Sorry, you need to enable JavaScript to visit this website.

കെ.ബാബുവിനെ എൻഫോഴ്‌സ്‌മെന്റ്  ചോദ്യം ചെയ്തു

കൊച്ചി- അനധികൃത സ്വത്ത് സമ്പാദന കേസിൽ കോൺഗ്രസ് എ ഗ്രൂപ്പ് നേതാവും മുൻ മന്ത്രിയുമായ കെ.ബാബുവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. എൻഫോഴ്‌സമെന്റിന്റെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.

2007 മുതൽ 2016 വരെയുള്ള കാലയളവിൽ കെ.ബാബു വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദനം നടത്തിയെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സമെന്റ് ചോദ്യം ചെയ്തത്. വിവിധ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ എൻഫോഴ്‌സമെന്റ് കെ.ബാബുവിൽനിന്നും ചോദിച്ചറിഞ്ഞു. വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചിട്ടില്ലെന്ന് കെ.ബാബു മറുപടി നൽകി. വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ എറണാകുളം സ്‌പെഷൽ സെൽ മൂവാറ്റുപുഴ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ കെ.ബാബു കാൽ കോടി രൂപയുടെ അധിക സ്വത്ത് സമ്പാദിച്ചതായി വ്യക്തമാക്കിയിരുന്നു.

2007 മുതൽ 2016 വരെ ബാബു എം.എൽ.എയും മന്ത്രിയുമായിരുന്ന കാലത്തെ വരുമാനമാണ് വിജിലൻസ് പരിശോധിച്ചത്. ഇക്കാലയളവിൽ 50 ലക്ഷത്തിന്റെ വരുമാനം കാണിച്ചപ്പോൾ ചെലവ് 75 ലക്ഷമെന്നാണ് ബാബു നൽകിയ മറുപടിയിൽ പറയുന്നത്. ഈ വരുമാനത്തിൽ 49.5 ശതമാനവും അനധികൃതമായി സമ്പാദിച്ചതാണെന്ന് വിജിലൻസ് കണ്ടെത്തി. ഇതിന് വ്യക്തമായ ഉറവിടമോ രേഖകളോ നൽകാൻ ബാബുവിനായില്ല. തൃപ്പൂണിത്തുറയിലെ വീട് അത്യാഡംബര രീതിയിലാക്കാനും പെൺമക്കളുടെ വിവാഹത്തിനുമാണ് കൂടുതൽ തുക ചെലവാക്കിയത്. 
കെ.ബാബു ഇപ്പോൾ താമസിക്കുന്ന വീട് സ്ഥിതി ചെയ്യുന്ന ഭൂമിയും പൈതൃക സ്വത്തായി കിട്ടിയ ഭൂമിയുമല്ലാതെ ബാബുവിന് മറ്റെവിടെയെങ്കിലും ഭൂമി ഉള്ളതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്താനായില്ല. വരവിൽ കവിഞ്ഞ് 100 കോടിയിലധികം രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്ന് വിജിലൻസിന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ 2016 സെപ്തംബറിലാണ് കെ.ബാബുവിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.

സംസ്ഥാന വിജിലൻസ് തനിക്കെതിരെ എടുത്ത കേസിന്റെ പശ്ചാത്തലത്തിലാണ് എൻഫോഴ്സ്‌മെന്റ് ചോദ്യം ചെയ്യാൻ വിളിച്ചതെന്ന് കെ.ബാബു മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മന്ത്രിയും എം.എൽ.എയുമായിരുന്ന അവസാന പത്ത് കൊല്ലത്തെ സാമ്പത്തിക സ്ഥിതിയാണ് വിജിലൻസ് അന്വേഷിച്ചത്. ഇതിൽ അഞ്ചു കൊല്ലം എം.എൽ.എയായിരുന്നു. ഈ അഞ്ചു കൊല്ലത്തെ എം.എൽ.എയുടെ നിയോജകമണ്ഡലം അലവൻസുമുണ്ട്. മന്ത്രിയായിരുന്ന സമയത്തെ ടി.എ ഉൾപ്പെടെ സംസ്ഥാന ട്രഷറിയിൽനിന്നും പിൻവലിച്ച 40 ലക്ഷം രൂപയുമുണ്ട്. ആ 40 ലക്ഷം രൂപ വിജിലൻസ് പരിഗണിച്ചില്ല. അവർ പറയുന്നത് കോടതി പരിശോധിക്കട്ടെയെന്നാണ്. വിജിലൻസ്തന്നെ മനഃപൂർവം ഉപദ്രവിക്കുകയായിരുന്നു. വിജിലൻസ് കേസിന്റെ പിന്നിലുള്ള ആ മഹാനെ എല്ലാവർക്കും അറിയാം. ചെയ്ത കർമങ്ങളുടെ ഫലമാണ് ഇപ്പോൾ ജേക്കബ് തോമസ് അനുഭവിക്കുന്നതെന്നും കെ.ബാബു പറഞ്ഞു.

 

Latest News