Sorry, you need to enable JavaScript to visit this website.

തെരുവിലെ പോരാട്ടത്തിൽ ഗാന്ധിജിയുടെ കൊച്ചു മകനുമുണ്ട്

ഏഴ് ആഴ്ചകളോളമായി നടക്കുന്ന സമാധാനപൂർണമായ പൗരത്വ നിയമ വിരുദ്ധ പോരാട്ടം ഇന്ത്യയുടെ മഹത്വം ലോക സമക്ഷം ഉയർത്തി എന്ന നിരീക്ഷണവും രാജ്‌മോഹൻ ഗാന്ധി നടത്തിയിട്ടുണ്ട്. ഒരു സമരം വഴി രാജ്യം മഹത്വവൽക്കരിക്കപ്പെട്ടുവെന്ന് പറയാൻ ഗാന്ധിജിയുടെ കൊച്ചുമകനോളം അനുയോജ്യൻ മറ്റാരുമുണ്ടാകുമെന്ന് തോന്നുന്നില്ല.
 

ഇന്ത്യയിലെ തെരുവായ തെരുവെല്ലാം ഇപ്പോഴും ആസാദി മുദ്രാവാക്യത്തിലാണ്. എല്ലാ സമരങ്ങളിലും കൊച്ചു കുഞ്ഞുങ്ങൾ പോലും  ലക്ഷ്യബോധത്തോടെ അണിനിരക്കുന്നു. സ്‌കൂൾ വിട്ടു വന്ന് വൈകുന്നേരങ്ങളിൽ തൊണ്ട പൊട്ടി ആസാദി വിളിക്കുന്ന അവർ ഒന്നുമറിയാതെ വീട്ടിൽ  പോയി തളർന്നുറങ്ങുന്നു.  കേരളത്തിലെ തെരുവുകളിൽ  ചൊവ്വാഴ്ച വൈകുന്നേരവും നടന്ന പൗരത്വ ബിൽ പ്രക്ഷോഭത്തിൽ അണിചേർന്ന അത്തരം കുഞ്ഞുങ്ങൾ അറിഞ്ഞിരിക്കില്ല അവരുടെ അഹിംസാ സമരത്തെ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും ചരിത്രകാരനുമായ രാജ്‌മോഹൻ ഗാന്ധി  തത്സമയം ചെന്നൈയിൽ മനസാ ഏറ്റുവാങ്ങിയെന്ന്. ഇങ്ങനെയൊരു സമരം നടന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യക്ക് എന്ത് സംഭവിക്കുമായിരുന്നുവെന്ന് ചെന്നൈയിൽ പൊതുചടങ്ങിൽ സംസാരിക്കവേ അദ്ദേഹം  മനസ്സിൽ തട്ടും വിധം ആശങ്കപ്പെട്ട വാർത്ത പോരാട്ട വഴിയിലുള്ളവർക്ക് വലിയ ആവേശം തന്നെയാകും നൽകുക എന്നുറപ്പാണ്. 'പൗരത്വ ബില്ലിനെതിരെ ഇതുപോലൊരു അഹിംസാ പ്രക്ഷോഭം  പൊട്ടി പുറപ്പെട്ടില്ലായിരുന്നുവെങ്കിൽ അവർ ഇന്ത്യയെ ഒരു തരം ഹിന്ദു രാജ്യമാക്കുമായിരുന്നു. ഇനിയിപ്പോൾ അതു സംഭവിച്ചാൽ തന്നെ ഇന്ത്യൻ ജനതയുടെ എതിർപ്പില്ലാതെയാണ് അതു നടന്നതെന്ന് ഒരാൾക്കും പറയാനാകില്ലല്ലോ. ജനത അവരിൽ കാലം ഏൽപിച്ച ദൗത്യം സമാധാനപൂർവം നിർവഹിക്കുകയായിരുന്നു രാജ് മോഹൻ ഗാന്ധി ഇപ്രകാരമാണ്  പ്രക്ഷോഭകാരികൾക്ക്  വാക്കുകളിൽ ഊർജം നൽകുന്നത്.  ഇങ്ങനെയൊരു ജനമുന്നേറ്റമുണ്ടാകുമെന്ന് ഇന്ത്യയിലെ ബുദ്ധിശാലികളൊന്നും കണക്കു കൂട്ടിയിരുന്നില്ല.  
