പിന്നോക്ക ജാതിക്കാരന്റെ വീട്ടിൽ അമിത് ഷാ ഭക്ഷണം കഴിച്ചുവെന്ന് ബി.ജെ.പി, തിരിച്ചടിച്ച് സാമൂഹ്യമാധ്യമങ്ങൾ

ന്യൂദൽഹി- ദൽഹി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പിന്നോക്ക ജാതിക്കാരന്റെ വീട്ടിലെത്തി അമിത് ഷാ ഭക്ഷണം കഴിച്ചുവെന്ന ബി.ജെ.പി പ്രചാരണം തിരിച്ചടിയായി. ദൽഹിയിലെ യമുന വിഹാറിലുള്ള മനോജ് കുമാർ എന്നയാളുടെ വീട്ടിൽ വെള്ളിയാഴ്ച രാത്രിയാണ് അമിത് ഷായും സംഘവും എത്തിയത്. മാധ്യമപ്രവർത്തകരെയടക്കം വീടിനുള്ളിൽ പ്രവേശിപ്പിച്ചുകൊണ്ടായിരുന്നു അമിത് ഷായുടേയും മനോജ് തിവാരിയും ഇവിടെനിന്ന് ഭക്ഷണം കഴിച്ചത്. എന്നാൽ, 
പിന്നാക്ക വിഭാഗക്കാരനായ ഒരു ബി.ജെ.പി പ്രവർത്തകന്റെ വീട്ടിൽ എത്തി അമിത് ഷായും മനോജ് തിവാരിയും ഭക്ഷണം കഴിച്ചെന്നായിരുന്നു ബി.ജെ.പി തന്നെ നൽകിയ വാർത്ത. ഉയർന്ന ജാതിക്കാരനായ അമിത് ഷാ ഒരു പിന്നാക്ക വിഭാഗക്കാരന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചിരിക്കുന്നു എന്ന രീതിയിലായിരുന്നു ബി.ജെ.പിയുടെ ആഘോഷം. എന്നാൽ ഇതിനെതിരെ സോഷ്യൽമീഡിയയിൽ വിമർശനം ഉയർന്നു കഴിഞ്ഞു. ഒ.ബി.സിക്കാരനായ ഒരാളുടെ വീട്ടിലെത്തി അമിത് ഷാ ഭക്ഷണം കഴിച്ചുവെന്നതിലൂടെ എന്താണ് നിങ്ങൾ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതെന്നും ഇത് കൃത്യമായ ജാതിയതയല്ലേയെന്നുമുള്ള ചോദ്യമായിരുന്നു ഉയർന്നത്.

മനോജ് കുമാർ എന്ന ബി.ജെ.പിക്കാരന്റെ വീട്ടിലെത്തിയ അമിത് ഷായ്ക്ക് ഭക്ഷണം നൽകുന്നത് പുതിയ പാത്രത്തിലാണ്. വെള്ളം നൽകിയ ഗ്ലാസുകൾക്ക് മുകളിൽ പതിച്ച സ്റ്റിക്കൽ പോലും എടുത്തുമാറ്റിയിട്ടില്ലെന്നും ചിലർ ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസ് നേതാവ് ശശി തരൂരും ഇതിനെതിരെ രംഗത്തെത്തി.
 

Latest News