Wednesday , February   26, 2020
Wednesday , February   26, 2020

കേരള ഗവർണറുടെ  ധാർഷ്ട്യം 

പല സംസ്ഥാനങ്ങളിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർക്കാറുകൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അവിടെയൊന്നും ഗവർണർമാർ ഇതു പോലെ കേന്ദ്ര വിധേയത്വ പ്രകടനം നടത്തുന്നില്ല. അതുകൊണ്ട് ഗവർണർ പദവിയുടെ മാന്യത ഇല്ലാതാക്കുന്ന ആരിഫ് മുഹമ്മദ് ഖാന്റെ നടപടി തിരുത്തുന്നതിന് മറ്റു ഗവർണർമാരാണ് മുൻകൈയെടുക്കേണ്ടത്. ഇതോടൊപ്പം ഈ പദവി തന്നെ ആവശ്യമില്ലെന്ന നിലപാട് ശരിവെക്കുന്നതുമാണ് കേരള ഗവർണറുടെ നടപടികൾ.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ പോയതിനെ വിമർശിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിനെ ശക്തമായി എതിർത്ത മുൻ കേരള ഗവർണർ റിട്ട. ജസ്റ്റിസ് പി. സദാശിവത്തിന്റെ പ്രസ്താവന ഏറെ പ്രാധാന്യമുള്ളതും പുതിയ ചിന്തകൾക്ക് വഴിമരുന്നിടുന്നതുമാണ്. 
ഗവർണർ എന്ന പദവി തന്നെ ആവശ്യമുണ്ടോ എന്ന സംവാദം ഭരണഘടന രൂപീകരിക്കുന്ന കാലം മുതൽ ആരംഭിച്ചതും ഇപ്പോഴും തുടരുന്നതുമാണ്. ആവശ്യമില്ല എന്ന അഭിപ്രായത്തിനാണ് മുൻതൂക്കവും. എങ്കിലും സംസ്ഥാന ഭരണങ്ങളിൽ അനാവശ്യമായി ഇടപെടുന്നതിനുള്ള ഉപകരണമായി പലപ്പോഴും ഉപയോഗിക്കപ്പെട്ടുവെന്നതിനാൽ ആ പദവി ഒഴിവാക്കുന്നതിന് രാജ്യം ഭരിച്ചവർ താൽപര്യം കാട്ടിയില്ലെന്നതാണ് വസ്തുത. ഗവർണർമാർ അമിതാധികാര പ്രവണത കാട്ടിയ പല സന്ദർഭങ്ങളും സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഈ പദവിയുടെ ആവശ്യകതയെ കുറിച്ചുള്ള സംവാദങ്ങൾ ഉയർന്നുവരികയും ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് ഗവർണർ എന്ന പദവിയുണ്ടെന്നത് പ്രൈമറി ക്ലാസുകളിലെ പാഠഭാഗം മാത്രമാണ്.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നതു പോലെ സംസ്ഥാന ഭരണത്തിന്റെ അധിപൻ ഗവർണറാണെന്ന് ഭരണഘടന പറയുന്നുണ്ട്. ഗവർണർ പ്രവർത്തിക്കേണ്ടത് സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ നിർദേശങ്ങൾക്കനുസരിച്ചാവണമെന്ന് ഭരണഘടനാ ശിൽപിയായ ഡോ. അംബേദ്കർ കൂട്ടിച്ചേർക്കുകയും ചെയ്തു. ഇതെല്ലാം കൊണ്ടു തന്നെ ഭരണത്തിന്റെ അധിപൻ ആരാണെന്ന ചോദ്യത്തിന് രാഷ്ട്രീയ സാമൂഹ്യ രംഗത്തെക്കുറിച്ച് പ്രാഥമികമായി മനസ്സിലാക്കുന്ന ഒരു വിദ്യാർത്ഥി പോലും പെട്ടെന്ന് നൽകുന്ന ഉത്തരം ഗവർണർ എന്നായിരിക്കില്ല. മറിച്ച് മുഖ്യമന്ത്രി എന്നായിരിക്കും. ഭരണഘടനയുടെ വകുപ്പുകൾ ഹൃദിസ്ഥമാക്കിയിട്ടില്ലാത്ത സാധാരണക്കാരുടെ മനോഭാവവും അതു തന്നെയായിരിക്കും.
സർക്കാർ ഉത്തരവുകൾ ശ്രദ്ധിക്കുന്നവർക്കറിയാം എല്ലാറ്റിലും ഗവർണർക്കു വേണ്ടി എന്ന് അച്ചടിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ അവധി അനുവദിക്കുന്ന ഉത്തരവിൽ പോലും അതുണ്ട്. ഇതുവെച്ച് സർക്കാർ ജീവനക്കാർക്ക് അവധി അനുവദിക്കേണ്ടത് തന്റെ അധികാരമാണെന്ന് ഒരു ഗവർണർ അവകാശപ്പെട്ടാൽ മൂക്കത്ത് വിരൽ വെക്കാനേ സാധിക്കുകയുള്ളൂ. അത്തരം ഒരു മനോഭാവം സാധാരണക്കാരിൽ സൃഷ്ടിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പെരുമാറിക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട നിയമസഭയേക്കാൾ മുകളിലാണ് എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ നിലപാടുകൾ. സംസ്ഥാന സർക്കാറിന്റെയും നിയമസഭയുടെയും ഉപദേശ നിർദേശങ്ങൾക്കനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് വളരെ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുണ്ട്.
