എറണാകുളം-സി.എ.എയെ അനുകൂലിച്ച് നടത്തിയ യോഗത്തില്‍ പൗരത്വ നിയമത്തിനെതിരെ ചോദ്യങ്ങളുന്നയിച്ച യുവതിയെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കി. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന കാര്യാലയത്തോടു ചേര്‍ന്ന കലൂര്‍ പാവക്കുളം ശിവക്ഷേത്രം ഹാളില്‍ നടന്ന പരിപാടിയില്‍ കൊലവിളി ഉയര്‍ത്തുകയും മത വിദ്വേഷമുണ്ടാക്കുകയും ചെയ്ത സ്ത്രീകള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് രാജു പി നായറാണ് എറണാകുളം പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരാതി. ചോദ്യമുന്നയിച്ച യുവതിയെ ആക്രമിക്കുകയും വര്‍ഗീയ പരാമര്‍ശം നടത്തുകയും ചെയ്തവര്‍ക്കെതിരെ സമൂഹത്തില്‍ മതസ്പര്‍ധയുണ്ടാക്കിയതിനും ഒരു സമൂഹത്തെ ആക്ഷേപിക്കുകയും ചെയ്തതിനു ക്രിമിനല്‍ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പരാതി തുടര്‍ നടപടികള്‍ക്കായി കൊച്ചി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറി.
സിഎഎയെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം മാതൃസമിതി നടത്തിയ വിശദീകരണ പരിപാടിയില്‍ അഞ്ജിത ഉമേഷ് എന്ന യുവതിയെയാണ് സംഘപരിവാര്‍ വനിതാ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത്.
പാവക്കുളം പരിപാടിയിലെ പല പരാമര്‍ശങ്ങളും ദേശവിരുദ്ധവും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നതുമാണെന്നും പ്രസംഗങ്ങള്‍ വിശദമായി പരിശോധിച്ച് സംഘാടകര്‍ക്കെതിരെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കേസെടുക്കണമന്നും പരാതിയില്‍ പറയുന്നു.
സിമ്പോസിയം അലങ്കോലമാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അഞ്ജിത ഉമേഷിനെതിരെ പോലിസ് നേരത്തെ കേസെടുത്തിരുന്നു.