ഭദോഹി- നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുപോയി അഞ്ച് ദിവസം ബന്ദിയാക്കി ലൈംഗികമായി പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഭദോഹിയിലാണ് സംഭവം. അമ്മയ്ക്ക് സുഖമില്ലെന്ന് വിശ്വസിപ്പിച്ചാണ് 18 കാരിയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ ഒരു പ്രതി അറസ്റ്റിലായിട്ടുണ്ട്. യുവതിയെ കൂട്ടിക്കൊണ്ടുപോയ വിശാല്‍ സരോജ് എന്നയാളാണ് പിടിയിലായത്.
മൂന്ന് മാസം മുമ്പായിരുന്നു യുവതിയുടെ വിവാഹം. ഗ്രാമവാസിയായ വിശാല്‍ സരോജാണ് ഭര്‍തൃവീട്ടിലെത്തി അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് യുവതിയെ കൂട്ടിക്കൊണ്ടുപോയി സ്വന്തം കൃഷിയിടത്തിനു സമീപത്തെ മുറിയില്‍ ബന്ദിയാക്കിയത്.
ബുധനാഴ്ച ഭര്‍തൃവീട്ടുകാര്‍ യുവതിയുടെ അമ്മയെ കാണാന്‍ എത്തിയപ്പോഴാണ് യുവതി വീട്ടിലെത്തിയിട്ടില്ലെന്ന് അറിഞ്ഞത്. ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി സരോജ് ബന്ദിയാക്കിയിരുന്ന സ്ഥലത്തുനിന്ന് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. യുവതിക്ക് വൈദ്യപരിശോധന നടത്തിയതായും അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.






