Sorry, you need to enable JavaScript to visit this website.

അമിത ഇന്റർനെറ്റ് ഉപയോഗം പഠനത്തിൽ താൽപര്യം കുറക്കുന്നു

ഡിജിറ്റൽ സാങ്കേതിക വിദ്യ അമിതമായി ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് പഠനത്തിൽ മുന്നേറാൻ കഴിയുന്നില്ലെന്നും പരീക്ഷകളെക്കുറിച്ച് അവർ കൂടുതൽ ഉൽക്കണ്ഠയുള്ളവരായി മാറുകയാണെന്നും പഠനം വ്യക്തമാക്കുന്നു. 
ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ അമിത ഉപയോഗത്തിന്റെ ഫലമായുണ്ടായ ഏകാന്തത സ്ഥിതി കൂടുതൽ വഷളാക്കിയെന്നും ജേണൽ ഓഫ് കംപ്യൂട്ടർ അസിസ്റ്റഡ് ലേണിംഗിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നു.


ഉയർന്ന തോതിൽ ഇന്റർനെറ്റ് ആസക്തിയുള്ള വിദ്യാർഥികൾക്ക് പഠനത്തിനായി കുറഞ്ഞ തോതിലുള്ള പ്രചോദനങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂവെന്നും യഥാർഥ അക്കാദമിക് പ്രകടനം കുറയാൻ  ഇത് കാരണമാകുന്നുവെന്നും ഫലങ്ങൾ സൂചിപ്പിക്കുന്നതായി ഗവേഷണത്തിനു നേതൃത്വം നൽകിയ യു.കെയിലെ സ്വാൻസി സർവകലാശാലയിലെ ഗവേഷകൻ ഫിൽ റീഡ് പറഞ്ഞു.
ആരോഗ്യവുമായി ബന്ധപ്പെട്ട ബിരുദ കോഴ്‌സുകളിൽ ചേർന്ന 285 സർവകലാശാലാ വിദ്യാർഥികളെയാണ് പഠനത്തിൽ പങ്കെടുപ്പിച്ചത്. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഉപയോഗം, പഠന നൈപുണ്യം, പ്രചോദനം, ഉൽക്കണ്ഠ, ഏകാന്തത എന്നിവയാണ് ഈ വിദ്യാർഥികളിലൂടെ വിലയിരുത്തിയത്. 


ഇന്റർനെറ്റ് ആസക്തിയുള്ളവരിൽ പഠനത്തിനുള്ള താൽപര്യവും പ്രചോദനവും കുറയുന്നതായി കണ്ടെത്തി. കൂടുതൽ ഇൻറർനെറ്റ് ഉപയോഗിക്കുന്ന വിദ്യാർഥികൾ അവരുടെ പഠനത്തിൽ ശ്രദ്ധ ചെലുത്തുന്നില്ലെന്നും പഠനത്തിലും പരീക്ഷക്കുള്ള തയാറെടുപ്പിലും അവർ പിറകിലാണെന്നും വരാനിരിക്കുന്ന ടെസ്റ്റുകളെക്കുറിച്ച് അവർ കൂടുതൽ ഉൽക്കണ്ഠാകുലരാണെന്നുമാണ് സർവേയുടെ ഫലം. 
ഏകാന്തതയുമായി ഇന്റർനെറ്റ് ആസക്തിക്ക് വലിയ ബന്ധമുണ്ടെന്നും കുട്ടികളിൽ വളരുന്ന ഏകാന്തത അവർക്ക് പഠനം പ്രയാസകരമാക്കുന്നുവെന്നും ഗവേഷണത്തിൽ കണ്ടെത്തി. 
25 ശതമാനം വിദ്യാർഥികളും ഒരു ദിവസം നാല് മണിക്കൂറിലധികം ഓൺലൈനിൽ ചെലവഴിക്കുന്നവരായിരുന്നു. ബാക്കിയുള്ളവർ ഒരു ദിവസം ഒരു മണിക്കൂർ മുതൽ മൂന്ന് മണിക്കൂർ വരെയാണ്  ഇന്റർനെറ്റിൽ ചെലവഴിച്ചിരുന്നത്. 


സമൂഹ മാധ്യമങ്ങളിലും (40 ശതമാനം), വിവരങ്ങൾ തേടുന്നതിനുമാണ് (30 ശതമാനം) വിദ്യാർഥികൾ കൂടുതലായും ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. 
ഇന്റർനെറ്റ് ആസക്തി കാരണമുള്ള മോശം പഠന നിലവാരത്തിനു പുറമെ, കൂടുതൽ സമയം നെറ്റിലും കംപ്യൂട്ടറിനു മുന്നിലും ചെലവഴിക്കുന്നത് അവരെ ഒറ്റപ്പെടുത്തുന്നുവെന്നും ഏകാന്തതയിലേക്ക് നയിക്കുന്നുവെന്നതുമാണ് പഠനത്തിലൂടെ തെളിഞ്ഞ മറ്റൊരു പ്രധാന കാര്യം. ഈ ഏകാന്തതയാണ് പഠനത്തിൽ താൽപര്യം കുറയാനും പഠനം കൂടുതൽ കഠിനമാക്കാനും കാരണം. ഉന്നത വിദ്യാഭ്യാസത്തിൽ അക്കാദമിക് ജീവിതത്തെ ക്രിയാത്മകമായി കാണുന്നതിൽ ഏകാന്തത വലിയ വിലങ്ങുതടിയാകുന്നു. 
സാമൂഹികമായ ഇടപെടലുകളിൽനിന്നാണ് ഇന്റർനെറ്റ് ആസക്തി വിദ്യാർഥി സമൂഹത്തെ തടയുന്നത്.   സർവകലാശാല പോലുള്ള ഉയർന്ന  സാമൂഹിക വിദ്യാഭ്യാസ അന്തരീക്ഷത്തിൽ ഏർപ്പെടാനുള്ള പ്രചോദനത്തെ ഇത് ഇല്ലായ്മ ചെയ്യുന്നുവെന്നും പഠനം അടിവരയിടുന്നു.

 

Latest News