ഭൂരിപക്ഷമുള്ള രാഷ്ട്രീയ പാർട്ടിയുടെ നേതാവിനെ മുഖ്യമന്ത്രിയായി ക്ഷണിക്കുകയെന്ന ചുമതല നിർവഹിക്കുന്നത് ഭരണഘടനാപരമായ കാരണങ്ങളാൽ ഗവർണറാണ്. അതിനർത്ഥം തോന്നിയ ഒരാളെ മുഖ്യമന്ത്രിയാക്കാനും അല്ലാതാക്കാനും അധികാരമുണ്ടെന്നല്ല. ജനങ്ങൾ വോട്ട് ചെയ്ത് ഭൂരിപക്ഷം നേടുന്ന കക്ഷിയുടെയോ മുന്നണിയുടെയോ നേതാവിനെ മുഖ്യമന്ത്രിയാക്കുന്നതിന് മാത്രമേ ഗവർണർക്ക് അധികാരമുള്ളൂ. അങ്ങനെയല്ലാത്ത നിലപാടുകൾ ഗവർണർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായപ്പോൾ അത് തിരുത്തിയ നടപടി പരമോന്നത കോടതിയിൽ നിന്നുണ്ടായതിന്റെ ഉദാഹരണങ്ങൾ സമീപകാലത്തു പോലും ഉണ്ടായിട്ടുണ്ട്. കർണാടകയിലും മഹാരാഷ്ട്രയിലും അതാണ് ഒരു വർഷത്തിനിടെ സംഭവിച്ചത്. കൂറുമാറുന്ന അംഗങ്ങളെ അയോഗ്യരാക്കുന്നതു പോലുളള സുപ്രധാന ചുമതലകൾ പോലും ഗവർണർമാർക്കല്ല, സ്പീക്കർമാർക്കാണ് നമ്മുടെ നിയമ സംഹിത അനുവദിച്ചു നൽകിയിട്ടുള്ളത്.
ഇതെല്ലാം പരിഗണിക്കുമ്പോൾ സംസ്ഥാന ഗവർണർ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് മനസ്സിലാക്കാവുന്നതാണ്. ഗവർണർ പദവിയെന്നത് കേന്ദ്രത്തിന്റെ ഏജൻസിപ്പണിയാണെന്ന പരിഹാസം ചില കോണുകളിൽ നിന്നുയരാറുണ്ട്. ഇപ്പോഴത്തെ ഗവർണറുടെ നടപടികൾ കാണുമ്പോൾ അത് ശരിയാണെന്ന് തോന്നിയാൽ അവരെ കുറ്റപ്പെടുത്താനാവില്ല. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് നാടു മുഴുവൻ നടക്കുന്ന ഗവർണറുടെ നടപടി യഥാർഥത്തിൽ പരിഹാസ്യമാണ്. പോകുന്നിടത്തെല്ലാം വാർത്താസമ്മേളനം വിളിച്ചുചേർത്ത് രാഷ്ട്രീയ പ്രസംഗം നടത്തുകയെന്നത് അദ്ദേഹം പതിവാക്കിയിരിക്കുകയാണ്. സംസ്ഥാന സർക്കാറുകളും ഗവർണർമാരും അഭിപ്രായ വ്യത്യാസം ഉടലെടുത്ത സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. എങ്കിലും താൻ ഇരിക്കുന്ന പദവിയുടെ മഹത്വം മനസ്സിലാക്കാതെ സംസ്ഥാന സർക്കാറിനെ ശത്രുരാജ്യത്തെ ഭരണാധികാരികളെന്നതു പോലെ കാണുന്നുവെന്നാണ് അദ്ദേഹത്തിന്റെ ചെയ്തികൾ തോന്നിപ്പിക്കുന്നത്.
ഇത്തരം ഗവർണർമാരെ ഇന്ത്യയുടെചരിത്രത്തിൽ തന്നെ കണ്ടെത്താനാവില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംസ്ഥാനത്തിന്റെ പ്രതിഷേധത്തെ തുടർന്നാണ് ഗവർണർ പച്ചയായ രാഷ്ട്രീയ വിദ്വേഷത്തോടെ പ്രവർത്തിക്കാൻ തുടങ്ങിയത്. പിന്നീട് തൊടുന്നതെല്ലാം വിവാദമാക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഗവർണർ എന്ന പദവിക്ക് ഇത്രയേ മഹത്വമുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ പ്രവൃത്തികളിലൂടെ സ്ഥാപിക്കപ്പെടുന്നത്. സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനങ്ങളിൽ പോലും ഇടപെടുക, സർക്കാറിന്റെ ദൈനംദിനകാര്യങ്ങളിൽ പോലും അപ്രമാദിത്വം സ്ഥാപിക്കാൻ ശ്രമിക്കുക, എന്നിങ്ങനെ ആ പദവിയുടെ വില കുറയ്ക്കുന്ന സമീപനങ്ങളാണ് കേരള ഗവർണർ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങൾക്കും ഗവർണർമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റ്‌നന്റ് ഗവർണർമാരുമുണ്ട്.
പല സംസ്ഥാനങ്ങളിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർക്കാറുകൾ തന്നെ രംഗത്തെത്തിയിട്ടുമുണ്ട്. അവിടെയൊന്നും ഗവർണർമാർ ഇതുപോലെ കേന്ദ്ര വിധേയത്വ പ്രകടനം നടത്തുന്നില്ല. അതുകൊണ്ട് ഗവർണർ പദവിയുടെ മാന്യത ഇല്ലാതാക്കുന്ന ആരിഫ് മുഹമ്മദ് ഖാന്റെ നടപടി തിരുത്തുന്നതിന് മറ്റു ഗവർണർമാരാണ് മുൻകൈയെടുക്കേണ്ടത്. ഇതോടൊപ്പം ഈ പദവി തന്നെ ആവശ്യമില്ലെന്ന നിലപാട് ശരിവെക്കുന്നതുമാണ് കേരള ഗവർണറുടെ നടപടികൾ.