റിയാദ്- കഴിഞ്ഞ മൂന്നു മാസത്തിനിടെ സൗദി അറേബ്യ മൂന്നര ലക്ഷം ടൂറിസ്റ്റ് വിസകൾ അനുവദിച്ചതായി സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് പ്രസിഡന്റ് അഹ്മദ് അൽഖതീബ് വെളിപ്പെടുത്തി. ഒക്‌ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് ഇത്രയും ടൂറിസ്റ്റ് വിസകൾ അനുവദിച്ചത്. ഇക്കാലയളവിൽ ദിവസേന ശരാശരി 3,500 ടൂറിസ്റ്റ് വിസകൾ വീതം അനുവദിച്ചു.
കഴിഞ്ഞ വർഷത്തേതിലും വലിയ നേട്ടങ്ങൾ ഈ കൊല്ലം സാക്ഷാൽക്കരിക്കാനാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്. അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ വിസകളും ഷെൻഗൻ വിസയുമുള്ളവർക്ക് ഓൺഅറൈവൽ വിസ അനുവദിക്കാനുള്ള തീരുമാനത്തിനു ശേഷം സൗദിയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്. നിക്ഷേപകരെ കൂടുതലായി ആകർഷിക്കാൻ കഴിയുംവിധം ഹോട്ടലുകളുടെ ലൈസൻസ് നടപടികൾ പരിഷ്‌കരിക്കും. വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന സ്വദേശി ജീവനക്കാർക്ക് വലിയ തോതിൽ പരിശീലനം നൽകുന്നതിനും പദ്ധതിയുണ്ടെന്ന് അഹ്മദ് അൽഖതീബ് പറഞ്ഞു.
അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെയും ഷെൻഗൻ വിസ സംവിധാനം പ്രാബല്യത്തിലുള്ള യൂറോപ്യൻ രാജ്യങ്ങളുടെയും കാലാവധിയുള്ള ടൂറിസ്റ്റ്, ബിസിനസ് വിസകളുള്ള മറ്റു രാജ്യക്കാർക്ക് രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്നും മറ്റു അതിർത്തി പോസ്റ്റുകളിൽ നിന്നും ഓൺഅറൈവൽ വിസ ലഭിക്കും. എന്നാൽ ഇവർക്ക് മുൻകൂട്ടി ഇ-വിസ ലഭിക്കില്ല. സൗദിയിൽ പ്രവേശിക്കുന്നതിനു മുമ്പായി വിദേശ സന്ദർശകർ തങ്ങളുടെ പക്കലുള്ള കാലാവധിയുള്ള വിസ അമേരിക്കയോ ബ്രിട്ടനോ യൂറോപ്യൻ രാജ്യങ്ങളോ സന്ദർശിക്കുന്നതിന് ഉപയോഗിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 27 മുതലാണ് സൗദി അറേബ്യ വിദേശികൾക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ തുടങ്ങിയത്. അമേരിക്ക, ബ്രിട്ടൻ, കാനഡ, ജപ്പാൻ, സിങ്കപ്പൂർ, മലേഷ്യ, ദക്ഷിണ കൊറിയ, ചൈന, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ, ജർമനി അടക്കം 49 രാജ്യക്കാർക്ക് എളുപ്പത്തിൽ ഓൺഅറൈവൽ വിസയും ഇ-വിസയും അനുവദിക്കുന്നുണ്ട്. റിയാദ്, ജിദ്ദ, ദമാം, മദീന എയർപോർട്ടുകളിൽ നിന്നും സൗദി-യു.എ.ഇ അതിർത്തിയിലെ ബത്ഹ അതിർത്തി പോസ്റ്റിൽനിന്നും ബഹ്‌റൈനുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിൽ നിന്നുമാണ് ഓൺഅറൈവൽ വിസ അനുവദിക്കുന്നത്. സൗദിയിലേക്ക് തിരിക്കുന്നതിനു മുമ്പ് ഈ രാജ്യക്കാർക്ക് ഇ-വിസ നേടാനും കഴിയും. ഇന്ത്യക്കാർ അടക്കമുള്ള മറ്റു രാജ്യക്കാർക്ക് വിദേശങ്ങളിലെ സൗദി എംബസികളും കോൺസുലേറ്റുകളും വഴിയാണ് വിസകൾ അനുവദിക്കുന്നത്.
ഒരു വർഷ കാലാവധിയുള്ള വിസയാണ് ടൂറിസ്റ്റുകൾക്ക് അനുവദിക്കുന്നത്. ഇഷ്യു ചെയ്യുന്ന ദിവസം മുതലാണ് കാലാവധി കണക്കാക്കുക. ഈ വിസയിൽ പലതവണ രാജ്യത്ത് വന്നുപോകുന്നതിന് സാധിക്കും. എന്നാൽ ഒരു വർഷത്തിനിടെ പരമാവധി 90 ദിവസം വരെ മാത്രമേ രാജ്യത്ത് തങ്ങുന്നതിന് വിദേശ ടൂറിസ്റ്റുകൾക്ക് സാധിക്കുകയുള്ളൂ. 2030 ഓടെ പ്രതിവർഷം രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം പത്തു കോടിയായി ഉയർത്തുന്നതിനാണ് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് ലക്ഷ്യമിടുന്നത്.






