Sorry, you need to enable JavaScript to visit this website.

ഗവർണറെ മാറ്റണമെന്ന പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം, സ്വാഗതം ചെയ്യുന്നുവെന്ന് മുഹമ്മദ് ഖാൻ

തിരുവനന്തപുരം- സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന ആവശ്യം പ്രമേയമായി നിയമസഭയിൽ അവതരിപ്പിക്കണമെന്ന് പ്രതിപക്ഷം. കേരള നിയമസഭയുടെ അന്തസിനെ തന്നെ ചോദ്യം ചെയ്യുന്ന ഗവർണറെ തിരിച്ച് വിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം സഭയിൽ അവതരിപ്പിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർ ശ്രീരാമകൃഷ്ണന് നോട്ടീസ് നൽകി. അതേസമയം, ഈ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നും പരാതിയുള്ളവർക്ക് രാഷ്ട്രപതിയെ സമീപിക്കാമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. 
നിയമസഭയുടെ ഭാഗമാണ് ഗവർണർ എന്നിരിക്കെ നിയമസഭാ നടപടിയെ വെല്ലുവിളിക്കുകയും നിയമസഭയുടെ അന്തസിനെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്ന നിലപാട് സ്വീകാര്യമല്ല. അതുകൊണ്ട് ഗവർണറെ തിരിച്ച് വിളിക്കാൻ രാഷ്ട്രപതി തയ്യാറാകണമെന്ന പ്രമേയം നിയസഭയിൽ അവതരിപ്പിച്ച് പാസാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. 
സംസ്ഥാന നിയമസഭ ഇതിന് മുമ്പും പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത പ്രശ്‌നമാണ് പൗരത്വ നിയമത്തിനെതിരായ പ്രമേയത്തിൽ ഗവർണർ സ്വീകരിക്കുന്നത്. നിയമസഭ പ്രമേയം പാസാക്കിയ നടപടി ചട്ടവിരുദ്ധവും തെറ്റുമാണെന്ന ഗവർണറുടെ നിലപാട് അനുചിതമാണ്. സ്പീക്കറുടെ അനുമതിയോടെയാണ് നിയമസഭ പ്രമേയം പരിഗണനക്ക് എടുത്തതും ഐക്യകണ്‌ഠേന പാസാക്കിയും. അത് കേരളത്തിലെ ജനങ്ങളുടെ വികാരമാണ്. കേരള നിയമസഭയുടെ ഭാഗമായ ഗവർണർ പ്രമേയത്തെ തള്ളിയും നിയമസഭാ നടപടിയെ അവഹേളിച്ചതും തെറ്റാണ്. അതൃപ്തിയുണ്ടെങ്കിൽ അത് ഗവർണർ സ്പീക്കറെ രേഖാമൂലം അറിയിക്കണമായിരുന്നു എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഭയമാണെന്നാണ് തോന്നുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയേയും സർക്കാരിനെയും ഇത്രമേൽ അവഹേളിച്ചിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് അത്ഭുതമാണ്. എന്നാൽ ഭരണഘടന അടിസ്ഥാനപ്പെടുത്തിയാണ് താൻ പ്രവർത്തിക്കുന്നതെന്നും അതനുസരിച്ച് സംസ്ഥാനത്തിന്റെ ഭരണത്തലവൻ ഗവർണറാണെന്നും സർക്കാരിനെ ഉപദേശിക്കുന്നതും താക്കീത് ചെയ്യുന്നതും ഭരണഘടന അനുസരിച്ചാണെന്നും ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു. 
 

Latest News