്യയുടെ ആത്മാവിന് ഭീഷണിയാണെന്ന് ബുദ്ധിജീവികളും കലാകാരൻമാരും.  ബോളിവുഡ് നടൻ നസീറുദ്ദീൻ ഷാ, ചരിത്രകാരി റോമിള ഥാപ്പർ, കർണാടക സംഗീതജ്ഞൻ ടിഎം കൃഷ്ണ, എഴുത്തുകാരൻ അമിതാവ് ഘോഷ്, സിനിമാസംവിധായിക മീരാ നയർ എന്നിവരാണ് പ്രസ്താവന ഇറക്കിയത്. ചിത്രമെഴുത്തുകാരും സിനിമാ നിർമാതാക്കളും എഴുത്തുകാരും പണ്ഡിതരുമായിട്ടുള്ള ഞങ്ങളുടെ രചനകൾ ജനങ്ങളുടെ ജീവിതത്തെയും പോരാട്ടങ്ങളെയും പ്രതീക്ഷകളെയുമാണ് പ്രതിഫലിപ്പിക്കുന്നത്. ഞങ്ങൾ ഞങ്ങളുടെ സ്വപ്നങ്ങളെ എല്ലാവരിലേക്കും പകരുന്നു. പക്ഷെ, ഏത് സ്വപ്നമാണ് ഇന്നത്തെ ദുസ്വപ്നങ്ങൾക്കിടയിൽ ഞങ്ങൾക്ക് വഴികാട്ടുക? ഞങ്ങൾക്ക് സംസാരിക്കുന്നു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനായി ഞങ്ങൾ സംസാരിക്കുകയാണ്. പ്രസ്താവന പറയുന്നു.

പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കേണ്ടതുണ്ടെന്ന അവരുടെ ശബ്ദത്തിനൊപ്പം ചേരുന്നു. പലപ്പോഴും പലരും അനീതി നടക്കുമ്പോൾ നിശ്ശബ്ദത പാലിച്ചിരിക്കാം. എന്നാൽ ഈ സന്ദർഭം എല്ലാവരെയും ഉണർത്തുന്നതാണ്. അത്രയേറെ ഗൗരവപ്പെട്ട സമയമാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അനിതാ ദേശായ്, കിരൺ ദേശായ്, രത്‌ന പതക് സിങ്, ജാവേദ് ജാഫരി, നന്ദിത ദാസ്, ലില്ലറ്റ് ദുബേ, ആശിഷ് നന്ദി, സുഹൈൽ ഹാഷ്മി, ശബ്‌നം ഹാഷ്മി തുടങ്ങി മുന്നൂറോളം പേരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്. 

Latest News