ട്വിറ്ററില്‍ തരംഗമായി വൈറ്റ് ഹൗസിനു പുറത്തെ 'ട്രംപ് കോഴി' 

വാഷിങ്ടണ്‍- അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് 17- ദിവസത്തെ അവധി ആഘോഷത്തിന്റെ തിരക്കിലാണ്. കുറച്ച് നാളേക്ക് ഇനി വാര്‍ത്തകളിലൊന്നും കാണാന്‍ ഇടയില്ല. ഈ  ഇടവേള മുതലെടുക്കാന്‍ രംഗത്തു വന്നിരിക്കുകയാണ് വൈറ്റ് ഹൗസിനു പുറത്തെ 'ട്രംപ് കോഴി'. പ്രസഡന്റിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസിനു പുറത്ത് മാധ്യമങ്ങളുടെ ക്യാമറക്കണ്ണില്‍ ഉടക്കും വിധം കഴിഞ്ഞ ദിവസമാണ് കൂറ്റന്‍ ട്രംപ് കോഴി പ്രത്യക്ഷപ്പെട്ടത്. ട്രംപിന്റെ ഹയര്‍സ്റ്റൈലുമായി ഒരു ഭീമന്‍ പൂവന്‍കോഴിയുടെ രൂപത്തിലുള്ള ഹീലിയം ബലൂണായിരുന്നു അത്. കൗതുകവും തമാശയും നിറഞ്ഞ ഈ കാഴ്ച വളരെ പെട്ടെന്നു തന്നെ ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ മുന്നിലെത്തി. 

എന്നാല്‍ ഇതൊരു തമാശയല്ല. ട്രംപിന്റെ 'കോഴിക്കളി'ക്കെതിരെ ഇന്ത്യന്‍ വംശജനായ ആക്ടിവിസ്റ്റും ഡോക്യുമെന്ററി ഫിലിംമേക്കറുമായ തരണ്‍ സിംഗ് ബ്രാര്‍ ഒരുക്കിയ ഒരു പ്രതിഷേധ സമര കോഴിയായിരുന്നു. ''ട്രംപ് കാര്യക്ഷമതയില്ലാത്ത ദുര്‍ബലനായ ഒരു നേതാവാണ്. അദ്ദേഹത്തിന്റെ നികുതി വിവരം പരസ്യപ്പെടുത്താന്‍ അദ്ദേഹം വല്ലാതെ ഭയപ്പെടുന്നു. വഌദ്മിര്‍ പുടിനോട് മുട്ടാന്‍ പോലും അദ്ദേഹത്തിന് ഭയമാണ്,' ബ്രാര്‍ പറയുന്നു. ഉത്തര കൊറിയയുമായി കോഴിക്കളി നടത്തുന്ന ട്രംപിനെതിരായ ഒരു സമരമുറയാണിതെന്നും ബ്രാര്‍ വ്യക്തമാക്കി.

ട്രംപിന്റെ വസതിക്കും വാഷിങ്ടണ്‍ സ്മാരകത്തിനും ഇടയിലായി വൈറ്റ് ഹൗസിനു പിറകു വശത്തെ ഒഴിഞ്ഞ പ്രദേശത്താണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിക്കാന്‍ ആവശ്യമായ എല്ലാ അനുമതികളും അധികൃതരില്‍ നിന്നും സമ്പാദിച്ചിട്ടുണ്ടെന്നും ബ്രാര്‍ പറഞ്ഞു. ഈ സ്ഥലത്ത് അധികൃതര്‍ അനുവദിക്കുന്ന ഉയരം കൂടിയ ഒരേ ഒരു വസ്തു ദേശീയ ക്രിസ്മസ് ട്രീ മാത്രമാണ്. തന്റെ 30 അടി ഉയരമുള്ള ട്രംപ് കോഴിക്കു വേണ്ടി അധികൃതര്‍ ഇളവ് അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചു മാസമെടുത്താണ് ഇതിനാവശ്യമായ അനുമതികളെല്ലാം ബ്രാര്‍ സമ്പാദിച്ചെടുത്തത്. എന്നാല്‍ അനുമതി ലഭിച്ചപ്പോള്‍ അത് ട്രംപിന്റെ അവധിക്കാലവുമായി ഒത്തു വരികയും ചെയ്തു. അതുകൊണ്ടു തന്നെ ഇതു നേരിട്ടു കാണാന്‍ ട്രംപ് വൈറ്റ് ഹൗസിലുണ്ടായില്ലെന്ന ഖേദം ബ്രാറിനുണ്ട്. തന്റെ നികുതി വിവരങ്ങള്‍ പരസ്യപ്പെടുത്താത്തതിനെ തുടര്‍ന്ന് ട്രംപിനെതിരെ ഏപ്രിലില്‍ അരങ്ങേറിയ സമരങ്ങളിലാണ് ട്രംപ് കോഴി ആദ്യം പ്രത്യക്ഷപ്പെട്ടത്. ചിക്കന്‍ ഡോണ്‍ എന്ന പേരില്‍ ട്രംപ് കോഴിക്ക് സ്വന്തമായി ഒരു ട്വിറ്റര്‍ ഹാന്‍ഡിലും ഉണ്ട്.

Latest News