Sorry, you need to enable JavaScript to visit this website.
Monday , September   28, 2020
Monday , September   28, 2020

ഗവർണറുടെ സങ്കീർത്തനങ്ങളും സി.പി.എമ്മിന്റെ സങ്കോചങ്ങളും

മുൻ ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന്റെ പ്രതികരണത്തിനു ശേഷമെങ്കിലും പുതിയ കേരള ഗവർണർ സംയമനം പാലിക്കുമെന്ന് പ്രതീക്ഷിച്ചവർക്കു തെറ്റി. തന്റെ മുൻഗാമി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. തനിക്ക് തന്റേതായ അഭിപ്രായവും - ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചതങ്ങനെയാണ്. 
വ്യക്തിപരമായ അഭിപ്രായങ്ങളോട് പ്രതികരിക്കാറില്ലെന്നുകൂടി പറഞ്ഞ അദ്ദേഹം പാർലമെന്റ് പാസാക്കിയ നിയമത്തെ സർക്കാർ എതിർക്കുന്നത് നിയമപരമല്ലെന്ന് ആവർത്തിച്ചു. നിയമത്തിനും ഭരണഘടനയ്ക്കുംവേണ്ടി നിലകൊള്ളേണ്ടത് തന്റെ കടമയാണെന്നും വാദിച്ചു. 
സുപ്രിംകോടതിയിൽ ചീഫ് ജസ്റ്റിസ് ആയിരുന്ന, അഞ്ചുവർഷം കേരളത്തിൽ ഗവർണറായിരുന്ന പി. സദാശിവത്തിന് ഭരണഘടനയും നിയമവും ഒന്ന്, ആരിഫ് മുഹമ്മദ് ഖാന് മറ്റൊന്ന്. തന്റെ നിലപാടിനെ ഗവർണർ ഇപ്പോൾ അങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്.   
രാഷ്ട്രപതി, ചീഫ് ജസ്റ്റിസ്, ഗവർണർ തുടങ്ങിയ ഭരണഘടനാ പദവിയിലിരിക്കുന്നവർ പത്രസമ്മേളനം നടത്താറില്ല എന്നാണ് ജസ്റ്റിസ് സദാശിവം ഓർമ്മിപ്പിച്ചത്. മാധ്യമങ്ങളിലൂടെ പഴയ രാഷ്ട്രീയക്കാരനെപ്പോലെ ഗവർണറായി തുടരാനാണ് ആരിഫ് ഖാന്റെ നിശ്ചയമെന്നു വ്യക്തം. നിയമസഭയിൽ ചെയ്യേണ്ട നയപ്രഖ്യാപന പ്രസംഗം കണ്ടിട്ടില്ല. കണ്ടാൽ പ്രതികരിക്കാം എന്ന മാധ്യമപ്രവർത്തകരോടുള്ള അടുത്ത മറുപടിയും അതു വ്യക്തമാക്കുന്നു. 
പിന്നീട് രാഷ്ട്രപതിയായ വി.വി ഗിരിയെപോലുള്ള ഇരുപത്തൊന്നു ഗവർണർമാർ കേരളത്തിന്റെ രാജ്ഭവനിൽ ഭരണഘടനാ ചുമതല നിർവ്വഹിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാറിനെ അറിയിക്കാനുള്ള ഔദ്യോഗിക പോസ്റ്റോഫീസായോ ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറിനെ നിയമത്തിന്റെയും ഭരണഘടനയുടെയും കാര്യത്തിൽ നേർവഴിക്കു നയിക്കാനുള്ള ദുർഗുണപരിഹാര പാഠശാലയോ ആയി അവരാരും രാജ്ഭവനെ തരംതാഴ്ത്തിയിട്ടില്ല. സർക്കാറിനെതിരായ തരംതാണ നിലപാടുകൾ തുടർന്നാൽ ഗവർണറെ നേർവഴിക്കു നടത്തിക്കാനറിയാമെന്ന് ഭരണകക്ഷിയുടെ വക്താവിനെക്കൊണ്ട് പറയിപ്പിച്ചിട്ടുമില്ല. 
