Sorry, you need to enable JavaScript to visit this website.

ഗവർണർ കലഹം

കുറെ കാലമായി ബി.ജെ.പി എന്തുകൊണ്ടാണ് കേരളത്തിൽ സംസ്ഥാന പ്രസിഡന്റിനെ അവരോധിക്കാത്തത് എന്ന സംശയത്തിന് ഇപ്പോൾ മറുപടിയായി. തിരുവനന്തപുരത്ത് രാജ്ഭവനിൽ അവരോധിക്കപ്പെട്ട ആരിഫ് മുഹമ്മദ് ഖാന്റെ പ്രകടനം കാണുമ്പോൾ ബി.ജെ.പിക്ക് സംസ്ഥാന പ്രസിഡന്റ് എന്തിനാണെന്ന് ചോദിച്ചുപോകും. സംസ്ഥാന സർക്കാറിനെ ഇടം വലം തിരിയാൻ അനുവദിക്കാതെ ഇങ്ങനെ സമ്മർദത്തിലാക്കാൻ എത് ബി.ജെ.പി പ്രസിഡന്റിനെക്കൊണ്ട് സാധിക്കും? വന്നുവന്ന് കേരളത്തിലെ ഏക ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാലിനു പോലും അസഹനീയമായിരിക്കുന്നു അദ്ദേഹത്തിന്റെ പ്രകടനം.
ദേശീയ പൗരത്വ ഭേദഗതി ബില്ലിന്റെ പേരിലാണ് ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെ ഇടതു മുന്നണി സർക്കാറിനോട് കലഹിക്കുന്നതെന്ന് പ്രത്യക്ഷത്തിൽ തോന്നാം. പക്ഷേ  അദ്ദേഹത്തിന്റെ ഓരോ നീക്കവും വ്യക്തമാക്കുന്നത് സംസ്ഥാന സർക്കാറിനോട് നിരന്തര ഏറ്റുമുട്ടലിന് ഒരുമ്പെട്ടിറങ്ങിയതു പോലെയാണ്. എം.ജി യൂനിവേഴ്‌സിറ്റിയിലെ അനധികൃത ഇടപാടുകൾ മുതൽ ഏറ്റവുമൊടുവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസ് വരെ ആരിഫ് മുഹമ്മദ് ഖാൻ കേരള സർക്കാറുമായി നിരന്തര കലഹത്തിലാണ്. അതിനിടയിൽ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുള്ള ഭിന്നത ആ ഏറ്റുമുട്ടൽ പാരമ്യത്തിലെത്തിച്ചു.
കേന്ദ്ര സർക്കാർ കൃത്യമായ ലക്ഷ്യത്തോടെ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയോട് ഇന്ത്യയിൽ തന്നെ ഏറ്റവും ശക്തമായ എതിർപ്പുയർന്ന സംസ്ഥാനമാണ് കേരളം. ഉത്തർ പ്രദേശിലെ പോലെ അക്രമാസക്ത പ്രതിഷേധങ്ങളോ, ബംഗാളിലെ പോലെ വമ്പൻ റാലികളോ ഉണ്ടായില്ലെങ്കിലും കേരളത്തിന്റെ പൊതുമനസ്സ് ഏതാണ്ട് ഒറ്റക്കെട്ടായി തന്നെ വിവേചനപരമായ ഈ നിയമത്തോടും സംശയാസ്പദമായ പൗരത്വ രജിസ്റ്ററിനോടുമുള്ള എതിർപ്പ് പ്രകടമാക്കി. അക്രമ സമരങ്ങളോ, വൈകാരിക പ്രകടനങ്ങളോ കൊണ്ടായിരുന്നില്ല, മറിച്ച് ഭരണഘടനക്കും രാജ്യം ഇതുവരെ കൈക്കൊണ്ടിട്ടുള്ള മൂല്യങ്ങൾക്കും നിരക്കാത്ത ഇത്തരമൊരു നിയമത്തിന്റെ അസാംഗത്യം വ്യക്തമായി ബോധ്യപ്പെട്ടുകൊണ്ടായിരുന്നു കേരളത്തിന്റെ എതിർപ്പ്. അതുകൊണ്ടാണ് കേരള നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയത്. കേരളത്തിന്റെ ഈ തന്റേടം പിന്നീട് മറ്റു പല സംസ്ഥാനങ്ങൾക്കും ഇക്കാര്യത്തിൽ ശക്തമായ നിലപാട് കൈക്കൊള്ളാൻ പ്രേരകമായി.
