കൊച്ചി- വിവിധ കോണുകളിൽനിന്ന് ശക്തമായ എതിർപ്പ് ഉയർന്നിട്ടും ലൗ ജിഹാദ് ആരോപണത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി സീറോ മലബാർ സഭ. പെൺകുട്ടികളെ മതംമാറ്റി തീവ്രവാദത്തിന് ഉപയോഗിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ ഭരണകൂടം ജാഗ്രത പുലർത്തണമെന്നും കത്തോലിക്ക മെത്രാൻ സമിതി ആവശ്യപ്പെട്ടു. നേരത്തെ സീറോ മലബാർ സഭ സിനഡ് ലൗ ജിഹാദുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയ നിലപാടിൽനിന്ന് പിന്നോട്ടില്ലെന്നാണ് പുതിയ പ്രസ്താവന തെളിയിക്കുന്നത്. കേരളത്തിൽനിന്ന് കാണാതായ ചില പെൺകുട്ടികൾ വിദേശരാജ്യങ്ങളിൽ ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നും ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സഭ ആവശ്യപ്പെട്ടു. സർക്കാർ ഇക്കാര്യത്തിൽ കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നും മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങളിൽനിന്ന് ഒരിഞ്ചു പോലും ഔദ്യോഗിക കേന്ദ്രങ്ങൾ മുന്നോട്ടുപോകുന്നില്ലെന്നും സഭ ആരോപിക്കുന്നു.