ജനുവരി 29ന് നിയമസഭ ചേരുകയാണ്. കീഴ് വഴക്കമനുസരിച്ച് സർക്കാറിന്റെ നയപ്രഖ്യാപനപ്രസംഗം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വായിക്കണം. പൗരത്വനിയമം സംബന്ധിച്ച്  സർക്കാറിനുള്ള വിയോജിപ്പ് പ്രസംഗത്തിലുണ്ടാകുമെന്നതു സ്വാഭാവികം. പൗരത്വബില്ലിനുവേണ്ടി ഊണിലും ഉറക്കത്തിലും വാദിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിസഭ അംഗീകരിച്ച പ്രസംഗഭാഗം സഭയിൽ വായിക്കുമോ. രാജാവിനേക്കാൾ രാജഭക്തികാട്ടി സംസ്ഥാന സർക്കാറിന്റെ നിലപാടിനെതിരെ തന്റെ നിലപാടുകൂടി പ്രസംഗ ഭാഗമാക്കുമോ തുടങ്ങിയ ആശങ്കകൾ മാധ്യമങ്ങൾ പങ്കുവെക്കുന്നുണ്ട്. കേന്ദ്രത്തെ  വിമർശിക്കുന്ന ചില പ്രസംഗഭാഗങ്ങൾ ഗവർണർ ജസ്റ്റിസ് സദാശിവംതന്നെ ഒരിക്കൽ വായിക്കാതെ വിട്ടിട്ടുണ്ട്. ബംഗാളിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. 
എന്നാൽ തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിന്റെ നയത്തിൽ കേന്ദ്രം നോമിനേറ്റു ചെയ്തയച്ച ഗവർണറുടെ നയം കൂട്ടിച്ചേർത്ത അനുഭവം കേട്ടിട്ടില്ല. സംസ്ഥാനത്തെ ഭരണഘടനാ തലവൻ അത്രത്തോളം വളയംവിട്ടു ചാടുമോ എന്ന് കാണാനിരിക്കുന്നു. 
സംസ്ഥാന സർക്കാറിന്റെ നയം ഗവർണർ  വായിച്ചാലും ഇല്ലെങ്കിലും അതൊന്നും ഗൗരവമുള്ള കാര്യമല്ല. സർക്കാർനയം നിയമസഭയുടെ രേഖകളിൽ അതേപടി രേഖപ്പെടുത്തും, ജനങ്ങളുടെ പിന്തുണയുള്ളേടത്തോളം ആ നയങ്ങളുമായി സർക്കാറിനു മുന്നോട്ടുപോകാനും കഴിയും.  കേന്ദ്രത്തിന്റെ ഭരണഘടനാ പ്രതിനിധിയെന്ന നിലയിലുള്ള ആദരം നിലനിർത്തണോ, കേന്ദ്ര സർക്കാറിന്റെ രാഷ്ട്രീയ ചട്ടുകമായി ഗവർണർ തരംതാണുകൂടെന്ന സുപ്രിംകോടതിയുടെ വിമർശം സ്വയം ഏറ്റുവാങ്ങണമോ എന്നത് നാലുദിവസത്തിനകം ബഹുമാനപ്പെട്ട ഗവർണർക്ക് തീരുമാനിക്കാം. പതിവില്ലാത്തവിധം കേരളം മാത്രമല്ല ഇന്ദ്രപ്രസ്ഥവും ഗവർണറുടെ പ്രസംഗ വായനയ്ക്കായിരിക്കും കണ്ണുംകാതും കേന്ദ്രീകരിക്കുക. സുപ്രിംകോടതി വിധിയനുസരിച്ച് എറണാകുളം മരടിൽ  ഫഌറ്റ് സമുച്ചയങ്ങൾ തകർക്കുന്നത് വീക്ഷിച്ച ഉദ്വേഗത്തോടെ.
മുൻ ഗവർണർ സദാശിവം ചൂണ്ടിക്കാണിച്ചതുപോലെ ദൈനംദിന ഭരണകാര്യങ്ങളൊഴിച്ച് പ്രധാനപ്പെട്ട കാര്യങ്ങൾ ഗവർണറെ അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ട്. ആ ഔചിത്യം പാലിക്കാതെ പോയിട്ടുണ്ടെങ്കിൽ തിരുത്തേണ്ടത് മുഖ്യമന്ത്രിയുടെയും ഗവണ്മെന്റിന്റെയും ചുമതലയാണ്. എന്നാൽ മുഖ്യമന്ത്രിയോ സർക്കാർ പ്രതിനിധിയോ ഓരോ വിഷയവും തന്നെ വന്ന് അനുവാദം തേടിയേ ചെയ്തുകൂടൂ എന്ന വികാരമാണ് ഗവർണറെ ഭരിക്കുന്നത്.  അദ്ദേഹത്തിന്റെ പരസ്പര വിരുദ്ധമായ പ്രസ്താവനകൾ അതാണ് കാണിക്കുന്നത്. 
