- സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമങ്ങൾ വർധിച്ചു
ചെന്നൈ - സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ രാജ്യത്ത് വർധിച്ചുവരുന്ന അതിക്രമങ്ങളിൽ സി.ഐ.ടി.യു 16ാമത് അഖിലേന്ത്യ സമ്മേളനം രോഷവും ഉത്കണ്ഠയും പ്രകടിപ്പിച്ചു. മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇത്തരം ആക്രമണങ്ങൾ വർദ്ധിക്കുകയാണ്. അതോടൊപ്പം സ്ത്രീകളോടുള്ള വേർതിരിവും ചൂഷണവും സമൂഹിക അടിച്ചമർത്തലും വർദ്ധിച്ചു. സത്രീകളെ രണ്ടാംകിട പൗരൻമാരായി കാണുന്ന സാമൂഹിക മാനോഭാവം നവലിബറലിസത്തിന് കീഴിൽ പാരമ്യത്തിലെത്തിയതായും സമ്മേളനം കുറ്റപ്പെടുത്തി.
രാജ്യത്തെ സ്ത്രീ തെഴിലാളികകൾക്ക് തുല്യവേതനവും അടിസ്ഥാന വേതനവും ഉറപ്പുവരുത്തുക, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളിൽ കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കക, പദ്ധതി തൊഴിലാളികളെ തൊഴിലാളികളായി അംഗീകരിക്കുക, തെരഞ്ഞെടുപ്പുകളിൽ സത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ലോക വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് ആറിന് ജയിൽ നിറക്കൽ സമരത്തിന് ആഹ്വാനം ചെയ്ത് സി.ഐ.ടി.യു 16ാമത് ദേശീയ സമ്മേളനം പ്രമേയം പാസാക്കിയതായി ദേശീയ പ്രസിഡന്റ് കെ.ഹേമലത മാധ്യമങ്ങളോട് പറഞ്ഞു.
പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ പ്രകാരം 2004 ൽ 41.6 ശതമാനമായിരുന്ന സത്രീകളുടെ തൊഴിൽ പങ്കാളിത്തം 2017-18 കാലത്ത് 22 ശതമാനമായി കുറഞ്ഞു. സ്ഥിരവരുമാനമുള്ള ജോലി സാധ്യതകൾ സ്ത്രീകൾക്ക് മുന്നിൽ ഇല്ലാതാവുകയാണ്. കൂടുതലും ലഭിക്കുന്നത് സമൂഹമോ സർക്കാരോ തൊഴിലായി അംഗീകരിക്കാത്ത ജോലികളാണ്. ഇന്ത്യയിൽ സ്ത്രീകൾ ചെയുന്ന 51 ശതമാനം ജേലികൾക്കും വരുമാനം ലഭിക്കുകയോ അവ സ്ഥിതിവിവര കണക്കുകളിൽ ഉൾപ്പെടുന്നതോ ഇല്ലെന്ന് യു.എൻ പഠനങ്ങൾ പറയുന്നു. ഇത് കൂടുതലും ഗാർഹിക ജോലികളും പരിചരണവുമാണ്. സ്ത്രീകളുടെ ഈ സംഭാവന സമ്പദ് വ്യവസ്ഥയുടെ ഭാഗമായി പരിഗണിക്കണമെന്നും തിരിച്ചറിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഇന്ത്യയിൽ ഒരേ തൊഴിൽ ചെയ്യുന്ന സ്ത്രീയുടെയും പുരുഷന്റേയും വരുമാനത്തിലെ അന്തരം ഗ്രാമീണ മേഖലകളിൽ 34 ശതമാനവും നഗര പ്രദേശത്ത് 19 ശതമാനവുമാണ്. വരുമാനത്തിലെ അന്തരം ഏറ്റവും കൂടുതലുമുള്ള രാജ്യം ഇന്ത്യയാണ്. രാജ്യത്തെ സ്ത്രീ തൊഴിലാളികൾ കൂടുതലും അസംഘടിത മേഖലയിലാണ്. അതുകൊണ്ട് തന്നെ ഇവർ പ്രസവാവധി പോലുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട് ചൂഷണത്തിന് ഇരകളാകുന്നു. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നു. തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ തടയുന്ന നിയമം ശക്തമായി നടപ്പിലാക്കുന്നതിന് സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ല. സത്രീകൾക്കും കുട്ടകൾക്കുമെതിരായ അതിക്രമങ്ങൾക്ക് സർക്കാർ നിലമൊരുക്കികൊടുക്കുകയാണ്. മനുസ്മൃതി ആധാര ഗ്രന്ഥമായി വിശ്വസിക്കുന്ന സംഘ്പരിവാരും ബി.ജെ.പിയടക്കമുള്ള അവരുടെ മറ്റു രൂപങ്ങളും സ്ഥിതി ഗുരുതരമാക്കുന്നതിന് കൂടുതൽ സംഭാവന നൽകുന്നു.
പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷമുപയോഗിച്ച് തൊഴിലാളി, ജനാധിപത്യ, ഭരണഘടന വിരുദ്ധ നിയമങ്ങൾ പാസാക്കുന്ന ബി.ജെ.പി സർക്കാർ ആ ഭൂരിപക്ഷം വനിതാ സംവരണ ബിൽ പാസാക്കുന്നതിനായി ഉപയോഗിക്കുന്നില്ല. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളിൽ കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യത്തിന് നേരെയുള്ള ഉദാരവത്കരണത്തിന്റെ ആക്രമണത്തിനെതിരേ രാജ്യത്ത് ഉയർന്നുവരുന്ന സ്ത്രീമുന്നേറ്റങ്ങളെ സമ്മേളനം അഭിനന്ദിച്ചു. അവകാശങ്ങൾക്കായി കൂടുതൽ സ്ത്രീകൾ രംഗത്തിറങ്ങുന്നതായിയും ജാതി മത ലിംഗ വ്യത്യാസമില്ലാതെ ഇത്തരം പോരാട്ടങ്ങളെ മുന്നിൽനിന്ന് നയിക്കാനുള്ള ഉത്തരവാദിത്തം രാജ്യത്തെ തൊഴിലാളി സംഘടനകൾക്കുണ്ടെന്നും സമ്മേളനം നിരീക്ഷിച്ചതായി കെ.ഹേമലത പറഞ്ഞു.
സമ്മേളനത്തിൽ ഇന്നലെ വിവിധ വിഷയങ്ങളിലായി നടന്ന ചർച്ചകളിൽ 41 പ്രതിനിധികൾ പങ്കെടുത്തു. കേരളത്തിൽനിന്ന് കെ.എൻ.ഗോപിനാഥ്, പി.പി.പ്രേമ, യു.പി.ജോസഫ്, സി.ഡി.നന്ദകുമാർ, ജയമോഹൻ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.






