Wednesday , February   26, 2020
Wednesday , February   26, 2020

ഇന്ത്യയെ ഉണർത്തിയത് കാമ്പസുകൾ

വിവാദമായ പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത് ഇക്കഴിഞ്ഞ ഡിസംബർ 12 ന്. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് സോണിയാ ഗാന്ധി വിശേഷിപ്പിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ രണ്ട് ദിനോസറുകളുടെ കാര്യം പറഞ്ഞത് എന്താണ് സംഭവിക്കുന്നതെന്നതിനെ കുറിച്ച് ഭാരതീയർക്ക് ഏകദേശ ചിത്രവും നൽകി. ജമ്മു കശ്മീരിലേത് പോലെ കാര്യങ്ങൾ എളുപ്പമാവുമെന്നാണ് ഭരണാധികാരികൾ കണക്കു കൂട്ടിയിരുന്നത്. ഭരണഘടനയുടെ ആമുഖത്തിൽ പറഞ്ഞ കാര്യങ്ങളുടെ ലംഘനമാണ് നിയമ നിർമാണത്തിലൂടെ നടന്നത്. മൂന്ന് അയൽ രാജ്യങ്ങളിൽ നിന്ന് വരുന്ന പീഡിതരെ രക്ഷിക്കാനാണ് നിയമമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഭരണഘടനയിൽ കൈവെച്ചപ്പോൾ കളി കാര്യമായി. ഇതൊരു മുസ്‌ലിം വിഷയം മാത്രമല്ലെന്ന് തിരിച്ചറിഞ്ഞാണ് വിസ്തൃതമായ ഇന്ത്യാ രാജ്യത്തെ ആക്ടിവിസ്റ്റുകൾ സട കുടഞ്ഞെഴുന്നേറ്റത്. പാർലമെന്റ് പിരിഞ്ഞപ്പോൾ മുഖ്യധാരാ രാഷ്ട്രീയ നേതൃത്വം പതിവു പോലെ ആലസ്യത്തിലായിരുന്നു. അവരെ വിളിച്ചുണർത്തിയത് ഇന്ത്യയിലെ കാമ്പസുകളാണ്. മുതിർന്ന രാഷ്ട്രീയ നേതൃത്വത്തിന് കൗമാരം വഴികാട്ടിയായ അപൂർവ സംഭവം. സെക്യുലർ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി. സി.എ.എ പ്രശ്‌നമായ ദിവസം അദ്ദേഹമിറക്കിയ പ്രസ്താവന കുഴപ്പമുണ്ടാക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാമെന്നതായിരുന്നു. ഡിസംബർ 15 നാണ് ദൽഹി ജാമിഅ ഇസ്‌ലാമിയ സർവകലാശാലയിൽ ഭീകരമായ പോലീസ് അതിക്രമമുണ്ടായത്. ദേശീയ മാധ്യമങ്ങൾ ഇപ്പോൾ സർക്കാർ വിരുദ്ധമെന്ന് അവർ കരുതുന്ന വാർത്തകൾ നൽകാറേ ഇല്ല. ദൽഹിയിൽ വീണ്ടും കുഴപ്പമുണ്ടായ ദിവസം ഒരു പ്രമുഖ ചാനൽ തലസ്ഥാനത്ത് സംഘർഷം തിരിച്ചെത്തി എന്ന ശീർഷകത്തിൽ നൽകിയ  ലൈവ് വാർത്തയുടെ തൽക്ഷണ പ്രതികരണങ്ങളേറെയും സി.എ.എയെ അനുകൂലിക്കുന്നതായിരുന്നു. സുഖ സൗകര്യങ്ങളോടെ അർബൻ എലീറ്റ് ക്ലാസ് അമിത് ഷായുടെ നിയമത്തെ അനുകൂലിക്കുന്നുവെന്നർഥം. ഇതു കൊണ്ടാവണം ദൽഹിയിലെ രക്ഷകനായ അരവിന്ദ് കെജ്‌രിവാൾ ഇതു വരെ സി.എ.എ വിഷയത്തിൽ അഭിപ്രായമൊന്നും പറയാത്തത്. നരേന്ദ്ര മോഡിയെ ദേശീയ രാഷ്ട്രീയത്തിൽ മാർക്കറ്റ് ചെയ്ത 2014 ൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട മറ്റു രണ്ട് താരങ്ങളാണല്ലോ അരവിന്ദ് കെജ്‌രിവാളും അണ്ണാ ഹസാരെയും. വിഷയത്തിന്റെ ഗൗരവം സോണിയാ ഗാന്ധി മനസ്സിലാക്കിയത് പോലെ കൂടുതൽ രാഷ്ട്രീയ നേതാക്കളൊന്നും അറിഞ്ഞിരുന്നില്ല. ജാമിഅ സമരവും തുടർന്നുള്ള സംഭവങ്ങളുമാണ് എല്ലവരുടെയും കണ്ണ് തുറപ്പിച്ചത്.  