പോയവാരം ഒന്നിലേറെ തവണ അദ്ദേഹം ഡൽഹിക്കു പോയി. ഇതിനുമുമ്പ് ഭീഷണിപ്പെടുത്തിയപോലെ റിപ്പോർട്ടുകൾ ആഭ്യന്തരവകുപ്പിൽ എത്തിക്കാൻ യാത്ര നടത്തേണ്ട കാര്യമില്ല. പാർലമെന്റിലെ മുതിർന്ന പ്രതിനിധികൾ തന്റെ നിലപാട് ശരിവെച്ചെന്ന് അദ്ദേഹംതന്നെ പറയുന്നുണ്ട്. 
ആഭ്യന്തര മന്ത്രാലയത്തിലേയോ പ്രധാനമന്ത്രിയുടെ ഓഫീസിലേയോ പ്രമുഖരുടെ അഭിപ്രായവും ഉപദേശവുംകൂടി തേടിയിട്ടുണ്ടോയെന്നറിയില്ല.  ഭരണഘടനാപരമായ ഉപദേശം തേടാൻ ഗവർണ്ണർ അവിടെ പോകേണ്ട കാര്യമില്ല. തേടിയതും ലഭിച്ചതും രാഷ്ട്രീയ മാർഗനിർദ്ദേശമാകും. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം സംബന്ധിച്ച ബിൽ അടക്കമുള്ള രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ടാകാം.  
ഇപ്പോൾതന്നെ വാർഡ് വിഭജനം സംബന്ധിച്ച് ഓർഡിനൻസ് ഇറക്കാനായിരുന്നു ഗവണ്മെന്റ് തീരുമാനിച്ചത്.  ഓർഡിനൻസ് വെച്ചുതാമസിപ്പിച്ചതിനെ തുടർന്ന് ബിൽ നിയമസഭയിൽ പാസാക്കാൻ തീരുമാനിച്ചതാണ്. എങ്കിലും ഗവർണറുടെ അനുമതി ബില്ലിനു ലഭിക്കേണ്ടതുണ്ട്. ബില്ലും ഗവർണർക്ക് തിരിച്ചയക്കാം. വീണ്ടും മന്ത്രിസഭ ഗവർണർക്കയച്ചാൽ ഒപ്പുവെച്ചേ തീരൂ. കാലതാമസം വരുത്തിയാൽ തെരഞ്ഞെടുപ്പ് ഉദ്ദേശിച്ച സമയത്ത് നടത്താനാവില്ല.
രാഷ്ട്രപതി ഒപ്പിട്ട നിയമത്തെ എതിർത്തുകൂടാ എന്നുപറയുന്ന ഗവർണർ സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തെ ചോദ്യംചെയ്തു. നിയമസഭയുടെ  ഭരണഘടനാനുസൃത പ്രവർത്തനങ്ങളിൽ ഇടപെട്ടു. കേരളത്തിൽ അധികാരസ്ഥാനങ്ങൾ ദുരുപയോഗപ്പെടുത്തുകയാണെന്ന് കുറ്റപ്പെടുത്തി. സർക്കാറിന്റെയും നിയമസഭയുടെയും പ്രവർത്തനങ്ങളെ ഗവർണർ തെരുവുചർച്ചകൾക്ക് വലിച്ചിഴച്ചു. സുപ്രിംകോടതിയെ സമീപിച്ചതുപോലും ചോദ്യംചെയ്യുന്നു. അതേസമയം ഇത്തരം വിഷയങ്ങൾ തെരുവിൽ ചർച്ചചെയ്യുകയല്ല കോടതികളെ സമീപിക്കുകയാണെന്നു പറയുകയും ചെയ്യുന്നു. പരസ്പരവിരുദ്ധമാണ് ഇതിനകം ഗവർണർ എടുത്ത നിലപാടുകൾ.  
