റിയാദ് - രാജ്യത്ത് സാമൂഹിക, സാമ്പത്തിക മേഖലകളിൽ പടർന്നുപിടിച്ച കാൻസറല്ല വിദേശ തൊഴിലാളികളെന്നും മറിച്ച് അവർ വികസന പങ്കാളികളാണെന്നും ശൂറാ കൗൺസിൽ അംഗം ഡോ. മുഹമ്മദ് ബിൻ അബ്ദുല്ല ആലുഅബ്ബാസ് പറഞ്ഞു.
ഈ രാജ്യത്തെ കാർന്നുതിന്നുന്ന കാൻസറാണ് വിദേശികളെന്ന് ചിലർ പറയുന്നു. നിർമാണ, വികസന മേഖലകളിൽ നിസ്തുല പങ്കുകൾ വഹിക്കുന്നവരാണ് വിദേശികൾ. വിദഗ്ധരായ വിദേശ തൊഴിലാളികളെ രാജ്യത്തിന് ഇപ്പോഴും ആവശ്യമുണ്ട്.
വിദേശികൾക്കു വേണ്ടിയല്ല താൻ സംസാരിക്കുന്നതെന്നും എന്നാൽ സന്തുലനത്തോടെയാണ് സംസാരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിദേശ തൊഴിലാളികളെ മോശക്കാരായി കാണാനും ചിത്രീകരിക്കാനും പാടില്ല. സൗദി സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ച കൈവരിച്ചുകൊണ്ടിരിക്കുകയാണ്. വിദേശ തൊഴിലാളികളെ രാജ്യത്തിന് തുടർന്നും ആവശ്യമാണ്. സർക്കാർ സബ്‌സിഡികളും നികുതിയില്ലായ്മയും വിദേശങ്ങളിലേക്കുള്ള പണമയക്കൽ സ്വാതന്ത്ര്യവും അടക്കം രാജ്യത്തുള്ള പല ആനുകൂല്യങ്ങളും വിദേശികൾ പ്രയോജനപ്പെടുത്തുന്നുണ്ട്.
വിദേശ തൊഴിലാളികളുമായുള്ള ബന്ധം പുനഃക്രമീകരിക്കുകയാണ് വേണ്ടത്. സഹിഷ്ണുതയുള്ള സമൂഹമാണ് സൗദിയിലേത്. സാമ്പത്തിക വികസനത്തിലെ പങ്കാളികളായാണ് വിദേശികളെ കാണേണ്ടത്. വിദേശ തൊഴിലാളികളുമായുള്ള ബന്ധം പുനഃക്രമീകരിക്കുന്നതിനെ കുറിച്ച് പഠനങ്ങൾ ആവശ്യമാണ്. ഇതിന് സൗദി സമ്പദ്‌വ്യവസ്ഥക്കകത്ത് കെട്ടുപിണഞ്ഞുകിടക്കുന്ന ബന്ധങ്ങളും സൗദി തൊഴിലാളികളും വിദേശ തൊഴിലാളികളും തമ്മിലുള്ള ബന്ധങ്ങളും മനസ്സിലാക്കേണ്ടതുണ്ട്.
സാമ്പത്തിക വികസനത്തിനും രാഷ്ട്ര നിർമാണത്തിലും കാര്യമായ സംഭാവനകൾ നൽകാത്ത പരാന്നഭോജികളായ വിദേശ തൊഴിലാളികളെ സൗദി അറേബ്യക്ക് ആവശ്യമില്ല. സൗദി സമ്പദ്‌വ്യവസ്ഥയുടെ ഗുണങ്ങൾ ഊറ്റിക്കുടിക്കുന്നതിനും ഇങ്ങനെയുണ്ടാക്കുന്ന സമ്പാദ്യം വിദേശത്തേക്ക് അയക്കുന്നതിനും വേണ്ടി മാത്രമാണ് ഇവർ രാജ്യത്തേക്ക് വരുന്നത്. നിയമാനുസൃത അവകാശങ്ങൾ രാജ്യത്തുനിന്ന് പ്രയോജനപ്പെടുത്തുകയും ബാധ്യതകൾ നിർവഹിക്കുകയും ചെയ്യുന്ന, സൗദി അറേബ്യക്ക് സേവനങ്ങൾ നൽകാൻ സാധിക്കുന്ന മികച്ച തൊഴിലാളികളെ രാജ്യത്തിന് തുടർന്നും ആവശ്യമാണ്. ചെറുകിട, ഇടത്തരം മേഖലയുടെ വളർച്ചക്ക് ധനവിനിയോഗം ആവശ്യമാണ്.
ചെറുകിട, ഇടത്തരം മേഖലക്കാണ് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ സാധിക്കുക. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണം കൂടുതലാണ്. തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിന് ഇത്തരം സ്ഥാപനങ്ങൾക്ക് കഴിയും. വൻകിട കമ്പനികളെ അപേക്ഷിച്ച്, നിരവധി സ്വദേശി ജീവനക്കാരെ ഉൾക്കൊള്ളുന്നതിന് ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് സാധിക്കുമെന്നും ഡോ. മുഹമ്മദ് ബിൻ അബ്ദുല്ല ആലുഅബ്ബാസ് പറഞ്ഞു.






