Sorry, you need to enable JavaScript to visit this website.

ലൗവ് ഇല്ലാത്ത ജിഹാദ്

ക്രൈസ്തവർക്കെതിരായ സംഘ്പരിവാർ ആക്രമണങ്ങൾക്ക് ദശാബ്ദങ്ങളുടെ ചരിത്രമുണ്ട്. ഒറീസയിൽ ചുട്ടുകൊല്ലപ്പെട്ട ഗ്രഹാം സ്റ്റെയിൻസ് മുതലല്ല ആ ചരിത്രം ആരംഭിക്കുന്നത്. അതിന് എത്രയോ മുമ്പെ ഉത്തരേന്ത്യ കന്യാസ്ത്രീകൾക്കെതിരായ നിരവധി ആക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കാരണം, ഗോൾവാൾക്കറുടെ പുസ്തകത്തിൽ മുസ്‌ലിംകൾക്കും കമ്യൂണിസ്റ്റുകൾക്കും ഒപ്പമാണ് ക്രൈസ്തവരുടെയും സ്ഥാനം. ഉന്മൂലനം ചെയ്യപ്പെടേണ്ടവരുടെ പട്ടികയിൽ രണ്ടാം സ്ഥാനമാണവർക്ക്. 
എന്നിട്ടും പൗരത്വ നിയമത്തിൽ ക്രൈസ്തവരുടെ പേര് എങ്ങനെ ഉൾപ്പെട്ടുവെന്നത് അവിശ്വസനീയവും അമ്പരപ്പിക്കുന്നതുമാണ്. മൂന്നു മുസ്‌ലിം രാജ്യങ്ങളിലെ ന്യൂനപക്ഷത്തിന്റെ കഥയൊക്കെ പറയാമെങ്കിലും അക്രമാസക്ത ഹിന്ദുത്വം ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു സമൂഹത്തെ സംരക്ഷിത സമുദായത്തിന്റെ പട്ടികയിലേക്ക് പ്രൊമോഷൻ നൽകി ആദരിച്ചപ്പോൾ, അതിന് പിന്നിലെ പ്രചോദനം എന്തായിരുന്നുവെന്ന് പലരും അത്ഭുതപ്പെട്ടു. ആ രഹസ്യമാണ് സീറോ മലബാർ സഭയുടെ സിനഡ് പുറപ്പെടുവിച്ച ലൗവ് ജിഹാദ് പ്രസ്താവനയിലൂടെ പുറത്തു വന്നത്. 


ഒറീസയിലെ കാണ്ഡമാലിൽ നൂറുകണക്കിന് ക്രൈസ്തവരെ പലായനം ചെയ്യാൻ നിർബന്ധിതരാക്കിയ ആർ.എസ്.എസ് ആക്രമണങ്ങളുടെ വാർഷികം ഈയിടെയാണ് സഭകൾ ആചരിച്ചത്. നിരവധി പേരെ വധിക്കുകയും ക്രൈസ്തവ ഭവനങ്ങൾ ചുട്ടുകരിക്കുകയും ചെയ്ത കലാപം സ്വതന്ത്ര ഇന്ത്യയിൽ ക്രൈസ്തവർക്കെതിരെ നടന്ന ഏറ്റവും വലിയ കലാപങ്ങളിലൊന്നായിരുന്നു. വാർഷികാചരണത്തിന്റെ ആവേശം മായും മുമ്പെ, സംഘ്പരിവാറിന്റെ നാവായി മാറാൻ സഭക്ക് മടിയില്ലാതായി മാറിയെന്നത് അധികാരത്തിന്റെ അകത്തളങ്ങളിൽ നടന്ന ആദാനപ്രദാനങ്ങളുടെയും ഉപജാപങ്ങളുടെയും സൂചനകൾ നൽകുന്നുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷനായ ബി.ജെ.പി നേതാവ്  ജോർജ് കുര്യൻ ഇടനിലക്കാരനായി നിന്നാണ് ഈ ധാരണകൾ രൂപപ്പെട്ടിരിക്കുന്നതെന്നും കരുതണം.


