സോഷ്യൽ മീഡിയ വഴിയും അല്ലാതെയും അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നടപടി

ദമാം -സോഷ്യൽ മീഡിയ വഴിയും അല്ലാതെയും മറ്റുള്ളവരെ സഭ്യതക്കും പൊതുസംസ്‌കാരത്തിനും നിരക്കാത്ത വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കിഴക്കൻ പ്രവിശ്യ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരൻ നിർദേശം നൽകി. ഏതു മാധ്യമങ്ങളിലൂടെയും സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ച് മറ്റുള്ളവർക്ക് അപകീർത്തിയുണ്ടാക്കുന്നത് ആരു തന്നെയായാലും വെച്ചുപൊറുപ്പിക്കില്ല. അപകീർത്തിപ്പെടുത്തലുകളിൽ നിന്ന് ആളുകൾ അകന്നുനിൽക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. 
സുരക്ഷാ ഭടന്മാരിൽ ഒരാളെ തെറിവിളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമത്തിലൂടെ പുറത്തുവിട്ടയാളെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മേജർ ജനറൽ മൻസൂർ അൽതുർക്കി വ്യക്തമാക്കി. മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നവരെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യുന്നതിന് കിഴക്കൻ പ്രവിശ്യ ഗവർണർ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയതിനു പിന്നാലെയാണ് സുരക്ഷാ ഭടനെ അപകീർത്തിപ്പെടുത്തിയ പ്രതിയെ പിടികൂടി നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കിയത്.
 

Latest News