Sorry, you need to enable JavaScript to visit this website.

സൗദിയിൽ കൊറോണ ബാധിച്ച നഴ്‌സിന്റെ ആരോഗ്യനില ഭദ്രം; ജനറൽ വാർഡിലേക്ക് മാറ്റി

അബഹ- അബഹയിൽ കൊറോണ ബാധ സ്ഥിരീകരിച്ച മലയാളി നഴ്‌സിന്റെ ആരോഗ്യനിലയിൽ പുരോഗതി. ഇവരെ ഐ.സി.യുവിൽനിന്ന് ജനറൽ വാർഡിലേക്ക് മാറ്റി. കൊറോണ ബാധയുമായി ബന്ധപ്പെട്ട് നിലവിൽ ഒരാൾ പോലും നിരീക്ഷണത്തിലില്ലെന്ന് കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗവും ഒ.ഐ.സി.സി ദക്ഷിണ മേഖല കമ്മിറ്റി പ്രസിഡന്റുമായ അഷ്‌റഫ് കുറ്റിച്ചൽ പറഞ്ഞു. മുപ്പതോളം പേർ നേരത്തെ നിരീക്ഷണത്തിലുണ്ടായിരുന്നു. ഇവരിൽ ഏഴു പേർ ഒഴികെയുള്ളവർ ജോലിയിൽ പ്രവേശിച്ചു. ജോലിയിൽ പ്രവേശിക്കാത്തവർക്കും അസുഖബാധയില്ല. നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ ആരോഗ്യപരിശോധനയും പൂർത്തിയാക്കി. ആർക്കും കൊറോണയുള്ളതായി കണ്ടെത്തിയില്ല.
കൊറോണ ബാധ സ്ഥിരീകരിച്ച നഴ്‌സിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഭയപ്പെടേണ്ട സഹചര്യമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇവരോടൊപ്പം ജോലി ചെയ്തിരുന്നു മുപ്പതോളം നഴ്‌സുമാരെ നിരീക്ഷണത്തിൽ വെച്ചിരുന്നെങ്കിലും ആർക്കും രോഗ ബാധയില്ല. കൊറോണ വൈറസ് ബാധിച്ച ഫിലിപ്പീൻസ് സ്വദേശിയായ നഴ്‌സിനെ ശുശ്രൂഷിച്ച മലയാളി നഴ്‌സിനാണ് കൊറോണ പിടികൂടിയത്. ഇവരെ പിന്നീട് അസീർ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗദി ആരോഗ്യമന്ത്രാലയവും അസീർ ഗവർണറേറ്റും ഇവരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും ഇടപെടലുമുണ്ടായി. സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചിരുന്നു. കോട്ടയം ഏറ്റുമാനൂർ സ്വദേശിയാണ് കൊറോണ ബാധിച്ച നഴ്‌സ്. ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് നഴ്‌സുമാരുടെ ക്ഷേമത്തിനാവശ്യമായ കാര്യങ്ങൾ സ്വീകരിച്ചതായി അഷ്‌റഫ് കുറ്റിച്ചലും ബിജു കെ നായരും അറിയിച്ചു.

Latest News