Sorry, you need to enable JavaScript to visit this website.

കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: കേരള കോൺഗ്രസ് പോരിന്  വീണ്ടും വേദിയൊരുങ്ങുന്നു 

കോട്ടയം- കുട്ടനാട്ടിൽ സ്ഥാനാർഥിയെ നിർദേശിച്ച് ജോസഫ് വിഭാഗവും ഈ നീക്കത്തെ എതിർത്ത് ജോസ് വിഭാഗവും രംഗത്ത് വന്നതോടെ മറ്റൊരു കേരള കോൺഗ്രസ് രാഷ്ടീയ തർക്കത്തിന് വീണ്ടും തിരശീല ഉയർന്നു. 
കുട്ടനാട് സീറ്റിൽ കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് ഏബ്രഹാം തന്നെ ഇത്തവണയും ആകുമെന്നാണ് പി.ജെ.ജോസഫ് പറയുന്നത്. ഒരു സ്ഥാനാർഥിയെ യു.ഡി.എഫിന് ഉണ്ടാകൂവെന്നും മറുവിഭാഗത്തിന്റെ സ്ഥാനാർഥി യു.ഡി.എഫിന്റേതായിരിക്കില്ലെന്നും അദ്ദേഹം കോട്ടയത്തു ചേർന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാനേതൃയോഗത്തിൽ പറഞ്ഞു.
ജോസ് കെ.മാണി പക്ഷത്ത് സ്ഥാനാർഥി നിർണയ ചർച്ചകൾ നടക്കുന്നതിനിടെയാണ് സ്ഥാനാർഥിയെ നിശ്ചയിച്ച് ജോസഫ് വിഭാഗം കരുക്കൾ നീക്കുന്നത്. കുട്ടനാട് സീറ്റിൽ കഴിഞ്ഞ തവണ മൽസരിച്ച ജേക്കബ് ഏബ്രഹാം തന്നെയാകുമെന്ന് പി.ജെ.ജോസഫ് തറപ്പിച്ചു വ്യക്തമാക്കി. ഇക്കാര്യത്തിൽ ഏതു രീതിയിൽ തർക്കമുണ്ടാകുമെന്ന് പിന്നീടറിയാം.


കഴിഞ്ഞ തവണയും നെൽകർഷക യൂനിയന്റെ പേരിൽ ജോസ് വിഭാഗം സ്ഥാനാർഥിയെ നിർത്തിയിരുന്നു. 54 വർഷമായി കൈയിലുണ്ടായിരുന്ന സീറ്റ് നശിപ്പിച്ചവരാണ് തനിക്കെതിരെ വിമർശനം ഉന്നയിക്കുന്നതെന്നും ജോസഫ് ആക്ഷേപം ഉന്നയിച്ചു. കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ല. ഘടകകക്ഷികളുടെ സീറ്റ് ഏങ്ങിനെയാണ് കോൺഗ്രസ് ഏറ്റെടുക്കുന്നതെന്നും ജോസഫ് ചോദിച്ചു. മുഖ പത്രമായ പ്രതിഛായയിൽ തനിക്കെതിരെ വന്ന ലേഖനത്തിന് മറുപടി അർഹിക്കുന്നില്ലെന്നും പി.ജെ പറഞ്ഞു.
തോമസ് ചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് ഒഴിവു വന്ന കുട്ടനാട് സീറ്റിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ ആരംഭിച്ചിട്ടില്ല എന്നായിരുന്നു യു.ഡി.എഫ് നേതാക്കൾ വ്യക്തമാക്കിയത്. എന്നാൽ സീറ്റിൽ പിടിമുറുക്കി കേരള കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്ത് എത്തുകയായിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിന്റെ പേരിനു മുൻതൂക്കം നൽകുന്നുവെന്നും, ജയസാധ്യതയുണ്ടെന്നും പി.ജെ.ജോസഫ് വ്യക്തമാക്കി.


ഇക്കാര്യത്തിൽ തർക്കം ഉണ്ടാകില്ലെന്നും സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ലെന്നും ജോസഫ് പറഞ്ഞു. യു.ഡി.എഫിന് ഒരു സ്ഥാനാർഥിയെ ഉണ്ടാകു. ജോസ് പക്ഷം സ്ഥാനാർഥിയെ നിർത്തിയാൽ കഴിഞ്ഞ തവണ നെൽകർഷക യൂനിയൻ നേതാവ് മത്സരിച്ച ഗതിയാകും വരികയെന്നും ജോസഫ് വ്യക്തമാക്കി. 
കുട്ടനാട്ടിൽ നേതാക്കൾ പ്രസംഗിക്കാൻ എത്തിയാൽ പാലാ മോഡൽ കൂക്കിവിളി ഉണ്ടാകില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ യു.ഡി.എഫ് ധാരണ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പി.ജെ.ജോസഫ് പറഞ്ഞു. ചരൽകുന്നിൽ നടന്ന നേതൃ ക്യാമ്പിൽ ജോസ് വിഭാഗം കുട്ടനാട് സ്ഥാനാർഥി നിർണയത്തിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു. പിന്നാലെയാണ് പി.ജെ.ജോസഫിന്റെ പുതിയ നീക്കം
 അതിനിടെ കേരളാ കോൺഗ്രസ് (എം) ചെയർമാനായിരുന്ന കെ.എം.മാണിയുടെ 87  ജന്മദിനത്തിന്റെ ഭാഗമായി 14 ജില്ലകളിലും  കെ.എം.മാണി ജയന്തി സമ്മേളനങ്ങൾ നടത്താൻ കോട്ടയത്ത് ചേർന്ന ജോസഫ് വിഭാഗം സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.            


കുട്ടനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ പി.ജെ.ജോസഫിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലയെന്ന് ജോസ് പക്ഷത്തെ ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് അറിയിച്ചു. പി.ജെ.ജോസഫിന്റെ പ്രസ്താവനയിൽ ഉപയോഗിച്ചിരിക്കുന്ന പട്ടികൾ കുരച്ചുകൊണ്ടേ ഇരിക്കും എന്ന ഉപമ ആർക്കാണ് ചേരുന്നത് എന്ന് ജനത്തിന് നന്നായി അറിയാം. ജോസഫിന്റെ ജൽപനങ്ങളിൽനിന്ന് അദ്ദേഹത്തിന് സമനില തെറ്റിയിരിക്കുന്നു എന്നാണ് മനസ്സിലാകുന്നത്.  മൂവാറ്റുപുഴ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ കെട്ടിവെച്ച കാശ് കിട്ടാഞ്ഞ സ്വന്തം അനുഭവം പി.ജെ ജോസഫിനെ ഇപ്പോഴും വേട്ടയാടുന്നു എന്നാണ് തോന്നുന്നത്. കുട്ടനാട് സീറ്റ് കേരളാ കോൺഗ്രസ് (എം) ന്അവകാശപ്പെട്ടതാണ്. അവിടെ പാർട്ടി ചെയർമാൻ ജോസ് കെ.മാണി എം.പി പ്രഖ്യാപിക്കുന്ന സ്ഥാനാർഥി തന്നെ യു.ഡി.എഫിന് വേണ്ടി മത്സരിക്കും. 2011 ൽ കേരളാ കോൺഗ്രസ്സ് (എം) മത്സരിച്ച എല്ലാ സീറ്റുകളിലും വരുന്ന തെരെഞ്ഞെടുപ്പിൽ ജോസ് കെ.മാണി തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും അവരെല്ലാം രണ്ടില ചിഹ്നത്തിൽ മത്സരിക്കുമെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.


 

Latest News