പൗരത്വ നിയമത്തെക്കുറിച്ച് വിശദീകരിക്കാൻ എത്തിയ കേന്ദ്ര മന്ത്രി കിരൺ റിജിജു അടക്കമുള്ളവർ നാണം കെട്ട് മടങ്ങുന്നതിനും കേരളം സാക്ഷിയായി. പിന്തുണ കിട്ടുമെന്ന് കരുതി സാഹിത്യകാരൻ ജോർജ് ഓണക്കൂറിനെയും ബിഷപ്പ് സൂസൈപാക്യത്തെയും സമീപിച്ച കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാക്കളും അവർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാനാവാതെ ഇളിഭ്യരായി മടങ്ങി. പ്രമുഖ വ്യക്തികൾ മാത്രമല്ല, സാധാരണക്കാർ പോലും പൗരത്വ നിയമ ഭേദഗതിയിലെ വിവേചനത്തെക്കുറിച്ച്, ബി.ജെ.പി നേതാക്കളെ തിരിച്ച് ബോധവൽക്കരിക്കുകയായിരുന്നു. കാമ്പയിനുമായി വന്ന ബി.ജെ.പി പ്രവർത്തകരുടെ ജാതി നോക്കി വീട്ടിലേക്ക് കടക്കാൻ അനുവാദം നൽകിക്കൊണ്ട്, നിയമത്തിന്റെ കുഴപ്പമെന്തെന്ന് അവരെ ലളിതമായി ബോധ്യപ്പെടുത്തിക്കൊടുത്ത തിരുവനന്തപുരത്തെ മോഹനൻ നായരെക്കുറിച്ചുള്ള കോൺഗ്രസ് നേതാവ് വി.ഡി. സതീശന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാണ്.
കേരളത്തിന്റെ ഈ നിലപാടിനോട് ബി.ജെ.പി നേതൃത്വത്തിനും കേന്ദ്ര സർക്കാറിനുമുള്ള രോഷമാണ് ആരിഫ്  മുഹമ്മദ് ഖാൻ പ്രകടിപ്പിക്കുന്നത്. വാസ്തവത്തിൽ അത് കേരള സർക്കാറിനോടോ പ്രതിപക്ഷത്തോടോ ഉള്ള എതിർപ്പല്ല. ഈ സംസ്ഥാനത്തോടും ഇവിടത്തെ ജനങ്ങളോടും മൊത്തത്തിലുള്ളതാണ്. അതാണ് ഗവർണർ എന്ന പദവിയുടെ ഔന്നത്യം പോലും നോക്കാതെ സാദാ രാഷ്ട്രീയക്കാരനെപ്പോലെ എപ്പോഴും അദ്ദേഹം ഫൈറ്റിംഗ് മൂഡിൽ നിൽക്കുന്നത്. മുമ്പ് കോൺഗ്രസുകാരനായിരിക്കേ രാജീവ് ഗാന്ധി മന്ത്രിസഭയിൽ അംഗമായിരിക്കുകയും ഷാബാനു കേസിനെത്തുടർന്ന് കേന്ദ്ര സർക്കാർ പാസാക്കിയ നിയമത്തിൽ പ്രതിഷേധിച്ച് മന്ത്രിസഭയിൽനിന്ന് പുറത്തു പോയ മഹാനാണ് അദ്ദേഹം. പിന്നീട് പല പാർട്ടികളിൽ ചേരുകയും സ്വന്തം പാർട്ടി രൂപീകരിക്കുകയും ചെയ്ത ഗതികിട്ടാപ്രേതമായി അലഞ്ഞുതിരിഞ്ഞ് ഒടുവിൽ മോഡിക്കാലത്തെ അനന്തസാധ്യതകൾ മുന്നിൽ കണ്ട് ബി.ജെ.പിയിൽ അഭയം പ്രാപിച്ചു. അങ്ങനെ കിട്ടിയ ഭിക്ഷയാണ് ഇപ്പോഴത്തെ ഗവർണർ പദവി. രാജീവ് ഗാന്ധി മന്ത്രിസഭയിൽനിന്ന് പുറത്തു പോയി മൂന്ന് പതിറ്റാണ്ടുകൾക്കു ശേഷം കിട്ടുന്ന ഏറ്റവും ഉയർന്ന സ്ഥാനം. അതിന്റെയൊരു ഉന്മാദം കൂടിയാണോ ഈ കാട്ടിക്കൂട്ടലെന്ന് തോന്നിപ്പോവുന്നു അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോൾ.