ഡിസംബർ 15 നാണ് ജാമിഅ കാമ്പസിൽ പോലീസ് നരനായാട്ട് നടത്തിയത്. ബസുകൾക്ക് പോലീസ് തീവെക്കുന്ന ദൃശ്യം മാതൃഭൂമി പോലെ ക്രെഡിബിലിറ്റിയുള്ള പത്രങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ജാമിഅ സംഭവത്തെ തുടർന്ന് അർധരാത്രി തന്നെ രാജ്യത്തെ പ്രധാന സർവകലാശാലാ കാമ്പസുകൾ ഉറക്കം വിട്ടുണർന്നു. ബനാറസ് ഹിന്ദു സർവകലാശാല വിദ്യാർഥികൾ അന്ന് രാത്രി തന്നെ ഐക്യദാർഢ്യ പ്രകടനം നടത്തി. ചരിത്രത്തിലാദ്യമായി സമരത്തിന് സാക്ഷ്യം വഹിച്ച കാമ്പസുകൾ വരെയുണ്ടായി. തുടർന്നാണ് ജനുവരി അഞ്ചിന് ദൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ എഴുപത് മുഖംമൂടി ധാരികളെത്തി അക്രമമഴിച്ചു വിട്ടത്. ഇന്ത്യയുടെ ഭരണ സിരാകേന്ദ്രത്തിന് വിളിപ്പാടകലെയുള്ള കാമ്പസിൽ മൂന്ന് മണിക്കൂർ ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിട്ടും പോലീസ് വിവരമറിഞ്ഞില്ല. ദൽഹി ഷഹീൻ ബാഗിൽ കൊടുംതണുപ്പിനെ വക വെക്കാതെയാണ് വീട്ടമ്മമാർ സി.എ.എ വിരുദ്ധ സമരം നടത്തി വരുന്നത്. ദേശ സുരക്ഷാ നിയമം നടപ്പാക്കിയതോടെ ഈ സമരത്തിന്റെ ഗതി എന്താവുമെന്ന് പറയാറായിട്ടില്ല. ദൽഹിയിലേതിന് സമാനമായ ഒരു സമരം യു.പി തലസ്ഥാനമായ ലഖ്‌നൗവിലും വീട്ടമ്മമാർ നടത്തുന്നുണ്ട്. ഈ സമരം എത്രമാത്രം ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നതിന് തെളിവാണ് കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന. സ്ത്രീകളെയാണ് പ്രതിപക്ഷ പാർട്ടികൾ സമരത്തിന് മുന്നിൽ നിർത്തുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. സ്ത്രീകളെ മുന്നിൽ നിർത്തിയുള്ള സമര രീതി ഒട്ടും ശരിയല്ലെന്നാണ് അദ്ദേഹത്തിന്റെ തിരുമൊഴി. ഹമ്പട സണ്ണിക്കുട്ടാ.. 
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തർ പ്രദേശ് തലസ്ഥാനത്ത് ഇക്കഴിഞ്ഞ  വെള്ളിയാഴ്ച ആരംഭിച്ച സമരത്തിന് നേതൃത്വം നൽകുന്നത് 35 കാരിയായ വീട്ടമ്മയാണ്. ഇന്നുവരെ ഒരു കൂട്ടായ്മയിലോ യോഗത്തിലോ എഴുന്നേറ്റ് നിന്ന് സംസാരിക്കുക പോലും ചെയ്യാത്ത കൗസർ ഇമ്രാൻ. ഇവർ തന്റെ മക്കൾക്കൊപ്പം കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ലഖ്‌നൗവിലെ ക്ലോക്ക് ടവറിലെത്തി പ്രതിഷേധം തുടങ്ങി. അധികം വൈകാതെ ഒട്ടേറെ പേർ എത്തി. പിന്നീട് മഹാജനക്കൂട്ടമായി എത്തി. ജാതി മത ഭേദമെന്യേ എല്ലാവരും ഒത്തുചേർന്നതോടെ യോഗി ആദിത്യനാഥ് നേതൃത്വം നൽകുന്ന ബി.ജെ.പി സർക്കാറിന് ആശങ്കയേറി.  സമരം അടിച്ചൊതുക്കാൻ നീക്കം തുടങ്ങി. 
