Sorry, you need to enable JavaScript to visit this website.

രാമനുപകരം ഇനി കൃഷ്ണനോ...

സാംസ്‌കാരികമായി ഒരു ജനതയെ തങ്ങൾക്കനുകൂലമാക്കി മാറ്റുകയാണ് എന്നും ഫാസിസ്റ്റുകൾ ആദ്യം ചെയ്യാറുള്ളത്. പിന്നീടാണ് രാ്രഷ്ടീയത്തിലേക്ക് കടക്കുക. അതിനായി വംശീയതയേയും വിശ്വാസത്തേയും ദൈവത്തേയുമെല്ലാം അവർ സൗകര്യം പോലെ ഉപയോഗിക്കും. അതിനുള്ള ഉദാഹരണങ്ങൾ ലോകമെമ്പാടുമുണ്ട്. എന്നാൽ അതിനായി മറ്റെവിടേയും പോകേണ്ടതല്ല. ഇന്ത്യയിൽതന്നെ അതിനു പ്രകടമായ ഉദാഹരണമുണ്ട്. ശ്രീരാമനെ എങ്ങനെയാണ് തങ്ങളുടെ ലക്ഷ്യങ്ങൾക്കനുസരിച്ച് സംഘപരിവാർ ശക്തികൾ പ്രതീകവൽക്കരിച്ചതെന്നു മാത്രം നോക്കിയാൽ മതി അതു ബോധ്യമാകാൻ. ഇപ്പോഴിതാ ശ്രീകൃഷ്ണനേയും ആ ദിശയിൽ മാറ്റിയെടുക്കാൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.
ശ്രീരാമൻ ഇന്ത്യൻ ജനതയുടെ വിശ്വാസങ്ങളിൽ എന്നുമുണ്ടായിരുന്നു. രാമായണം മറ്റെല്ലാറ്റിനുമൊപ്പം യുദ്ധത്തിന്റെ കഥയാണ്. തീർച്ചയായും അതിൽ ഇന്നു നമുക്ക് സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയുമൊക്കെ വായിക്കാം. അപ്പോഴും ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പുവരെ ആക്രമണത്തിന്റെയോ അന്യമതവിദ്വേഷത്തിന്റേയോ പ്രതീകമായിരുന്നില്ല രാമൻ. മാത്രമല്ല, മാപ്പിള രാമായണമടക്കം എത്രയോ വൈവിധ്യമാർന്ന രാമായണങ്ങൾ ഇവിടെ ഉണ്ടായിരുന്നു. പിന്നീട് ഗാന്ധിയുടെ മറ്റൊരു രാമനും ഉണ്ടായി. എന്നാൽ ഈ രാമസങ്കൽപ്പങ്ങളൊക്കെ മാറി, മറ്റൊരു രൂപത്തിലാകുന്നത് സമീപകാലത്താണ്. അതിന്റെ തുടക്കം അന്വേഷിച്ചാൽ കാണാൻ കഴിയുക 1980കളിൽ ദൂരദർശൻ സംപ്രേഷണം ചെയ്ത രാമായണത്തിലായിരിക്കും. വൈവിധ്യമാർന്ന രാമസങ്കൽപ്പങ്ങളെയെല്ലാം ഇല്ലാതാക്കി, ഏകീകൃതമായ രാമനെ കുറിച്ചുള്ള സങ്കൽപ്പം രൂപപ്പെടുന്നത് അന്നുമുതലാണ്. അന്ന് സംഘപരിവാർ ശക്തികൾ അധികാരത്തിലെത്തുമെന്ന് വിദൂരപ്രതീക്ഷപോലും ആർക്കുമുണ്ടായിരുന്നില്ല എന്നോർമ്മ വേണം. എന്നാൽ സാംസ്‌കാരികമായി രൂപപ്പെടുത്തിയ പുതിയ രാമസങ്കൽപ്പത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് അധികാരത്തിലെത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അതിനിടയിൽ ബാബറി മസ്ജിദ് തകർക്കുക മാത്രമല്ല, വർഷങ്ങൾക്കുശേഷം വിശ്വാസത്തിന്റെ പേരിൽ സുപ്രിം കോടതിയിൽ നിന്ന് അതിനംഗീകാരം നേടുകയും ചെയ്തു. ഇപ്പോഴിതാ ശ്രീറാം വിളിക്കാത്തതിന്റെ പേരിൽ അറുംകൊലകൾ നടക്കുന്നതുവരെയെത്തി കാര്യങ്ങൾ.
