7,620 ഇന്ത്യക്കാര്‍ വിദേശ തടവില്‍; ഏറ്റവും കൂടുതല്‍ പേര്‍ സൗദി ജയിലുകളില്‍

ന്യൂദല്‍ഹി- വിവിധ വിദേശ രാജ്യങ്ങളിലായി ജയിലില്‍ കഴിയുന്നത് 7,620 ഇന്ത്യക്കാരെന്ന് കേന്ദ്ര സര്‍ക്കാര്‍. 86 ജയിലുകളിലായി തടവില്‍ കഴിയുന്ന ഇവരില്‍ അമ്പതോളം സ്ത്രീകളുമുണ്ട്. 56 ശതമാനം പേരും ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളിലാണ്. ഇവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ സൗദി അറേബ്യയിലെ തടവറകളിലാണ്.  2,084 പേരാണ് സൗദി ജയിലുകളിലുള്ളത്. സാമ്പത്തിക തട്ടിപ്പ്, പിടിച്ചുപറി, കോഴ എന്നീ കുറ്റങ്ങള്‍ക്കാണ് വലിയൊരു ശതമാനം പേരും തടവിലായത്. മദ്യപിച്ചതിനും മദ്യം വില്‍പ്പന നടത്തിയതിനും ജയില്‍ ശിക്ഷ അനുഭവിക്കുന്നവരും ഇവരിലുണ്ട്. സ്ത്രീകളില്‍ അധികപേരും ശ്രീലങ്ക, നേപ്പാള്‍, ചൈന, ഗള്‍ഫ് രാജ്യങ്ങള്‍, യുഎ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ ജയിലുകളിലാണ്. വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഈ കണക്കുകള്‍ വിശദീകരിച്ചത്.  

തായ്‌ലാന്‍ഡ്, മലേഷ്യ, സിംഗപൂര്‍, ഇന്തൊനീസ്യ എന്നിവിടങ്ങളില്‍ തടവനുഭവിക്കുന്ന 500-ഓളം ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും ചെയ്ത കുറ്റം മനുഷ്യക്കടത്ത്, കുടിയേറ്റ വീസാ ചട്ട ലംഘനങ്ങള്‍ തുടങ്ങിയവയാണ്. 546 ഇന്ത്യക്കാര്‍ പാക്കിസ്ഥാനി ജയിലുകളിലുണ്ട്. ഇവരില്‍ ഏതാണ്ട് അഞ്ഞൂറോളം പേരും സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കുറ്റത്തിന് പിടികൂടപ്പെട്ട മത്സ്യബന്ധന തൊഴിലാളികളാണ്. ദക്ഷിണേന്ത്യന്‍ തീരങ്ങളില്‍ നിന്നുള്ള മത്സ്യ ബന്ധന തൊഴിലാളികലും സമുദ്രാതിര്‍ത്തി ലംഘിച്ച കുറ്റത്തിന് ശ്രീലങ്കയടക്കം പല രാജ്യങ്ങളിലും ജയിലിലായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള തടവുകാര്‍ ബംഗ്ലാദേശ്, ഭൂട്ടാന്‍, ബ്രൂണെ, എതിയോപ്പിയ എന്നീ രാജ്യങ്ങളില്‍ തടവിലുണ്ട്. 

ഇന്ത്യയില്‍ നിന്ന് വലിയ തോതില്‍ കുടിയേറ്റം നടക്കുന്ന ഓസ്‌ട്രേലിയയിലും കാനഡയിലുമായി 115 ഇന്ത്യക്കാരാണ് ജയിലിലുള്ളത്. കൊലപാതകം, ലൈംഗിക പീഢനം, കള്ളപ്പണം വെളുപ്പിക്കല്‍, റോഡപകടങ്ങള്‍ തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ടാണ് ഇവരിലേറെ പേരും പിടിയിലായിട്ടുള്ളത്. 

ചില രാജ്യങ്ങള്‍ അവിടങ്ങളിലെ ശക്തമായ സ്വകാര്യത നിയമ പ്രകാരം തടവുകാരുടെ സമ്മതമില്ലാതെ വിവരങ്ങള്‍ പുറത്തു വിടാറില്ല. യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മനി, ഗ്രീസ്, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ അവരുടെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ വിവിരങ്ങള്‍ കൈമാറിയിട്ടില്ല. 2003-ലെ തടവുകാരെ കൈമാറല്‍ നിയമം നടപ്പിലായ ശേഷം 170 അപേക്ഷകളാണ് ഇതുവരെ ലഭിച്ചതെന്നും ഇരില്‍ 61 ഇന്ത്യക്കാരെ വിദേശ ജയിലുകളില്‍ നിന്ന് ഇന്ത്യയിലെത്തിച്ചുവെന്നും മന്ത്രി അറിയിച്ചു. 30 രാജ്യങ്ങളുമായി ഇന്ത്യ തടവുകാരെ കൈമാറല്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. 

Latest News