Sorry, you need to enable JavaScript to visit this website.

വിദ്യാര്‍ത്ഥിനികള്‍ ബുര്‍ഖ ധരിച്ച് പ്രവേശിച്ചാല്‍ ഇനി പിഴ 

പട്‌ന- മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി പട്‌നയിലെ കോളേജ്. ക്യാമ്പസിനുള്ളില്‍ ബുര്‍ഖ ധരിച്ച് പ്രവേശിക്കരുത് എന്നാണ് ജെഡി വിമന്‍സ് കോളേജ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
ശനിയാഴ്ച മുതല്‍ ഡ്രസ് കോഡ് പ്രാബല്യത്തില്‍ വരുമെന്ന് ഉത്തരവില്‍ പറയുന്നു. വിദ്യാര്‍ത്ഥിനികള്‍ എന്തെങ്കിലും തരത്തില്‍ നിയമം ലംഘിച്ചാല്‍ 250 രൂപ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. കോളേജിലും ക്യാമ്പസിന് അകത്തും ബുര്‍ഖ ധരിക്കരുതെന്നാണ് നിര്‍ദേശം. പ്രിന്‍സിപ്പാള്‍ കണ്ട് ഒപ്പിട്ട ശേഷമാണ് ഉത്തരവ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ ഉത്തരവില്‍ പുതിയതായി ഒന്നുമില്ലെന്നാണ് പ്രിന്‍സിപ്പാള്‍ ശ്യാമ റോയ് വിശദമാക്കുന്നത്. സല്‍വാര്‍, കമ്മീസ്, ദുപ്പട്ട എന്നിവയാണ് കോളേജില്‍ അനുവദനീയമായിട്ടുള്ളത്.കഴിഞ്ഞ ഏഴുവര്‍ഷമായി ഇത് കോളേജില്‍ പിന്തുടരുന്ന രീതിയാണെന്നും ശ്യാമ റോയ് ദ പ്രിന്റിനോട് വ്യക്തമാക്കി.
നിരവധിപ്പേര്‍ നേരത്തെ ഇറക്കിയ ഉത്തരവ് പാലിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതുയ നോട്ടീസ് പുറത്തിറക്കിയിട്ടുള്ളതെന്നും ശ്യാമ റോയ് വിശദമാക്കി. ക്യാമ്പസില്‍ അനുവധനീയമല്ലാത്ത വസ്ത്രമാണ് ബുര്‍ഖ. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് അറിയാവുന്ന കാര്യമാണ്. എന്നാല്‍ പലരും അത് പാലിക്കുന്നില്ല. തുടര്‍ന്നാണ് കോളേജ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. വസ്ത്രധാരണ രീതിയില്‍ ഏകീകൃത സ്വഭാവം കൊണ്ടുവരാനാണ് ഈ നീക്കം എന്നാണ് കോളേജ് അധികൃതര്‍ വാദിക്കുന്നത്.ഉത്തരവിനെതിരേ കോളേജില്‍ പ്രതിഷേധം ശക്തമാവുകയാണ്. വിചിത്രമായ ഉത്തരവെന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കുന്നത്.താലിബാന്‍  നിയമത്തിന് സമാനമാണ് ഉത്തരവെന്നും നോട്ടീസ് പിന്‍വലിക്കണമെന്നും ആര്‍ജെഡി നേതാവ് ഭായ് ബിരേന്ദര്‍ ആവശ്യപ്പെട്ടു. 

Latest News