ഇറ്റലിയില്‍ വീട് വാങ്ങാം; വെറും 79 രൂപയ്ക്ക്!

റോം- സ്വന്തമായി വീട് വാങ്ങുക എന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിയ പ്രശ്‌നമാണ്. എന്നാല്‍ ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത ഓഫറുമായി ഇറ്റലിയില്‍ വീട് സ്വന്തമാക്കാന്‍ അവസരം. വെറും ഒരു യൂറോ( 78.89 ഇന്ത്യന്‍ രൂപ) യ്ക്കാണ് ഇറ്റലിയിലെ ബിസാക്കിയ ടൗണില്‍ വീടുകള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. 
ഇറ്റലിയിലെ കംബാനിയ മേഖലയിലാണ് ബിസാക്കിയ എന്ന ചെറിയ നഗരം. ഏകദേശം 90ലധികം വീടുകളാണ് ഇവിടെ തുച്ഛമായ വിലയ്ക്ക് വില്‍പ്പനയ്ക്കുള്ളതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇത്രയും വിലകുറവെന്നു അത്ഭുതപ്പെടാന്‍ വരട്ടെ, ഇടയ്ക്കിടെയുണ്ടാകുന്ന ചെറിയ ഭൂകമ്പങ്ങള്‍ കാരണമാണ് ഇവിടെ താമസിച്ചിരുന്നവരില്‍ മിക്കവരും പ്രദേശത്ത് നിന്ന് താമസംമാറിയത്. ഇതോടെ നഗരത്തിലെ ജനസംഖ്യ കുത്തനെ ഇടിഞ്ഞു. മറ്റിടങ്ങളിലേക്കുള്ള കുടിയേറ്റങ്ങള്‍ വര്‍ധിച്ചതോടെ ഇവിടെയുണ്ടായിരുന്ന വീടുകളെല്ലാം ഉപേക്ഷിക്കപ്പെട്ടനിലയിലായി.
പക്ഷേ, ആഡംബര വീടുകളാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതെന്ന് വിചാരിച്ച് ആരും ബിസാക്കിയയിലേക്ക് വരേണ്ട. തുടര്‍ച്ചയായ ഭൂകമ്പങ്ങള്‍ കാരണം മിക്ക കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ട്. മാത്രമല്ല, കെട്ടിടങ്ങളെല്ലാം ജീര്‍ണാവസ്ഥയിലുമാണ്. വീടുകള്‍ വാങ്ങുന്നവര്‍ അത് സ്വന്തംചെലവില്‍ തന്നെ നവീകരിക്കണമെന്ന് വില്‍പ്പനയ്ക്ക് മുമ്പ് പ്രത്യേകം പറയുന്നുണ്ട്. 
വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന വീടുകളെല്ലാം ഇപ്പോള്‍ ഭരണകൂടത്തിന്റെയും അംഗീകൃത വില്‍പ്പനക്കാരുടെയും കൈവശമാണുള്ളത്. അതിനാല്‍ വീടുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശങ്ക വേണ്ടെന്നും കുടുംബങ്ങളെയും സുഹൃത്ത് സംഘങ്ങളെയും ബിസാക്കിയയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും മേയര്‍ ഫ്രാന്‍സെസ്‌കോ ടാര്‍ട്ടാഗ്ലിയ പറയുന്നു.

Latest News