ദൽഹി ഷഹീൻ ബാഗിലെ സ്ത്രീ സമരമാണ് കൗസർ ഇമ്രാനിലും പ്രചോദനമുണ്ടാക്കിയത്. ടെലിവിഷനിൽ ഷഹീൻ ബാഗിലെ സമരം അവർ കണ്ടിരുന്നു. എന്തുകൊണ്ട് സമാനമായ സമരം ലഖ്‌നൗവിലും ആരംഭിച്ചുകൂടാ എന്ന് ഭർത്താവിനോട് അവർ ചോദിച്ചു. ഭർത്താവ് പിന്തുണ നൽകി. വ്യാഴാഴ്ച രാത്രിയാണ് ടെലിവിഷനിൽ ഷഹീൻ ബാഗിലെ സമരം അവർ കണ്ടത്. കഴിഞ്ഞ ഡിസംബർ 15ന് വനിതാ കൂട്ടായ്മ ആരംഭിച്ചതാണ് ദൽഹി  ഷഹീൻ ബാഗിലെ സമരം. ഒരു മാസം പിന്നിട്ടിട്ടും സമരത്തിന്റെ തീവ്രതിയിൽ ഒട്ടും കുറവ് വന്നിട്ടില്ല. ഷഹീൻ ബാഗിലെ സമരം പോലെ ഒരു പ്രക്ഷോഭം ലഖ്‌നൗവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആരംഭിക്കണമെന്ന് അവർ ഭർത്താവിനോട് പറഞ്ഞു. നിന്നെ പോലെയുള്ള സ്ത്രീകളാണ് ഷഹീൻ ബാഗിൽ സമരം തുടങ്ങിയതെന്ന് ഭർത്താവ് അവൾക്ക് മറുപടി നൽകി. ആദ്യം കൂടെ വന്നത് മൂന്ന് മക്കളാണ് കൗസർ ഇമ്രാൻ,  ആറ്, എട്ട്, 13 വയസ്സുള്ള മക്കൾ. മൂന്ന് പേരെയും വിളിച്ചു. കൂടെ ഒരു ബന്ധുവിനെയും. രാത്രി കൈയെഴുത്ത് പോസ്റ്ററുകൾ തയാറാക്കി. എങ്ങനെ ഒരു സമരം തുടങ്ങണം, ഇതിന്റെ ഭാവി എന്താകും എന്ന കാര്യങ്ങളൊന്നും കൗസറിനെ അലട്ടിയില്ല. അഞ്ചാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ കൗസർ ഇമ്രാൻ. ഇന്നുവരെ ഒരു പൊതുപരിപാടിക്കോ യോഗത്തിനോ അവർ പങ്കെടുത്തിട്ടില്ല. ഒരു വനിതാ കൂട്ടായ്മയിലും അവർ അംഗവുമല്ല. നേരത്തെ ഉത്തർ പ്രദേശിൽ തുടങ്ങിയ പൗരത്വ നിയമത്തിനെതിരായ സമരങ്ങളെ  യു.പി പോലീസ് അടിച്ചമർത്തിയ പശ്ചാത്തലത്തിലാണ് കൗസർ ഇമ്രാൻ സമരം തുടങ്ങുന്നത്. തുരിയഗഞ്ച് സ്വദേശിയായ കൗസർ ഇമ്രാനും മക്കളും വെള്ളിയാഴ്ച രാവിലെ സമീപത്തെ എല്ലാ വീടുകളിലും കയറിയിറങ്ങി സമരത്തിന്റെ കാര്യം പറഞ്ഞു. ഷഹീൻ ബാഗിലെ പോലെ ഒരു സമരം തുടങ്ങാമെന്നാണ് അവർ എല്ലാവരോടും പറഞ്ഞത്. എല്ലാവരുടെയും മറുപടി അനുകൂലം.  വി റിജക്ട് സി.എ.എ, നോ എൻ.ആർ.സി എന്ന പോസ്റ്റർ മാത്രമായിരുന്നു അവരുടെ കൈവശം. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 2.30 ന് സമരം തുടങ്ങാൻ തീരുമാനിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 15 പേരെങ്കിലും എത്തുമെന്ന് അവർ പ്രതീക്ഷിച്ചു. 