പൗരത്വ നിയമത്തിനെതിരെ ജാതിമത ഭേദമെന്യേ ഇന്ത്യൻ മതേതര സമൂഹം എഴുന്നേറ്റു നിന്ന് പോരാടുമ്പോൾ അതിൽ ക്രൈസ്തവ സഭകളുടെ അസാന്നിധ്യം ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. 
ഇത് പൊതുചർച്ചകൾക്ക് വിധേയമായിത്തുടങ്ങിയതോടെയാണ് നാമമാത്രമായെങ്കിലും അവർ സമരത്തിന്റെ ഭാഗമാകാൻ തുടങ്ങിയത്. മാത്രമല്ല, പൗരത്വ നിയമ ഭേദഗതി മുസ്‌ലിം സമൂഹത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും അത് ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമായ ഒരു നിയമമാണെന്നും അതിന്റെ ഇരകൾ ദളിതുകളും ആദിവാസികളും പിന്നോക്ക വിഭാഗങ്ങളുമടക്കമുള്ള വലിയൊരു ജനതതിയാണെന്നുമുള്ള വസ്തുത വെളിപ്പെടുകയും ഇന്ത്യയിൽ ബി.ജെ.പി ഒഴിച്ചുള്ള മുഴുവൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അതിനെതിരെ അണിനിരക്കുകയും ചെയ്തതോടെ സഭകൾക്ക് മുന്നിൽ രൂപപ്പെട്ട നിർബന്ധിതാവസ്ഥയെത്തുടർന്നാണ് ചിലരൊക്കെ മുന്നോട്ടു വന്നത്. എന്നാൽ, നിയമം വരും മുമ്പെ, അണിയറയിൽ ക്രിസ്ത്യൻ സഭകളെ സർക്കാറിനൊപ്പം നിർത്താനുള്ള ശ്രമങ്ങൾ നടന്നുവെന്ന് വേണം കരുതാൻ. 


രാജ്യം മുഴുവൻ അസാധാരണമാം വിധം ഈ നിയമത്തോട് പ്രതികരിച്ചതോടെ, ബി.ജെ.പി സർക്കാർ അമ്പരന്നു പോയി. ദിനേനയെന്നോണം ശക്തി പ്രാപിച്ചുവരുന്ന സമരത്തിന്റെ ദിശ മാറ്റാനും ദേശവ്യാപകമായ പ്രക്ഷോഭങ്ങൾക്ക് ധാർമിക പ്രചോദനമായ കേരളത്തെ പുതിയ വിഷയങ്ങളിലേക്ക് നയിച്ച് ശ്രദ്ധ മാറ്റാനും കരുതിക്കൂട്ടിയിറക്കിയ തുറുപ്പുശീട്ടാണ് സിനഡിന്റെ ലൗവ് ജിഹാദ് പ്രസ്താവനയെന്നത് ഇന്ന് പരസ്യമായ രഹസ്യമാണ്. ക്രിസ്ത്യൻ സഭയിലെ പ്രമുഖർ തന്നെ ഈ കുത്സിത നീക്കത്തിനെതിരെ രംഗത്തു വന്നതും ലൗവ് ജിഹാദ് സംബന്ധിച്ച ഇടയലേഖനം പള്ളികളിൽ വായിക്കാൻ വിസമ്മതിച്ചതും ഈ പുരോഹിത ഗൂഢാലോചനയെ ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നതിന്റെ തെളിവായി. ക്രിസ്ത്യൻ സഭകൾക്കുള്ളിലും മനുഷ്യാവകാശത്തിന്റേയും സ്ത്രീവിമോചനത്തിന്റേതുമായ ശബ്ദങ്ങൾ കേട്ടുതുടങ്ങിയ ഇക്കാലത്ത് ഇങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. 


പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആദ്യകാല പ്രസ്താവനകൡ ക്രിസ്ത്യാനികളുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. 2019 നവംബർ നാലിന് ഒരു പ്രസ്താവനയിൽ അമിത് ഷാ പറഞ്ഞത് ഹിന്ദു, സിക്ക്, ബുദ്ധ വിഭാഗമൊഴികെയുള്ള എല്ലാ കുടിയേറ്റക്കാരെയും പുറത്താക്കുമെന്നാണ്. ബി.ജെ.പി തങ്ങളുടെ ഔദ്യോഗിക ട്വീറ്റിൽ ഇക്കാര്യം ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ആർ.എസ്.എസിനെ സംബന്ധിച്ച്, ഇന്ത്യയിലെ പൗരന്മാരാകാൻ ഇവിടെ ജനിച്ചാൽ മാത്രം പോരാ. വിശ്വാസപരമായ പുണ്യഭൂമിയും ഇത് തന്നെയാകണം. അതുകൊണ്ടാണ് ഇന്ത്യയുടെ സ്വാഭാവിക പൗരന്മാരാകാൻ അവരുടെ കണ്ണിൽ മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും അർഹതയില്ലാത്തത്. കമ്യൂണിസ്റ്റുകളെ ഗോൾവാൾക്കർ ഈ പട്ടികയിൽ പെടുത്തിയത് രാഷ്ട്രീയ കാരണങ്ങളാലാണ്. അങ്ങനെയിരിക്കേ, സുപ്രധാനമായ ഈ നിയമ ഭേദഗതിയിൽ ക്രിസ്ത്യാനികൾ കൂടി പൗരത്വം നൽകപ്പെടാവുന്നവരുടെ പട്ടികയിൽ പെട്ടതിന് പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതിൽ പ്രധാനം, ക്രിസ്ത്യാനികളെ ഒഴിവാക്കിയാൽ അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന പ്രതികരണം അതിരൂക്ഷമായിരിക്കുമെന്നതാണ്. 
അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമൊക്കെ അതിശക്തമായി നിയമത്തിനെതിരെ രംഗത്തു വരാൻ അത് കാരണമാകും. താൽക്കാലികമായി അവർ രക്ഷപ്പെട്ടതിന് ഇതൊരു കാരണമായേക്കാം. അതിന്റെ നന്ദിപ്രകടനമായാണ് സുപ്രീം കോടതി വരെ തള്ളിക്കളഞ്ഞ ലൗവ് ജിഹാദ് ആരോപണം ഉയർത്തിക്കൊണ്ടുവന്ന് പൗരത്വ സമരത്തെ ദുർബലപ്പെടുത്താനുള്ള സഭയുടെ ശ്രമം എന്ന് കരുതാൻ ന്യായമുണ്ട്.


പൗരത്വ ഭേദഗതിയിൽ ഉൾപ്പെട്ടത് കത്തോലിക്കാ സഭയെ ആഹ്ലാദചിത്തരാക്കിയിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന ഭരണഘടനാ വിരുദ്ധതയെ അവർ കണ്ടില്ലെന്ന് നടിച്ചു. കേരളത്തിലെ ക്രിസ്ത്യാനികൾ സെന്റ് തോമസ് വന്ന് മതം മാറ്റിയ ബ്രാഹ്മണരാണ് എന്ന സവർണ ബോധം ഇപ്പോഴും കൊണ്ടുനടക്കുന്ന കത്തോലിക്കാ സഭാ നേതൃത്വം ആർ.എസ്.എസിന് ഓശാന പാടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. അഴിമതി ആരോപണങ്ങൾ നേരിട്ട മാർ ആലഞ്ചേരിക്കും രാഷ്ട്രീയ പിടിവള്ളിയായി മാറി ഇത്. പൗരത്വ നിയമത്തിന്റെ പ്രചാരകൻമാരോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാൻ അദ്ദേഹത്തിന് മടിയില്ലാത്തത് അതുകൊണ്ടാണ്. 


