ന്യുദല്‍ഹി- ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളുടെ ഒത്താശയോടെ ജനക്കൂട്ടം ബീഫിന്റെ പേരില്‍ രാജ്യത്ത് പലയിടത്തും മനുഷ്യരെ അടിച്ചു കൊല്ലുന്നത് തുടരുന്നതിനിടെ ആശങ്കപടര്‍ത്തുന്ന മറ്റൊരാവശ്യവുമായി മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ബീഫ് സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാന്‍ വീടുകളില്‍ കയറി റെയ്ഡ് നടത്താന്‍ പോലീസിനെ അനുവദിക്കണമെന്നാണ് മഹാരാഷ്ട്രയുടെ ആവശ്യം. നേരത്തെ ഹൈക്കോടതി റദ്ദാക്കിയ മഹാരാഷ്ട്ര മൃഗ സംരക്ഷണ നിയമത്തിലെ 5 ഡി വകുപ്പ് പുനസ്ഥാപിക്കണമെന്നാണ് ആവശ്യം.
ഈ വകുപ്പ് പ്രകാരം വീടുകളില്‍ ബീഫ് സൂക്ഷിക്കുന്നത് കുറ്റകരമാണ്. സംശയിക്കപ്പെടുന്ന വീടുകളില്‍ ഏതു പോലീസുകാരനും അനുവാദമില്ലാതെ കയറി പരിശോധന നടത്താനും കഴിയും. ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ ഈ വകുപ്പ് കഴിഞ്ഞ വര്‍ഷമാണ് ബോംബെ ഹൈക്കോടതി റദ്ദാക്കിയത്. സ്വകാര്യത ഒരു മൗലികാവകാശമാണെന്ന തെറ്റായി വ്യാഖ്യാനച്ചാണ് ഹൈക്കോടതി ഈ നിയമ വകുപ്പ് റദ്ദാക്കിയതെന്ന് മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്തിലുള്ള ബിജെപി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച് ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും.
വീട്ടില്‍ നിന്ന് ബീഫ് പിടിക്കപ്പെട്ടാല്‍ അത് സൂക്ഷിച്ചയാള്‍ തന്നെ നിരപരാധിത്വം തെളിയിക്കേണ്ടതുണ്ടെന്ന ഈ നിയമത്തിലെ 9 ബി വകുപ്പും ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ലംഘനമാണിതെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.






