റിയാദ് - ഏറെ കൊട്ടിഘോഷിക്കപ്പെട്ട് പ്രവർത്തനമാരംഭിച്ച സൗദിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖ പ്രവർത്തനം മതിയാക്കുന്നു. പ്രവർത്തനം അവസാനിപ്പിക്കുന്നതിന് അനുമതി തേടിയുള്ള എസ്.ബി.ഐ അപേക്ഷ അംഗീകരിച്ചതായി കേന്ദ്ര ബാങ്കായ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) അറിയിച്ചു. ലോകത്തെങ്ങുമുള്ള എസ്.ബി.ഐ ശാഖകൾ പുനർവിന്യസിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ജിദ്ദ സിത്തീൻ (കിംഗ് ഫഹദ്) റോഡിൽ അനാകിശിലെ അൽഅന്ദലുസ് പ്ലാസയിൽ പ്രവർത്തിക്കുന്ന ശാഖ ബാങ്ക് അടച്ചുപൂട്ടുന്നത്.
നിയമാനുസൃത വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ചും ഉപയോക്താക്കളുടെയും നിക്ഷേപകരുടെയും അവകാശങ്ങൾ കണക്കിലെടുത്തും സൗദിയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് എസ്.ബി.ഐക്ക് അനുമതി നൽകിയതായി സാമ അറിയിച്ചു. നിയമം ഉറപ്പുവരുത്തുന്ന അവകാശങ്ങൾ ലഭിക്കാതെ വരുന്നപക്ഷം എസ്.ബി.ഐ ഇടപാടുകാരും നിക്ഷേപകരും സെൻട്രൽ ബാങ്കിന് പരാതി നൽകണം. ടോൾഫ്രീ നമ്പറിൽ (8001256666) ബന്ധപ്പെട്ടും സാമ വെബ്‌സൈറ്റ് വഴിയും പരാതികൾ നൽകാം. സാമ ഹെഡ്ക്വാർട്ടേഴ്‌സിലെ കസ്റ്റമർ സർവീസ് വിഭാഗത്തെ നേരിട്ട് സമീപിച്ചും പരാതിപ്പെടാം.
2005 ഒക്‌ടോബർ മൂന്നിനാണ് സൗദിയിൽ ശാഖ തുറക്കുന്നതിന് എസ്.ബി.ഐക്ക് ലൈസൻസ് നൽകിയത്. ഈ വർഷാവസാനത്തോടെ സൗദിയിലെ പ്രവർത്തനം എസ്.ബി.ഐ പൂർണമായും അവസാനിപ്പിക്കുമെന്നാണ് കരുതുന്നത്.
സൗദിയിൽ വിദേശ ബാങ്കുകളുടെ 14 ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. ഏറ്റവുമൊടുവിൽ പ്രവർത്തനം തുടങ്ങിയത് ടോക്കിയോ മിത്‌സുബിഷി ബാങ്കാണ്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഈ ബാങ്കിന് ലൈസൻസ് അനുവദിച്ചത്. ബഹ്‌റൈനിലെ ഗൾഫ് ഇന്റർനാഷണൽ ബാങ്കിനു കീഴിൽ സൗദിയിൽ ബാങ്ക് കമ്പനി സ്ഥാപിക്കുന്നതിന് ലൈസൻസ് നൽകുന്നതിന് കഴിഞ്ഞ മേയിൽ സൗദി മന്ത്രിസഭ തീരുമാനിച്ചിരുന്നു. സൗദിയിൽ പുതുതായി മൂന്നു ശാഖകൾ കൂടി തുറക്കുന്നതിന് എമിറേറ്റ്‌സ് ഡി.എൻ.ബി ബാങ്കിന് സമീപ കാലത്ത് ലൈസൻസ് നൽകിയിട്ടുണ്ട്. സൗദിയിൽ കൂടുതൽ ശാഖകൾ തുറക്കുന്നതിനുള്ള മറ്റൊരു വിദേശ ബാങ്കിന്റെ അപേക്ഷ പഠിച്ചുവരികയാണെന്നും സാമ പ്രസ്താവനയിൽ പറഞ്ഞു. മറ്റു വിദേശ ബാങ്കുകൾ സൗദിയിൽ കൂടുതൽ ശാഖകൾ തുറക്കുന്നതിന് ശ്രമിക്കുന്നതിനിടെയാണ് സൗദിയിലെ ഏക ശാഖ എസ്.ബി.ഐ അടച്ചുപൂട്ടുന്നത്.
എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ ജിദ്ദ എസ്.ബി.ഐ ശാഖാ മാനേജർ പവൻ കുമാർ വിസമ്മതിച്ചു. ഇക്കാര്യത്തെക്കുറിച്ച് വിശദമായി പിന്നീട് പ്രതികരണം അറിയിക്കാമെന്നാണ് മലയാളം ന്യൂസ് ബന്ധപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞത്.