നിയമത്തിന്റെയും ചട്ടങ്ങളുടെയും സാങ്കേതികത്വം പറഞ്ഞാണ് അദ്ദേഹം കേരള സർക്കാറിനോട് കൊമ്പുകോർക്കുന്നത്. പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത് ശരിയായില്ലെന്നാണ് അദ്ദേഹത്തിന്റെ ഒരു കണ്ടെത്തൽ. ഫെഡറൽ സംവിധാനം നിലനിൽക്കുന്ന ഇന്ത്യയിൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ പെടുന്ന തുല്യതക്കും സമത്വത്തിനും നിരക്കാത്ത ഒരു നിയമം പാർലമെന്റിൽ ഭൂരിപക്ഷമുണ്ടെന്ന് കരുതി ഒരു കേന്ദ്ര സർക്കാർ പാസാക്കുമ്പോൾ, അതിനോട് വിയോജിപ്പ് രേഖപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അവകാശമില്ലെന്ന് എവിടെയാണ് പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല. മുമ്പ് താങ്കൾ കൂടി ഉൾപ്പെട്ട കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ നിയമത്തെ പരസ്യമായി എതിർത്ത വ്യക്തിയല്ലേ സർ, താങ്കൾ. ജനാധിപത്യത്തിൽ എതിർക്കാനും വിയോജിക്കാനും പാടില്ലെന്നാണോ താങ്കളിപ്പോൾ പറയുന്നത്. അതോ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം യജമാനനും ഭൃത്യനുമെന്ന നിലയിലാണെന്നോ?
പൗരത്വ നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കുന്നതിനു മുമ്പ് തന്റെ അനുമതി തേടിയില്ലെന്നതാണ് ഗവർണറുടെ മറ്റൊരു ഉടക്ക്. സാങ്കേതികമായി ആ പറഞ്ഞതിൽ കാര്യമുണ്ട്. പക്ഷേ അനുമതി തേടിയാൽ അദ്ദേഹം കൊടുക്കുമായിരുന്നോ? ഉടക്കുവെച്ച് സർക്കാറിനെ തടസ്സപ്പെടുത്തുകയല്ലേ ചെയ്യുകയുള്ളൂ. ഭരണഘടനാ വിരുദ്ധവും മാനുഷിക വിരുദ്ധവുമായ ഒരു ബിൽ പാർലമെന്റ് പാസാക്കിക്കഴിഞ്ഞ സ്ഥിതിക്ക്, കോടതിയിലൂടെ മാത്രമേ അതിനെ തിരുത്താനാവൂ എന്നിരിക്കേ, ആ നിയമപരമായ മാർഗം തേടുന്ന ഒരു സംസ്ഥാന സർക്കാറിനെ ചട്ടം പഠിപ്പിക്കാൻ നോക്കുന്നത് ഏതായാലും നല്ല ഉദ്ദേശ്യത്തോടെയല്ല.
