Sorry, you need to enable JavaScript to visit this website.

ഭിന്നതകള്‍ സ്വാഭാവികം; സര്‍ക്കാരുമായി ചര്‍ച്ചക്ക് തയാറെന്ന് ഗവര്‍ണര്‍

പാലക്കാട്- അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്രത്തിന്റെ പരിധിയില്‍വരുന്നതാണെന്നും അത് സംസ്ഥാനത്തിന്റെ വിഷയമല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അഭിപ്രായ ഭിന്നതകള്‍ ജനാധിപത്യ സംവിധാനത്തില്‍ സ്വാഭാവികമാണ്. ഇവിടെ, അഭിപ്രായ വ്യത്യാസങ്ങളല്ല പ്രശ്‌നമെന്നും നിയമങ്ങള്‍ പാലിക്കാത്തതാണ് പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
കേന്ദ്രവുമായുള്ള പ്രശ്‌നങ്ങള്‍ തന്നെ അറിയിക്കണം. ഉത്തരവ് ഇറക്കുന്നതിന് മുമ്പ് ഗവര്‍ണറെ അറിയിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. രാഷ്ട്രപതി ഒപ്പുവെച്ച നിയമം സംരക്ഷിക്കുകയാണ് തന്റെ കടമയെന്നും കേരളത്തിലെ ജനങ്ങള്‍ രാജ്യസ്‌നേഹമള്ളവരാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
നിലവിലെ തര്‍ക്കങ്ങളില്‍ സര്‍ക്കാരുമായി ചര്‍ച്ചയാകാമെന്നും എന്നാല്‍ കോടതിയെ സമീപിക്കുന്നതിന് മുമ്പ് ഗവര്‍ണറെ അറിയിക്കണമെന്നതാണ് നിയമമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചാല്‍ മതിയാകും. മുഖ്യമന്ത്രിയുമായി മാത്രമല്ല, ആരുമായും താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഭരണടഘടനയും നിയമങ്ങളും സംരക്ഷിക്കുകയാണ് തന്റെ കടമ. അത് നിര്‍വഹിക്കും. രാഷ്ട്രപതി ഒപ്പുവെച്ച നിയമം സംരക്ഷിക്കല്‍ തന്റെ കടമയാണ്. ജനാധിപത്യത്തില്‍ എല്ലാം പരസ്പരം സംസാരിച്ച് പരിഹരിക്കണം. ഒരു വീട്ടില്‍ സഹോദരനും സഹോദരിയുമുണ്ടെങ്കില്‍ അവര്‍ക്കും വ്യത്യസ്ത അഭിപ്രായമുണ്ടാകും. അതെല്ലാം സംസാരിച്ച് പരിഹരിക്കാം. രാജ്ഭവന് മുന്നില്‍ പ്രതിഷേധവുമായെത്തിയവരെ താന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നുവെങ്കിലും അവരാരും വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയല്ല. രാഷ്ട്രപതിയുടെ പ്രതിനിധിയാണ്. കേന്ദ്രവും സംസ്ഥാനവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയത്തില്‍ കോടതിയില്‍ പോകുന്നുണ്ടെങ്കില്‍ അത് ഗവര്‍ണറെ അറിയിക്കണം.  എന്ത് തര്‍ക്കങ്ങളുണ്ടായാലും ഭരണഘടനയുടെ നിയമങ്ങളനുസരിച്ച് നീങ്ങണം. ഭരണഘടനയിലെ നിയമങ്ങള്‍ പാലിക്കാതിരിക്കുമ്പോഴാണ് തര്‍ക്കങ്ങളുണ്ടാകുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

Latest News