Sorry, you need to enable JavaScript to visit this website.

വോട്ടര്‍ ഐ.ഡി ആധാറുമായി ബന്ധിപ്പിക്കുന്നു

ന്യൂദല്‍ഹി- തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വോട്ടേഴ്‌സ് ഐഡന്റിറ്റി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. കേന്ദ്ര നിയമ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഉടന്‍തന്നെ മന്ത്രിസഭ മുമ്പാകെ സമര്‍പ്പിക്കും.
വോട്ടര്‍ തിരിച്ചറിയല്‍ രേഖയെ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശം തെരഞ്ഞെടുപ്പു കമ്മീഷനാണ് മുന്നോട്ടുവെച്ചത്. ഒരാള്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ ഇടംപിടിക്കുന്നതും വോട്ടു ചെയ്യുന്നതും ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ ഇതുവഴി ഒഴിവാക്കാനാകുമെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. വോട്ടര്‍ ഐഡിയെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തണം. ഇതിനായുള്ള കരടാണ് നിയമ മന്ത്രാലയം തയാറാക്കുന്നത്. ബജറ്റ് സമ്മേളനം തുടങ്ങുന്ന ജനുവരി 31ന് മുമ്പ് കരട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കാബിനറ്റ് സമിതിക്കു മുന്നില്‍ സമര്‍പ്പിക്കാനാവുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പുതിയ വോട്ടര്‍മാര്‍ പേരു ചേര്‍ക്കുമ്പോള്‍ ആധാര്‍ വിവരങ്ങള്‍ കൂടി ആരായാന്‍ തെരഞ്ഞെടുപ്പു കമ്മീഷനെ അധികാരപ്പെടുത്തുന്നതാണ് ഭേദഗതി. നിലവിലുള്ള വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള വ്യവസ്ഥകളും ഭേദഗതിയിലുണ്ടാവും.
വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുന്നതിന് 2015ല്‍ കമ്മീഷന്‍ തുടക്കമിട്ട പദ്ധതിയില്‍ വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് 30 കോടി വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ കമ്മീഷന്‍ ശേഖരിക്കുകയും ചെയ്തു. എന്നാല്‍ ഭക്ഷ്യ പൊതുവിതരണം, പാചക വാതകം തുടങ്ങിയ ഏതാനും സര്‍വീസുകള്‍ക്കല്ലാതെ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധിയോടെ കമ്മീഷന്‍ ഈ പദ്ധതി നിര്‍ത്തിവെക്കുകയായിരുന്നു. നിയമഭേദഗതിയില്ലാതെ ഇതു മുന്നോട്ടുകൊണ്ടുപോവാനാവില്ലെന്ന് വ്യക്തമാക്കി കമ്മീഷന്‍ നിയമമന്ത്രാലയത്തിന് കത്ത് എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

 

Latest News