ഈ വിഷയം ഇപ്പോഴുന്നയിക്കാൻ കാരണമുണ്ട്. രാമനെയും അയോദ്ധ്യയേയും രാഷ്ട്രീയമായി ഉപയോഗിച്ച് ലക്ഷ്യം നേടിയ ശക്തികൾ ഇനി കൃഷ്ണനിലേക്കും മഥുരയിലേക്കും നീങ്ങുന്നതായുള്ള റിപ്പോർട്ടുകൾ അടുത്ത കാലത്തായി പുറത്തുവരുന്നുണ്ട്. പിന്നീട് താജ് മഹലിലേക്കും അതു നീങ്ങും. ഈ നീക്കം ഇപ്പോൾ കൂടുതൽ ശക്തമാകുന്നതായും റിപ്പോർട്ടുണ്ട്. അക്കാര്യം ബോധ്യപ്പെടാൻ വടക്കെയിന്ത്യയിലേക്കൊന്നും പോകേണ്ടതില്ല. കേരളത്തിൽതന്നെ അതു കാണാം. കേന്ദ്രസാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ യുപിയിലെ വൃന്ദാവൻ ഇൻസ്റ്റിറ്റിയൂട്ട് തൃശൂരിൽ നടത്തിയ ത്രിദിന സെമിനാർ തന്നെ ഉദാഹരണം. വിവിധ പ്രദേശങ്ങളിൽ, വിവിധ ഭാവങ്ങളിൽ ആരാധിക്കപ്പെടുന്ന യുഗപുരുഷനായ ശ്രീകൃഷ്ണൻ കേരളത്തിലെ സംസ്‌കാരത്തിലും സാഹിത്യത്തിലും കലയിലും പ്രതിഫലിക്കുന്നതിനെ കുറിച്ചായിരുന്നു സെമിനാർ. കൃഷ്ണസങ്കൽപവും ക്രിസ്തീയതയും, കൃഷ്ണസങ്കൽപം കേരളീയ സംഗീതത്തിൽ, കൃഷ്ണസങ്കൽപം നാടോടിപാട്ടുകളിൽ, കൃഷ്ണ സങ്കൽപ്പം കേരളീയ  സാംസ്‌കാരിക ചരിത്രത്തിൽ, കൃഷ്ണസങ്കൽപം വിഗ്രഹ നിർമ്മാണത്തിൽ, കേരളത്തിലെ ചില കൃഷ്ണവിഗ്രഹങ്ങളുടെ സവിശേഷതകൾ, ആദിശങ്കരാചാര്യനും കൃഷ്ണാരാധനയും, കൃഷ്ണാരാധന വൈദികപാരമ്പര്യത്തിൽ, കൃഷ്ണസങ്കൽപം മലയാളകാവ്യങ്ങളിൽ, കേരളത്തിലെ വൈഷ്ണവ സിദ്ധന്മാർ എന്നിങ്ങനെ പോയി സെമിനാറിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങൾ. ഇടതുപക്ഷ സഹയാത്രികനായ ഡോ. എൻ. ആർ ഗ്രാമപ്രകാശടക്കമുള്ളവർ ഒരു സെഷനിൽ അധ്യക്ഷത വഹിച്ചു എന്ന് എടുത്തു പറയണം. ഡോ. ടി. പവിത്രന്റെ പേരും നോട്ടീസിൽ കണ്ടു. തീർച്ചയായും ഇതെല്ലാം കേവലം അക്കാദമിക് പരിപാടിയാണെന്നു വ്യാഖ്യാനിക്കുന്നവരുണ്ടാകാം. എന്നാൽ മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. മാത്രമല്ല, അടുത്തകാലം വരെ കേരളത്തിന് അന്യമായിരുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളും ബാലഗോകുലവും സിപിഎമ്മിന്റെ ബദൽ ആഘോഷങ്ങളുമൊക്കെ നമ്മുടെ തെരുവുകളെ ഇളക്കിമറക്കിക്കുന്ന കാലഘട്ടത്തിൽ. 