താൻ ഗവർണർ എന്ന നിലയിൽ നടപടിക്രമങ്ങൾ (റൂൾസ് ഓഫ് പ്രൊസീജ്യർ) പാലിക്കുകയാണ്  ചെയ്യുന്നതെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത്. കേന്ദ്ര മന്ത്രി വി. മുരളീധരനും ബി.ജെ.പി നേതാക്കളുമെല്ലാം അതു തന്നെ പറയുന്നു. ഇത് കേട്ടാൽ തോന്നും ഈ റൂൾസ് ഓഫ് പ്രൊസീജ്യർ എന്നത് ഇവരൊക്കെ വള്ളിപുള്ളി തെറ്റാതെ പാലിക്കുന്ന പരിപാവനമായ കാര്യമാണെന്ന്. മഹാരാഷ്ട്രയിൽ അധികാരം പിടിക്കാൻ വേണ്ടി എല്ലാ നടപടിച്ചട്ടങ്ങളും ജനാധിപത്യ മര്യാദകളും ലംഘിച്ച് അർധരാത്രി പ്രസിഡന്റിനെക്കൊണ്ട് രാഷ്ട്രപതി ഭരണം പിൻവലിപ്പിക്കുകയും കൊച്ചുവെളുപ്പാൻ കാലത്ത് ദേവേന്ദ്ര ഫട്‌നാവിസിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കുകയും ചെയ്ത കൂട്ടരാണിവർ. ഭൂരിപക്ഷമില്ലാതിരുന്നിട്ടും അധികാരം പിടിക്കാനും ഭൂരിപക്ഷമുള്ള സർക്കാറുകളെ പിൻവാതിലിലൂടെ അട്ടിമറിക്കാനും വിവിധ സംസ്ഥാനങ്ങളിൽ ഇവർ കാട്ടിക്കൂട്ടിയ കുതന്ത്രങ്ങൾക്ക് എപ്പോഴെങ്കിലും റൂൾസ് ഓഫ് പ്രൊസീജ്യർ ബാധകമായിരുന്നോ?
പൗരത്വ നിയമ ഭേദഗതിയുമായി കേന്ദ്ര സർക്കാർ നീക്കമാരംഭിച്ചപ്പോൾ അതിനെ അനുകൂലിച്ച് ശക്തമായി വാദിക്കുന്ന വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ. ആഭ്യന്തര മന്ത്രി അമിത് ഷായുടെ സംസാരത്തിന്റെ പ്രതിധ്വനി പോലെയാണ് ഇക്കാര്യത്തിൽ ആരിഫ് മുഹമ്മദ് ഖാന്റെ വാദം. മുമ്പേ തന്നെ നടപ്പാക്കേണ്ടതായിരുന്നു ഈ നിയമമെന്നും വേണ്ടിവന്നാൽ നിയമം നടപ്പാക്കാൻ ബലം പ്രയോഗിക്കണമെന്നും അദ്ദേഹം വാദിക്കുന്നു. പതിറ്റാണ്ടുകളായി രാഷ്ട്രീയ രംഗത്തുള്ള അദ്ദേഹം ബി.ജെ.പിയിൽ എത്തുന്നതിനു മുമ്പ് എപ്പോഴെങ്കിലും ഇങ്ങനെയൊരു ആവശ്യമുന്നയിച്ചിരുന്നോ എന്നറിയില്ല. 
അര ഡസൻ പാർട്ടികളിൽ മാറിമാറി ചേരുകയും അതിനനുസരിച്ച് നയം മാറ്റുകയും ചെയ്തിട്ടുള്ള ആരിഫ് മുഹമ്മദ് ഖാന് ഇപ്പോൾ വേണ്ടത് തന്റെ യജമാനനായ അമിത് ഷായെ പ്രീതിപ്പെടുത്തുകയാണ്. ഈ കലഹവും കാട്ടിക്കൂട്ടലുമൊക്കെ അതിന്റെ ഭാഗമായി കണ്ടാൽ മതി.
ഒന്നാം മോഡി സർക്കാറിന്റെ കാലത്ത്, കേന്ദ്രത്തിന്റെ താളത്തിനൊത്ത് തുള്ളി, ദൽഹിയിലെ അരവിന്ദ് കെജ്‌രിവാൾ സർക്കാറിനെ ശ്വാസം മുട്ടിച്ച മഹാനാണ് മുൻ ലെഫ്റ്റനന്റ് ഗവർണർ നജീബ് ജങ്. അദ്ദേഹമിപ്പോൾ ആ പദവിയിലില്ല. അതുകൊണ്ടായിരിക്കും കഴിഞ്ഞ ദിവസം ദൽഹിയിലെ ജാമിഅ മില്ലിയ സന്ദർശിച്ച അദ്ദേഹം പൗരത്വ നിയമം പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ആരിഫ് മുഹമ്മദ് ഖാനും കുറെ കഴിയുമ്പോൾ അങ്ങനെയൊരു തിരിച്ചറിവ് വരുമയിരിക്കും.


 

Latest News