ഹോങ്കോംഗില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഹോങ്കോംഗ്- കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഹോങ്കോംഗില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫെബ്രുവരി 17 വരെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. ചൈനയിലേക്കുള്ള എല്ലാ ഔദ്യോഗിക യാത്രകളും റദ്ദാക്കിയിട്ടുണ്ട്. ഹോങ്കോംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കാരി ലാം ആണ് പ്രഖ്യാപനം നടത്തിയത്. വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാനുള്ള സാധ്യത കുറയ്ക്കുന്നതിനു വേണ്ടിയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ചൈനയുമായുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിനുള്ള നിരവധി നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഹോങ്കോംഗിനെയും വൂഹാന്‍ നഗരത്തെയും ബന്ധിപ്പിക്കുന്ന വിമാന സര്‍വീസുകളും ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെക്കും.
ഇതിനോടകം ഹോങ്കോംഗില്‍ അഞ്ചുപേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വൂഹാന്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തിയവരാണ് ഈ അഞ്ചുപേരും. അതേസമയം, കോറോണ രോഗബാധ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 41 ആയി. ലോകമാകമാനം ഇതുവരെ ആയിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. ഇതില്‍ 800 പേരും ചൈനയില്‍ നിന്നുള്ളവരാണ്.

Latest News