Sorry, you need to enable JavaScript to visit this website.

മുസ്‌ലിം യാത്രക്കാരോട് വിവേചനം; ഡെല്‍റ്റ എയര്‍ലൈന്‍സിന് 50,000 ഡോളര്‍ പിഴ

വാഷിംഗ്ടണ്‍- മൂന്ന് മുസ്‌ലിം യാത്രക്കാരോട് വിവേചനം കാണിച്ച് വിമാനങ്ങളില്‍നിന്ന് ഇറക്കിവിട്ട ഡെല്‍റ്റ എയര്‍ ലൈന്‍സിന് അമേരിക്കന്‍ ഗതാഗത വകുപ്പ് 50,000 ഡോളര്‍ പിഴയിട്ടു. മൂന്ന് യാത്രക്കാരെ പുറത്താക്കിയ സംഭവത്തില്‍ എയര്‍ലൈന്‍സ് വിവേചനം കാണിച്ചുവെന്നും നിയമം ലംഘിച്ചുവെന്നും ഗതാഗത വകുപ്പ് ഉത്തരവില്‍ പറഞ്ഞു. 2016 ജൂലൈ 26 നാണ് ആദ്യ സംഭവം. പെരുമാറ്റം ഭീതി ഉയര്‍ത്തുന്നുവെന്നും അസൗകര്യമുണ്ടാക്കുന്നുവെന്നും ഒരു യാത്രക്കാരന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പാരീസിലെ എയര്‍പോര്‍ട്ടിലാണ് മുസ്‌ലിം ദമ്പതികളെ ഇറക്കിവിട്ടത്. ഇവരില്‍ പുരുഷന്‍ തന്റെ വാച്ചില്‍ എന്തോ ചേര്‍ത്തിരിക്കുന്നുവെന്ന് യാത്രക്കാരനും അല്ലാഹ് എന്നു കൂടുതല്‍ തവണ ഉപയോഗിച്ചുകൊണ്ട് യാത്രക്കാരന്‍ മൊബൈലില്‍ സന്ദേശമയച്ചുവെന്ന് എയര്‍ ഹോസ്റ്റസും ക്യാപ്റ്റനെ അറിയിക്കുകയായിരുന്നു. ദമ്പതികള്‍ യു.എസ് പൗരന്മാരാണെന്നും നാട്ടിലേക്ക് മടങ്ങുന്ന അവര്‍ കരിമ്പട്ടികയിലല്ലെന്നും ഡെല്‍റ്റ കമ്പനിയുടെ കോര്‍പറേറ്റ് സെക്യൂരിറ്റി വിഭാഗം അറിയിച്ചെങ്കിലും അവരെ വീണ്ടും വിമാനത്തില്‍ കയറ്റാന്‍ ക്യാപ്റ്റന്‍ വിസമ്മതിച്ചു. ഡെല്‍റ്റയുടെ സുരക്ഷാ പ്രോട്ടോക്കോള്‍ ക്യാപ്റ്റന്‍ പാലിച്ചില്ലെന്നും ഡെല്‍റ്റ അധികൃതര്‍ ദമ്പതികളുടെ യാത്ര തടയാന്‍ പാടില്ലായിരുന്നുവെന്നും ഗതാഗത വകുപ്പ് പറഞ്ഞു.
2016 ജൂലൈ 31 ന് ആംസ്റ്റര്‍ഡാമില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് പോയ വിമാനത്തിലാണ് രണ്ടാമത്തെ സംഭവം. മറ്റു യാത്രക്കാരും എയര്‍ ഹോസ്റ്റസുമാരും പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഒരു യാത്രക്കാരനെ ക്യാപ്റ്റന്‍ പുറത്താക്കുകയായിരുന്നു. അസാധാരണമായി ഒന്നുമില്ലെന്ന് ഫസ്റ്റ് ഓഫീസറും യാത്രക്കാരന്‍ കരിമ്പട്ടികയിലല്ലെന്ന് ഡെല്‍റ്റ സെക്യൂരിറ്റിയും അറിയിച്ചിരുന്നുവെങ്കിലും വിമാനം പറത്താനൊരുങ്ങിയ ക്യാപ്റ്റന്‍ വീണ്ടും യാത്രക്കാരനു സമീപമെത്തി പരിശോധന നടത്തി പുറത്താക്കുകയായിരുന്നു. ക്യാപ്റ്റന്‍ സുരക്ഷാ പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്നും യാത്രക്കാരനെ ഒഴിവാക്കിയ നടപടി വിവേചനപരമാണെന്നും ഗതാഗത വകുപ്പ് ചൂണ്ടിക്കാട്ടി. ഡെല്‍റ്റക്കും മറ്റു എയര്‍ലൈനുകള്‍ക്കും ശക്തമായ മുന്നറിയിപ്പാണ് പിഴ ഈടാക്കാനുള്ള ഉത്തരവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 2016 ജൂലൈയിലെ സംഭവങ്ങള്‍ക്കു ശേഷം സംശയമുള്ള കാര്യങ്ങള്‍ പരിശോധന നടത്തുന്നതിനും മറ്റുമുള്ള ചട്ടങ്ങള്‍ പരിഷ്‌കരിച്ചതായി ഡെല്‍റ്റ അറിയിച്ചിരുന്നു.  

 

 

Latest News