അനന്തമായ വൈവിധ്യങ്ങളാണ് ഇന്ത്യയുടെ മുഖമുദ്ര എന്നത് വ്യക്തമാണ്. വിശ്വാസത്തിന്റേയും ആരാധനയുടേയും മേഖലകളും അങ്ങനെതന്നെ. അവയെല്ലാം ഇല്ലാതാക്കി ഏകീകൃതമാക്കാനുള്ള നീക്കങ്ങളാണ് സമകാലിക ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ  കാതൽ. പ്രധാനമായും ശിവനെ ആരാധിക്കുന്ന മലയാളികളുടെ മനസ്സിൽ രാമനേയും കൃഷ്ണനേയുമൊക്കെ  പ്രതിഷ്ഠിക്കുന്നതിന്റെ ലക്ഷ്യം വളരെ വ്യക്തമാണ്. മലയാളത്തിലെ വൈഷ്ണവസാഹിത്യവും ആരാധനാ സമ്പ്രദായങ്ങളും ഇവിടുത്തെ ജാതീയ ഉച്ചനീചത്വങ്ങളെ അരക്കിട്ടുറപ്പിച്ചിട്ടേയുള്ളൂ.  അതിനെ ഭക്തിയുടേയും വിഭക്തിയുടേയും കഥകൾ പറഞ്ഞ് മനോഹരമാക്കുവാൻ ശ്രമിക്കുന്നവർ അറിഞ്ഞോ അറിയാതെയോ ചെയ്യുന്നത് ബ്രാഹ്മണ്യസേവ തന്നെ. ചുരുങ്ങിയത് കൊസാമ്പിയെയെങ്കിലും വായിച്ചവർ അതിനു കൂട്ടുനിൽക്കില്ല. ഇത് കേവലം ഗവേഷണമാണെന്ന വാദവും വിശ്വസിക്കാനാവില്ല.  ആരാണ് ശ്രീകൃഷ്ണൻ? ആ മിത്തിന്റെ ഉൽപ്പത്തി എന്നാണ്? എവിടെ നിന്നാണ്? ഏത് സാഹചര്യത്തിൽ ഏത് കാലത്തിലാണ് അത് സംഭവിച്ചത്? പറയപ്പെടുന്നതു പോലെ ശ്രീകൃഷ്ണൻ എന്ന ഏക വ്യക്തി ജീവിച്ചിരുന്നോ? അതോ നിരവധി മിത്തുകളുടെ സമന്വയമായിരുന്നോ? അദ്ദേഹം 'ഭഗവാൻ' ആയിരുന്നോ? എന്നെല്ലാം  വസ്തുതകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിൽ അന്വേഷിച്ചാൽ അത് ഗവേഷണമാണ് എന്ന് അവകാശപ്പെടാം. അതിനു പകരം ഭക്തിസാഹിത്യത്തെ ഗവേഷണം എന്നു പറയുന്നത് ശരിയല്ല. പ്രത്യകിച്ച് അതിന്റെ രാഷ്ട്രീയ ഉള്ളടക്കം പകൽപോലെ വ്യക്തമാകുമ്പോൾ. അത് ബീഫ് ഫ്രൈ ഉള്ളിക്കറിയാണ് എന്ന് പറയുന്ന പോലെയാണ്. അതിനാൽ തന്നെ അപകടകരവുമാണ്. 

Latest News