Sorry, you need to enable JavaScript to visit this website.

എ.എസ്.ഐയെ വെടിവെച്ച തോക്ക്  എറണാകുളത്ത് കണ്ടെടുത്തു

കൊച്ചി- കളിയിക്കാവിളയിൽ എ.എസ്.ഐ വിൽസനെ കൊലപ്പെടുത്താൻ പ്രതികളുപയോഗിച്ച തോക്ക് തമിഴ്നാട് ക്യൂ ബ്രാഞ്ച് പോലീസ് കണ്ടെടുത്തു. കേസിലെ നിർണായക തെളിവായ ഈ ആയുധം എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഓടയിൽനിന്നുമാണ് പോലീസ് കണ്ടെടുത്തത്. സൈനികർ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കാണ് കണ്ടെടുത്തതെന്നാണ് പോലീസ് പറയുന്നത്. കേസിലെ പ്രതികളായ അബ്ദുൾ ഷമീം, തൗഫീഖ് എന്നിവരെ പാളയംകോട്ട ജയിലിൽനിന്നും തെളിവെടുപ്പിനായി പോലീസ് എറണാകുളത്തേക്ക് എത്തിക്കുകയായിരുന്നു. മാധ്യമങ്ങളെ അറിയിക്കാതെയാണ് തോക്കു കണ്ടെടുത്തതും തെളിവെടുപ്പും നടത്തിയത. എറണാകുളത്ത് പ്രതികൾക്ക് പണം കൈമാറ്റം നടത്തിയ രണ്ടു പേരെ സംബന്ധിച്ചും കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. അറസ്റ്റ് ഉണ്ടാവുമോയെന്ന ചോദ്യത്തോട് പോലീസ് പ്രതികരിച്ചില്ല.
ഇവരുടെ കൈവശം എങ്ങനെയാണ് ഇത്തരത്തിലുള്ള തോക്ക് വന്നതെന്ന് അന്വേഷിക്കുമെന്ന് ക്യൂ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ഗണേശൻ പറഞ്ഞു. എ.എസ്.ഐയെ വധിച്ച ശേഷം കളിയിക്കാവിളയിൽനിന്നും ബസ് മാർഗമാണ് ഇവർ എറണാകുളത്തേക്ക് എത്തിയത്. കൊലപാതകത്തിന്റെ വാർത്ത പത്രത്തിൽ കണ്ടതോടെയാണ് തോക്ക് ഓടയിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. തുടർന്ന് ബസിൽ ഉഡുപ്പിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ഇതിനിടെയാണ് വെരാവൽ ഏക്‌സ്പ്രസിൽ റെയിൽവേ സുരക്ഷാ വിഭാഗവും തമിഴ്നാട് ക്യൂ ബ്രാഞ്ചും ചേർന്ന് ഇവരെ പിടികൂടിയത്. കൊലപാതകത്തിന്റെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചവരെന്ന് പോലീസ് സംശയിക്കുന്ന മെഹ്ബൂഹ് പാഷയും ഇജാസ് പാഷയും പോലീസിന്റെ കസ്റ്റഡിയിലാണ്. കേന്ദ്ര സർക്കാർ നിരോധിച്ച അൽ-ഉമ്മ എന്ന ഇവരുടെ തീവ്രവാദ സംഘടന തമിഴ്നാട് നാഷണൽ ലീഗ് എന്ന പേരിൽ ഇവർ പുനർനാമകരണം ചെയ്തിരുന്നു. ബംഗളൂരുവും ദൽഹിയും കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നും പോലീസ് പറയുന്നു. 17 പേരുള്ള ഇവരുടെ സംഘാംഗങ്ങൾ പല വേഷങ്ങളിലും പേരുകളിലുമാണ് കർണാടകത്തിൽ കഴിഞ്ഞിരുന്നത്.

 

Latest News