Sorry, you need to enable JavaScript to visit this website.

സോണിയാ ഗാന്ധി എതിര്‍ത്തു; കെ.പി.സി.സി പട്ടിക വീണ്ടും അനിശ്ചിതത്വത്തില്‍

ന്യൂദല്‍ഹി- വ്യാപക പരാതി ഉയര്‍ന്നതോടെ കെ.പി.സി.സി ഭാരവാഹികളുടെ ജംബോ പട്ടിക വീണ്ടും അനിശ്ചിതത്വത്തിലായി. പട്ടികയില്‍ ഒപ്പിടാന്‍  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിസമ്മതിച്ചു. പട്ടികയിലെ ഭാരവാഹി ബാഹുല്യവും ഒറ്റപദവി മാനദണ്ഡം ഒഴിവാക്കിയതിലും ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. വിദഗ്ധ ചികിത്സക്കായി സോണിയാ ഗാന്ധി ഇന്ന് വിദേശത്തേക്ക് പോകുന്നതിനാല്‍   പുനഃസംഘടന വീണ്ടും നീളാനാണ് സാധ്യതയെന്ന് പറയുന്നു.
കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ 155 പേരുടെ ഭാരവാഹിപ്പട്ടികയാണ് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെ അനുമതിക്കായി സമര്‍പ്പിച്ചിരുന്നത്. പട്ടിക സോണിയാ ഗാന്ധിക്ക് മുന്നിലെത്തിയെങ്കിലും അവര്‍ ഒപ്പിടാന്‍ വിസമ്മതിച്ചുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.  

പ്രവര്‍ത്തന മികവ് പരിഗണിക്കാതെയുള്ള ഭാരവാഹി പട്ടികക്കെതിരേ നിരവധി പരാതികളാണ് ഹൈക്കമാന്‍ഡിന് ലഭിച്ചത്. ഭാരാവാഹി പട്ടിക ചുരുക്കാനുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രമങ്ങള്‍ ഗ്രൂപ്പ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ വിജയിച്ചിരുന്നില്ല.

ആറ് വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്കു പുറമെ 13 വൈസ് പ്രസിഡന്റുമാര്‍, 42 ജനറല്‍ സെക്രട്ടറിമാര്‍, 94 സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്നതാണ് കെപിസിസി തയാറാക്കിയ ഭാരവാഹി പട്ടിക.

 

Latest News