സിനഡിന്റെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകൾക്കെതിരെ അതിശക്തമായി രംഗത്തുവന്നവരിൽ വിശ്വാസി സമൂഹത്തിലെ ഒരു വിഭാഗവും പുരോഹിതന്മാരും ഉൾപ്പെടുന്നു. എറണാകുളം-അങ്കമാലി രൂപതയിലെ പല പുരോഹിതൻമാരും സഭാനേതൃത്വത്തെ പരസ്യമായി തള്ളി. കത്തോലിക്കാ സഭാ പ്രസിദ്ധീകരണമായ സത്യദീപത്തിലെഴുതിയ ലേഖനത്തിൽ എറണാകുളം അതിരൂപത വൈദിക സമിതി സെക്രട്ടറി കുര്യാക്കോസ് മുണ്ടാടൻ സിനഡിന്റെ ലൗവ് ജിഹാദ് പ്രസ്താവനക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഒരു ജനസമൂഹം മുഴുവൻ ഉന്മൂലന ഭീഷണിയിലായിരിക്കുകയും മതേതര പൊതുസമൂഹം ഒരു വലിയ സമര സന്ദർഭത്തിലായിരിക്കുകയും ചെയ്യുന്ന വേളയിൽ സിനഡ് ഇത്തരമൊരു വിഷയവുമായി രംഗത്തിറങ്ങിയതിലെ അസ്വാഭാവികത അദ്ദേഹം തുറന്നു പറയുകയുണ്ടായി. 


പൗരത്വ നിയമം പോലെ സുപ്രധാനമായ ഒരു കാര്യത്തിൽ പോലും കൃത്യമായി പ്രതികരിക്കാതിരുന്ന സീറോ മലബാർ സഭാ സിനഡ,് ലൗവ് ജിഹാദ് വിഷയം ഉന്നയിച്ച് രംഗത്തിറങ്ങുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് എറണാകുളം-അങ്കമാലി അതിരൂപത അൽമായ മുന്നേറ്റ സമിതിയും വ്യക്തമാക്കുന്നു. സ്വന്തം വിശ്വാസി സമൂഹത്തെപ്പോലും ബോധ്യപ്പെടുത്താൻ കഴിയാത്ത കാര്യമാണ് സഭാ നേതൃത്വം സമൂഹത്തിന്റെ ചർച്ചക്കായി എറിഞ്ഞുകൊടുത്തതെന്ന് ശ്രദ്ധേയമാണ്. എന്തായാലും നിലവിലെ പൗരത്വ നിയമ വിരുദ്ധ സമരത്തിന്റെ ശോഭ കെടുത്താൻ ഈ വിവാദത്തിന് കഴിഞ്ഞില്ലെന്നും ഗൂഢാലോചന തിരിച്ചറിഞ്ഞ് മതേതര കേരളം പ്രതികരിച്ചുവെന്നതും ശുഭോദർക്കമാണ്.


ആഗോള തലത്തിൽ മതസംവാദങ്ങളുടെയും സമന്വയങ്ങളുടെയും കാലത്താണ് ഇത്തരത്തിൽ വിഭാഗീയമായൊരു പ്രവർത്തനം കേരളത്തിലെ കത്തോലിക്കാ സഭയിൽനിന്നുണ്ടായതെന്നത് ഏറെ ദുഃഖകരമാണ്. രാജ്യ പുരോഗതിയിൽ തങ്ങളോടൊപ്പം തോളോടു ചേർന്നു നിൽക്കുന്ന ഒരു സമൂഹത്തെ, വേട്ടക്കാർക്ക് വിട്ടുകൊടുത്ത് രക്ഷപ്പെടാനുള്ള ശ്രമം ഒട്ടും ലൗവ് ഇല്ലാത്ത ഒരു ജിഹാദായിപ്പോയി എന്നു മാത്രം പറയാം.
 ആദരണീയനായ പോപ്പ് ഫ്രാൻസിസ് പോലും മുസ്‌ലിം സമൂഹത്തെ ചേർത്തുപിടിച്ച് ഒപ്പം നിർത്തുന്ന കാലത്ത് ആലഞ്ചേരിമാരുടെ ദുർമോഹങ്ങൾ കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ മായാത്ത കളങ്കമായി ശേഷിക്കുക തന്നെ ചെയ്യും.
 

Latest News