ആരിഫ് മുഹമ്മദ് ഖാന്റെ രാജ്ഭവനിലേക്കുള്ള വരവോടെ കേരളത്തിൽ ബി.ജെ.പിയുടെ ഇടപെടലുകളും സമരങ്ങളും പിന്നോക്കം പോയതായി കാണാം. ശബരിമല സമരവും തെരഞ്ഞെടുപ്പും സംസ്ഥാന ഗവണ്മെന്റിനെതിരായ നിരന്തര പ്രക്ഷോഭവുമായി ബി.ജെ.പി ഇവിടെ കളംനിറഞ്ഞു നിന്നിരുന്നു. സംസ്ഥാന പ്രസിഡന്റിനെ നിയമിക്കാത്തതും ഈ പ്രതിഭാസത്തെ സഹായിച്ചിട്ടുണ്ട്. പൗരത്വ വിഷയത്തിൽ സർക്കാറും പ്രതിപക്ഷവും യോജിച്ച് സമരരംഗത്ത് ഇറങ്ങുകകൂടി ചെയ്തതോടെ ബി.ജെ.പിയുടെ സാന്നിധ്യം ഏറെ കുറഞ്ഞു. ആ പോരായ്മ ഗവർണർ ആരിഫ് ഖാൻ നികത്താൻ ശ്രമിക്കുന്നു എന്നുപറഞ്ഞാൽ തെറ്റാവില്ല. ഭരണഘടനയുടെ പേരിലാണെങ്കിലും ഇപ്പോൾ പ്രതിപക്ഷ നേതാവിനെപ്പോലെയാണ് ഗവർണർ സംസ്ഥാനം നിറഞ്ഞുനിൽക്കാൻ ശ്രമിക്കുന്നത്. 
ഗവർണർ ഭരണഘടനാ പ്രശ്‌നത്തിന്റെ പേരിൽ ഉയർത്തുന്ന രാഷ്ട്രീയ വിവാദത്തിനു പിറകെയാണ് മാവോയിസ്റ്റ് വിവാദം മുഖ്യമന്ത്രിയേയും സി.പി.എമ്മിനെയും വീണ്ടും പിടികൂടിയിരിക്കുന്നത്. കോഴിക്കോട്ടെ വിദ്യാർഥികളും സി.പി.എം പ്രവർത്തകരുമായ അലൻ, താഹ എന്നിവരെ കഴിഞ്ഞ നവംബറിൽ യു.എ.പി.എ കരിനിയമം ഉപയോഗിച്ച് അറസ്റ്റുചെയ്ത് ജയിലിലടച്ചത് ഏറെ വിവാദമായിരുന്നു.   സി.പി.എം കുടുംബങ്ങളിൽനിന്നുവരുന്ന രണ്ടുപേർക്കുമെതിരെ യു.എ.പി.എ നിയമം ചുമത്തിയത് കോഴിക്കോട്ടെ പാർട്ടിയിലെ വലിയൊരു വിഭാഗവും സി.പി.എമ്മിന്റെ സംസ്ഥാന- കേന്ദ്ര നേതാക്കളും വിമർശിച്ചിരുന്നു. അവരെ പൊലീസ് നടപടിക്രമങ്ങൾക്കുശേഷം മോചിപ്പിക്കുമെന്ന് മുഖ്യമന്ത്രി ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നു. 
മുഖ്യമന്ത്രി നിലപാട് മാറ്റി. അവർ മാവോവാദികളാണെന്ന നിലപാടെടുത്തു. അലനും താഹയും കുഞ്ഞാടുകളല്ലെന്നും ചായകുടിക്കാൻ പോയതല്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. തുടർന്ന് ഇവർക്കു നിയമസഹായം നൽകുന്നതടക്കമുള്ള പ്രവർത്തനങ്ങളിൽനിന്ന് സി.പി.എം പിന്മാറി. മുഖ്യമന്ത്രിയേയും പാർട്ടിയേയും തള്ളിപ്പറഞ്ഞ്  അറസ്റ്റുചെയ്യപ്പെട്ട യുവാക്കളും അവരുടെ കുടുംബവും രംഗത്തുവന്നു. സംസ്ഥാനത്തുനിന്നാകെ യുവാക്കൾക്ക് വ്യാപകമായ പിന്തുണകിട്ടി. ഇതിനകം ഈ കേസ് എൻ.ഐ.എ ഏറ്റെടുത്തു.  തങ്ങൾ മുഖ്യമന്ത്രിയെ അധികാരത്തിലേറ്റിയ തെരഞ്ഞെടുപ്പിലെ പാർട്ടി ഏജന്റുമാരായിരുന്നെന്നും മാവോവാദികളാണെന്നതിന്റെ തെളിവുകൾ മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. വ്യാഴാഴ്ച പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ഉപനേതാവ് മുനീറും ഇരുവരുടെയും വീട് സന്ദർശിച്ച് യു.എ.പി.എ നിയമത്തിൽ അറസ്റ്റുചെയ്തതിന്റെ തെളിവ് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടു. 
മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും മുഖം രക്ഷിക്കാൻ തുടർന്ന് പത്രസമ്മേളനം നടത്തിയ സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനൻ ജയിലിൽ കഴിയുന്ന രണ്ടുപേരും ഇപ്പോഴും പാർട്ടിയംഗങ്ങളാണെന്ന് വാദിച്ചു. മാവോയിസ്റ്റെന്ന് മുഖ്യമന്ത്രി പറഞ്ഞത് പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നും. 
യു.എ.പി.എ നിയമം പാർട്ടിയംഗങ്ങൾക്കെതിരെ പോലും ഉപയോഗിക്കുന്നതിലും അവരെ മാവോവാദികളായി കുറ്റപ്പെടുത്തുന്നതിലും സി.പി.എമ്മിൽ പൊതുവെയും കോഴിക്കോട്ട് വിശേഷിച്ചും വ്യാപകമായ എതിർപ്പും രോഷവുമുണ്ട്. പാർട്ടി അനുഭാവികൾ പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ളവർ അകന്നുപോകുന്നതും ജില്ലാ നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട്. 
ഈ പശ്ചാത്തലത്തിലാണ് പി മോഹനൻ പത്രസമ്മേളനം നടത്തിയത്. അലനും താഹയും മാവോവാദികളല്ല. ചില സ്വാധീനങ്ങളിൽപെട്ടു പോയിരിക്കാം. ജയിലിലായതുകൊണ്ട് അവരുടെ ഭാഗം കേൾക്കാനും അന്വേഷണം പൂർത്തിയാക്കാനും കഴിഞ്ഞിട്ടില്ല.  അതുകൊണ്ട് അവരിപ്പോഴും പാർട്ടിയംഗങ്ങൾ തന്നെയാണ്. അഥവാ മാവോവാദികളായാലും യു.എ.പി.എ ചുമത്തേണ്ടതില്ല.
പി മോഹനന്റെ മലക്കംമറിച്ചിലിനെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത് മുഖ്യമന്ത്രിയെ ജില്ലാ സെക്രട്ടറി തള്ളിപ്പറയുന്നു എന്ന് വാർത്ത നൽകിയാണ്. തുടർന്ന് പത്രക്കുറിപ്പിറക്കിയ മോഹനൻ  മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പൊലീസ് നിലപാടാണ് പറഞ്ഞതെന്നും വിശദീകരിച്ചു. 
അതിനെതിരെ ഡി.വൈ.എഫ്.ഐയുടെ ദേശീയ അധ്യക്ഷൻ മുഹമ്മദ് റിയാസ് ചാനലുകളിൽ വന്നു. അലനും താഹയും മാവോവാദികൾതന്നെയാണെന്ന് വാദിച്ചു. 
വെള്ളിയാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിനെ ഏകോപിപ്പിക്കുന്ന എം.വി ഗോവിന്ദൻ മാസ്റ്റർ പി മോഹനന്റെ പ്രസ്താവനയെ തള്ളി. അലനും താഹയും പാർട്ടിയംഗങ്ങളല്ലെന്നും മാവോവാദികളാണെന്നും പറഞ്ഞു. മാവോവാദികൾക്ക്   പാർട്ടിയിൽ തുടരാനാകില്ല. ബി.ജെ.പി നേതാക്കളുടെ സമ്മർദ്ദംകൊണ്ടാണ് യു.എ.പി.എ നിയമം ചുമത്തിയതെന്ന മോഹനന്റെ വാദവും തള്ളി.  പിണറായി വിജയൻ വിചാരിച്ചാൽ നടപ്പാക്കാനും നടപ്പാക്കാതിരിക്കാനും കഴിയുന്ന നിയമമല്ല യു.എ.പി.എ എന്ന് വ്യക്തമാക്കി. 
ഒരിക്കൽക്കൂടി വെളുക്കാൻ തേച്ചത് പാണ്ടായതിന്റെ മൗഢ്യത്തിലാണ് സി.പി.എം. ആശയപരമായും സംഘടനാപരമായും മാവോയിസ്റ്റ് പ്രശ്‌നത്തിലും യു.എ.പി.എ നിയമത്തോടുള്ള സമീപനത്തിലും സി.പി.എമ്മിന് കൃത്യവും വ്യക്തവുമായ നിലപാടെടുക്കാൻ കഴിയുന്നില്ല. അതിന്റെ വൈരുദ്ധ്യമാണ് അലൻ- താഹ പ്രശ്‌നം പാർട്ടിയെ കൂടുതൽ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്.
 

Latest News