Sorry, you need to enable JavaScript to visit this website.

പുതിയ ഫീച്ചറുമായി വാട്‌സാപ്പിന്റെ എതിരാളി ടെലിഗ്രാം

വാട്‌സാപ്പിന്റെ പ്രധാന എതിരാളി ടെലിഗ്രാം പുതിയ ഫീച്ചര്‍ പുറത്തിറക്കി.  ഗ്രൂപ്പുകളിലും ചാനലുകളിലും വിവിധ തരം വോട്ടെടുപ്പുകള്‍ നടത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്ന 'പോള്‍സ് 2.0' ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൊബൈലിലും ഡെസ്‌ക് ടോപ്പിലും ഈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
ആപ്ലിക്കേഷന്റെ 5.14 പതിപ്പില്‍ പുറത്തിറക്കിയ പോള്‍സ് 2.0 സൗകര്യം ഉപയോഗിച്ച്  ദൃശ്യമായ വോട്ടുകള്‍, ഒന്നിലധികം ഉത്തരങ്ങള്‍, ക്വിസ് മോഡ് എന്നിങ്ങനെ ഉപയോക്താക്കള്‍ക്ക് മൂന്ന്  ടെലിഗ്രാം വോട്ടെടുപ്പുകള്‍ നടത്താന്‍ കഴിയും

ഗ്രൂപ്പുകളിലെയും ചാനലുകളിലെയും വിവിധ വോട്ടെടുപ്പ് ഓപ്ഷനുകള്‍ വഴി വോട്ടെടുപ്പുകള്‍ നടത്തി അഭിപ്രായങ്ങള്‍ ശേഖരിക്കുകയും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ പഠന അനുഭവം സമ്പന്നമാക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

റിലീസ് ചെയ്തു കഴിഞ്ഞ പോള്‍ ഓപ്ഷന്‍  അറ്റാച്ച്‌മെന്റ് മെനു വഴി  തുറക്കാം. അറ്റാച്ച്‌മെന്റ് മെനുവില്‍നിന്ന് ലളിതമായി മൂന്ന് വോട്ടെടുപ്പുകളിലൊന്ന്  തെരഞ്ഞെടുക്കാം.

മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ (എംസിക്യു), വിഷയാധിഷ്ഠിത ക്വിസുകള്‍ എന്നിവയിലൂടെ  പഠനത്തിനായുള്ള അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനും പഠന-വിദ്യാഭ്യാസ ചാനലുകള്‍ ഉപയോഗിക്കുന്നതിനും ഉപയോക്താക്കളെ സഹായിക്കുന്നതിനും പുതിയ ഫീച്ചറിന് സാധിക്കുമെന്ന്  കമ്പനി പറയുന്നു.

ചോദ്യം ടൈപ്പുചെയ്യുക, ഉത്തരങ്ങള്‍ക്കായുള്ള ഓപ്ഷനുകള്‍ ചേര്‍ക്കുക, ഏറ്റവും മികച്ചതെന്ന് കരുതുന്ന ക്രമീകരണങ്ങള്‍ തെരഞ്ഞെടുത്ത് അയക്കുക എന്നിവയിലൂടെ  വോട്ടെടുപ്പ് വളരെ ലളിതവും എളുപ്പവുമാണ്. ക്വിസ് ബോട്ട് ആണ് മറ്റൊരു ഓപ്ഷന്‍. ഈ ഓപ്ഷനിലൂടെ, ഉപയോക്താക്കള്‍ക്ക് അധിക വാചകങ്ങളും മീഡിയകളും  ഉപയോഗിച്ച് കൂടുതല്‍ ചോദ്യങ്ങളുള്ള ക്വിസുകള്‍ തയാറാക്കാനും മറ്റുള്ളവരുമായി പങ്കിടാനുമുള്ള സൗകര്യം ലഭിക്കും.

ഗ്രാഫുകളും പട്ടികകളും ഉപയോഗിച്ച് പരീക്ഷാ ശൈലിയിലുള്ള ചോദ്യങ്ങള്‍ സൃഷ്ടിക്കാനും ഇതുവഴി സാധിക്കും. ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പുകള്‍, ചാനലുകള്‍ അല്ലെങ്കില്‍ വ്യക്തിപരമായി ഉത്തരം നല്‍കാം. എത്ര ഉത്തരങ്ങള്‍ ശരിയാണെന്നും ഒരു ഉപയോക്താവ് ഉത്തരങ്ങള്‍ നല്‍കാന്‍ എത്ര സമയമെടുത്തുവെന്ന് കണ്ടെത്താനും  ടെലിഗ്രാം  ബോട്ടിന് കഴിയും.

 

 

Latest News