Sorry, you need to enable JavaScript to visit this website.

വിദ്യാർഥിയുടെ തലയോട്ടി തുളച്ച് കയറിയ  വിറകിൻ കഷ്ണം പുറത്തെടുത്തു 

തൃശൂർ - വിദ്യാർഥിയുടെ തലയോട്ടി തുളച്ചു കയറിയ വിറകിൻ കഷ്ണം അമല ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിരുനാവായ എൻ.എം.എച്ച്.എസ്.എസ് സ്‌കൂളിലെ  ഏഴാം ക്ലാസ് വിദ്യാർഥി അയങ്കലം കണ്ണോത്ത് മുനവർ അലി (12) യുടെ തലയിൽ തുളച്ച് കയറിയ 4 സെ.മി. നീളമുള്ള വിറകിൻ കഷ്ണമാണ് അമല മെഡിക്കൽ കോളേജിൽ ഓപറേഷനിലൂടെ പുറത്തെടുത്തത്. ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിയോടെ സമീപത്തെ പള്ളിയിലേക്ക് സൈക്കിളിൽ പോകുമ്പോൾ തലയിൽ വിറകുകെട്ടുമായി പോയിരുന്ന സ്ത്രീയുടെ വിറകുകെട്ടിൽ നിന്ന് പുറത്തേക്ക് നീണ്ടുനിന്ന വിറകിൽ ഇടിച്ചതിനെ തുടർന്നാണ് അപകടം ഉണ്ടായത്. കണ്ണിന്റെ അരികിലൂടെയാണ് വിറക് തലയോട്ടി തുളച്ച് അകത്ത് കയറിയത്. സംഭവത്തെ തുടർന്ന് കുറച്ച് രക്തം പോയതല്ലാതെ വേറെ വിഷമങ്ങളൊന്നും അനുഭവപ്പെട്ടില്ലെന്ന് മുനവർ പറഞ്ഞു. അതിനാൽ സംഭവം വീട്ടിൽ ആരോടും പറഞ്ഞിരുന്നില്ല. ബുധനാഴ്ച ചർദി ഉണ്ടായതിനെ തുടർന്നാണ് വീട്ടുകാരോട് ഉണ്ടായ സംഭവം പറഞ്ഞത്. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ കാണിച്ചെങ്കിലും അവർ അമല ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. ഡോ. സുരേഷ് കുമാർ, ഡോ. സുമിത്ത്, ഡോ. ജൂലി എന്നിവർ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി.
 

Latest News