ചെന്നൈയിലെ  ചടങ്ങിൽ രാജ് മോഹൻ ഗാന്ധിയുടെ വാക്കുകൾ ഇങ്ങനെ തുടരുന്നു-  'ഈ പോരാട്ടത്തിന്റെ ഫലമെന്താകും എന്ന് നമുക്കറിയില്ല. എങ്കിലും വിദ്യാർഥികളും ചെറുപ്പക്കാരും ചെറുപ്പക്കാരികളും വൃദ്ധ സ്ത്രീകളും ആഴ്ചകളായി  പോരാട്ടം തുടരുന്നു. രാത്രിയുടെ കഠിന തണുപ്പൊന്നും അവർ വകവെക്കുന്നേയില്ല. തണുപ്പിന്റെ കാഠിന്യത്തിലും അവർ ദൽഹി തെരുവുകളെ  രാത്രികളിൽ പോലും സമര മുദ്രാവാക്യങ്ങളിൽ നിറക്കുന്നു. സമാധാനം ലംഘിക്കാതെ, ഐക്യത്തോടെ 'സഹന സമരത്തിലൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യം നേടിയെടുത്ത മഹാനായ നേതാവിന്റെ  കൊച്ചു മകൻ  ഇന്ത്യൻ തെരുവുകളിലെ സമരത്തെ   ഉയർന്ന ചരിത്ര ബോധത്തോടെ അടയാളപ്പെടുത്തുകയാണ്. സമാധാനം മുറുകെ പിടിച്ചുകൊണ്ടുള്ള പ്രക്ഷോഭം അനുദിനമെന്നോണം പുതിയ പുതിയ ആളുകളെ സമര രംഗത്തെത്തിക്കുന്നതിൽ വിജയിക്കുകയാണ്.  രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ദേശീയ നേതാക്കൾ അന്ന് എന്തെടുക്കുകയായിരുന്നു വെന്ന് ചരിത്ര നിഷേധികളെ അദ്ദേഹം ഇങ്ങനെ ഓർമ്മപ്പെടുത്തുന്നുമുണ്ട്.  ദേശീയ സമര പോരാളികളെല്ലാം ഉൾക്കൊള്ളലിന്റെ ഭാഷ സംസാരിച്ചവരായിരുന്നു.  ദേശീയ സമരങ്ങളുടെ തുടക്ക കാലത്ത് തന്നെ ഗാന്ധിജി വെച്ചു പുലർത്തിയ സമീപനം ഇന്ത്യ  ആ രാജ്യത്ത് ജീവിക്കുന്ന എല്ലാവരുടേതുമാണെന്നായിരുന്നു. ഹിന്ദ് സ്വരാജിലെ ആദ്യ എഴുത്തിൽ തന്നെ ഗാന്ധിജി അക്കാര്യം പറഞ്ഞിരുന്നുവെന്ന കാര്യം രാജ് മോഹൻ ഗാന്ധി സന്ദർഭവശാൽ ഓർത്തെടുത്തിട്ടുണ്ട്. 'ഇന്ത്യ ഹിന്ദുക്കളുടേതല്ലെന്ന്  ഗാന്ധിജി തുറന്നെഴുതി.  രാജ്യം മുസ്‌ലിംകളുടേതും ക്രിസ്ത്യാനികളുടേതും സിക്ക്, ബുദ്ധ, പാർസി, ജൂത ജനതയുടേതുമാണ്. രാജ്യത്ത് ജീവിക്കുന്ന എല്ലാ മനുഷ്യർക്കും അവകാശം തുല്യമാണ്. ഗാന്ധിജി മറ്റൊരു കാര്യം ആവർത്തിച്ചു പറഞ്ഞിരുന്നു  ഇന്ത്യയെ നയിക്കേണ്ടവർ തങ്ങളാണെന്ന ചിന്തയും അവകാശബോധവും ഹിന്ദുക്കൾ  വെച്ചു പുലർത്തുകയേ വേണ്ട എന്നതാണത്. ഏഴ് ആഴ്ചയോളമായി നടക്കുന്ന സമാധാനപൂർണമായ പൗരത്വ നിയമ വിരുദ്ധ പോരാട്ടം ഇന്ത്യയുടെ മഹത്വം ലോക സമക്ഷം ഉയർത്തി എന്ന നിരീക്ഷണവും രാജ് മോഹൻ ഗാന്ധി നടത്തിയിട്ടുണ്ട്. 
ഒരു സമരം വഴി രാജ്യം മഹത്വവൽക്കരിക്കപ്പെട്ടുവെന്ന് പറയാൻ ഗാന്ധിജിയുടെ കൊച്ചുമകനോളം അനുയോജ്യൻ മറ്റാരുമുണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം മഹത്വ വഴികളിലെ ഇന്ത്യൻ സ്വാതന്ത്ര്യ സമരം ഇന്നും ലോകത്തിനാകെ മഹാമാതൃകയാണ്. ഏറ്റവും അവസാനം ഒബാമയടക്കമുള്ളവർ അതേറ്റു പറഞ്ഞിട്ടുണ്ട്.

Latest News