അമേരിക്കയുടെ വെളിപ്പെടുത്തല്‍; ഇറാന്‍ ആക്രമണത്തില്‍ 34 സൈനികര്‍ക്ക് മസ്തിഷ്‌ക ക്ഷതം

വാഷിംഗ്ടണ്‍- ഇറാഖിലെ യു.എസ് സൈനിക താവളത്തില്‍ ഈ മാസാദ്യം ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 34 സൈനികര്‍ക്ക് മസ്തിഷ്‌ക ക്ഷതമേറ്റതായി പെന്റഗണ്‍. നേരത്തെ യു.എസ് സൈന്യം വെളിപ്പെടുത്തിയതിനേക്കാള്‍ കൂടിയ സംഖ്യയാണിത്. തലയ്ക്ക് ഗുരുതര മുറിവേല്‍ക്കുമ്പോഴാണ് കൂടുതലായും മസ്തിഷ്‌ക ഹാനി സംഭവിക്കാറുള്ളത്. ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെടുകയോ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മറ്റു ഉന്നത ഉദ്യോഗസ്ഥരും ആദ്യം പറഞ്ഞിരുന്നത്. പടിഞ്ഞാറന്‍ ഇറാഖിലെ അല്‍ അസദ്  വ്യോമതാവളത്തില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ 11 യു.എസ് സൈനികര്‍ക്ക് ചികിത്സ നല്‍കിയതായി അമേരിക്കന്‍ സൈന്യം കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. കൂടുതല്‍ സൈനികരെ ചികിത്സക്കായി ഇറാഖിനു പുറത്തേക്ക് കൊണ്ടുപോയതായി ഈയാഴ്ചയും പറഞ്ഞു.
ചികിത്സ പൂര്‍ത്തിയാക്കിയ 17 സൈനികര്‍ ഇറാഖിലേക്ക് മടങ്ങിയതായി പെന്റഗണ്‍ വക്താവ് ജോനാഥന്‍ ഹോഫ്മാന്‍ പറഞ്ഞു. നേരത്തെ ജര്‍മനിയിലേക്ക് കൊണ്ടുപോയിരുന്ന എട്ട് സൈനികരെ അമേരിക്കയില്‍ എത്തിച്ചുവെന്നും ഇവര്‍ക്ക് വാള്‍ട്ടര്‍ റീഡ് മിലിറ്ററി ആശുപത്രിയിലോ മറ്റു യു.എസ് കേന്ദ്രങ്ങളിലോ ചികിത്സ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ചികിത്സക്കും നിരീക്ഷണത്തിനുമായി ഒമ്പത് സൈനികര്‍ ജര്‍മനിയില്‍ തുടരുന്നുണ്ട്. തലവേദന, മോഹാലസ്യം,തലചുറ്റല്‍,വെളിച്ചത്തോട് അലര്‍ജി, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളാണ് സൈനികര്‍ക്കുള്ളതെന്ന് ഹോഫ്മാന്‍ പറഞ്ഞു. അവര്‍ക്ക് തലവേദനയോ മറ്റെന്തോ ഉണ്ടെന്ന് പറഞ്ഞ് സൈനികരുടെ പരിക്കിനെ കഴിഞ്ഞ ദിവസം പ്രസിഡന്റ് ട്രംപ് അവഗണിച്ചിരുന്നു.  
സൈനികരുടെ പരിക്ക് കുറച്ചുകാണിക്കാനോ പുറത്തുവിടാതിരിക്കാനോ ശ്രമിച്ചിട്ടില്ലെന്ന് പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, ഇറാന്‍ ആക്രമണത്തില്‍ സൈനികരുടെ മസ്തിഷത്തിലുണ്ടായ മുറിവുകള്‍ യു.എസ് സൈന്യം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന ചോദ്യം ഉയര്‍ന്നുവന്നു. പരിക്കുകള്‍ കണ്ടെത്തുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനും യു.എസ്. പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ നിര്‍ദേശിച്ചതായി ഹോഫ്മാന്‍ പറഞ്ഞു. സൈനികര്‍ക്കും അമേരിക്കന്‍ ജനതക്കും കൃത്യവും വ്യക്തവും സുതാര്യവുമായ വിവരങ്ങള്‍ നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. തലച്ചോറിനുണ്ടാകുന്ന ഹാനി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഗൗരവത്തോടെ കാണണമെന്ന് വിവിധ മെഡിക്കല്‍, ആരോഗ്യ സംഘങ്ങള്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരുന്നതാണ്. 2000 നുശേഷം 4,08,000 യു.എസ് സൈനികര്‍ക്ക് മസ്തിഷ്‌ക ക്ഷതത്തിനു ചികിത്സ വേണ്ടിവന്നുവെന്നാണ് പെന്റഗണ്‍ കണക്ക്.

 

Latest News