വൈവിധ്യങ്ങളുടെ വിസ്മയങ്ങളില്‍ ലുലുവിന്റെ ഇന്ത്യന്‍ ഉത്സവത്തിന് തുടക്കമായി

റിയാദ്- ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ ഇനി ഒരാഴ്ച ഇന്ത്യന്‍ വിഭവങ്ങളുടെ വിസ്മയങ്ങള്‍. വിവിധ സംസ്ഥാനങ്ങളുടെ രുചിക്കൂട്ടുകളും വസ്ത്രങ്ങളും പഴം, പച്ചക്കറികളുമടക്കമുള്ള ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഇന്ത്യക്കാരും അല്ലാത്തവരുമായ ഉപഭോക്താക്കള്‍ക്ക് മനം കവരുന്ന അനുഭവമായി. റിയാദ് മുറബ്ബ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിനിടയില്‍ ഇന്ത്യ ഗൈറ്റിന്റെ മാതൃകയില്‍ തീര്‍ത്ത പ്രത്യേക കവാടത്തില്‍ നാട മുറിച്ച് ഇന്ത്യന്‍ അംബാസഡര്‍ ഉത്സവം ഉദ്ഘാടനം ചെയ്തു.  
ചെയര്‍മാന്‍ എം.എ യൂസുഫലിയുടെ ദീര്‍ഘ വീക്ഷണമാണ് ലുലു ഹൈപര്‍മാര്‍ക്കറ്റിനെ ഇത്രയധികം ജനകീയമാക്കാന്‍ സഹായിച്ചതെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് അഭിപ്രായപ്പെട്ടു. ഗുണമേന്മയുള്ള ഇന്ത്യന്‍ ഉത്പന്നങ്ങള്‍ സൗദി വിപണിയിലെത്തിച്ച് ഇവിടെയുള്ള സ്വദേശികളുടെ മനം കവര്‍ന്നിരിക്കുകയാണ് ലുലു. ഇന്ത്യയുടെ തനത് ഭക്ഷ്യ വിഭവങ്ങളും തുണിത്തരങ്ങളുമെല്ലാം ഇവിടുത്തെ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ തമ്മിലുള്ള സാംസ്‌കാരിക കൈമാറ്റം കൂടിയാണിത്. ഭൂമി ശാസ്ത്രപരമായും നയതന്ത്രപരമായും അടുത്ത ബന്ധമുള്ള ഇന്ത്യ സൗദി അറേബ്യയുടെ എറ്റവും നല്ല സുഹൃത്താണ്. വ്യാപാര, വാണിജ്യമേഖലകളില്‍ ഇരു രാജ്യങ്ങളും ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. അംബാസഡര്‍ പറഞ്ഞു. ശേഷം ഹൈപര്‍മാര്‍ക്കറ്റിലെ ഇന്ത്യന്‍ വിഭവങ്ങള്‍ അദ്ദേഹവും അതിഥികളും സന്ദര്‍ശിച്ചു.
ഇന്ത്യയുടെ സൗന്ദര്യവും വൈവിധ്യവും ലോകത്തെ പരിചയപ്പെടുത്താന്‍ എല്ലാ വര്‍ഷവും ഇന്ത്യന്‍ ഉത്സവം സംഘടിപ്പിക്കാറുണ്ടെന്നും ഇന്ത്യയുടെ മഹിത പാരമ്പര്യത്തിനുള്ള ഞങ്ങളുടെ അര്‍പ്പണമാണിതെന്നും ലുലു സൗദി ഹൈപര്‍മാര്‍ക്കറ്റ്‌സ് ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു.
മത്സ്യം, മാംസം, ഇന്ത്യന്‍ സാരികള്‍, ചുരിദാറുകള്‍, വിവിധ തരം ബിരിയാണികള്‍, കറികള്‍, പച്ചക്കറികള്‍, പഴങ്ങള്‍, മധുരപലഹാരങ്ങള്‍ തുടങ്ങി 3600 ഓളം ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ എത്തിച്ച് മികച്ച ക്രമീകരണത്തില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും നല്ല ഷോപ്പിംഗ് അനുഭവമൊരുക്കുകയാണ് ലുലു ഇതുവഴി ചെയ്യുന്നത്. ലുലുവിന് ഇന്ത്യയിലുള്ള ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങളും ഓഫീസുകളും വഴിയെത്തിക്കുന്ന ഓര്‍ഗാനിക്, ലോ ഫാറ്റ് ഭക്ഷ്യ വസ്തുക്കളും വിവിധയിനം ബ്രാന്റഡ് വസ്ത്രങ്ങളും ഇക്കാലയളവില്‍ ലഭ്യമാകും. 28നാണ് സമാപിക്കുക.

Latest News