പങ്കാളികളാവാൻ എത്തിയവരെ കണ്ട് കൗസർ അത്ഭുതപ്പെടുകയായിരുന്നു.  പോസ്റ്ററുകൾ ബുർഖക്ക് അകത്തു വച്ചാണ് അവർ ക്ലോക്ക് ടവറിൽ എത്തിയത്. പിന്നീട് പോസ്റ്റർ പുറത്തെടുത്ത് സമരം തുടങ്ങിയതോടെ പോലീസ് എത്തി. തങ്ങളോട് വേഗം എഴുന്നേറ്റ് പോകാൻ ആവശ്യപ്പെട്ടുവെന്ന് കൗസറിന്റെ ബന്ധു 24 കാരിയായ സഫിയ പറഞ്ഞു. 
മുദ്രാവാക്യം വിളിക്കുന്ന എന്റെ വായ നിങ്ങൾ കെട്ടിക്കോളൂ, എന്നെ അടിക്കുകയോ മറ്റോ നിങ്ങൾക്ക് ചെയ്യാം. എന്നാലും ഈ സ്ഥലത്ത് നിന്ന് മാറില്ലെന്ന് കൗസർ ഇമ്രാൻ പറഞ്ഞു. പ്രതിഷേധിക്കാൻ മുൻകൂർ അനുമതിയില്ലെന്നായി പോലീസ്. താനൊരു തടസ്സവും ഉണ്ടാക്കുന്നില്ലെന്ന് കൗസർ പ്രതികരിച്ചു. ഭീഷണിപ്പെടുത്തി തിരിച്ചുപോയ പോലീസ് പക്ഷേ അടങ്ങിയിരുന്നില്ല. സമര സ്ഥലത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു. തന്റെ ചെറിയ മക്കൾ കരയുകയോ വീട്ടിലേക്ക് പോകാം എന്ന് പറയുകയോ ചെയ്തില്ലെന്ന് കൗസർ പറയുന്നു. തിങ്കളാഴ്ചയും നൂറുകണക്കിന് സ്ത്രീകളാണ് സമരത്തിൽ പങ്കെടുക്കുന്നതെന്നും കൗസർ പറഞ്ഞു. വെള്ളിയാഴ്ച രാത്രി മുതൽ സ്ത്രീകളും കുട്ടികളും സമര സ്ഥലത്ത് കൂടിവന്നു. പിന്നീട് പുരുഷൻമാരും പിന്തുണ നൽകിയെത്തി. 
മുസ്‌ലിംകളല്ലാത്ത സ്ത്രീകളും വന്നു. എത്തുന്നവരെല്ലാം ഭക്ഷണവും മറ്റും വിതരണം ചെയ്തു. വീട്ടിൽ നിന്ന് സമരക്കാർക്കുള്ള ഭക്ഷണവുമായാണ് പലരും എത്തിയത്. ശനിയാഴ്ച രാത്രി സമരക്കാരുടെ ഭക്ഷണവും പുതപ്പുമെല്ലാം പോലീസ് എടുത്തുകൊണ്ടുപോയി. സമരക്കാരെ ഒഴിപ്പിക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്. പുരുഷൻമാരേക്കേൾ ശക്തരാണ് സ്ത്രീകളെന്ന് ഇപ്പോൾ തെളിയുകയാണെന്ന് കൗസർ പറയുന്നു. വിദ്യാർഥികൾ കൂടി സമരത്തിൽ പങ്കെടുത്തതോടെ മാധ്യമങ്ങൾ സമരം റിപ്പോർട്ട് ചെയ്തു. ദിനംപ്രതി ജനം കൂടിവരുന്നത് സർക്കാറിന്റെ ഉറക്കം നഷ്ടപ്പെടുത്തി.  ലഖ്‌നൗവിലെ ഷഹീൻ ബാഗ് ആയി മാറുകയാണ് ക്ലോക്ക് ടവർ പരിസരം. മുംബൈയിൽ, കൊൽക്കത്തയിൽ, പോണ്ടിച്ചേരിയിൽ, ബംഗളൂരുവിൽ പ്രക്ഷോഭം മുന്നേറുകയാണ്. വടക്കു കിഴക്കൻ മേഖലയിലെ സർവകലാശാലകൾ അടച്ചിട്ടത് കാമ്പസുകളുടെ കരുത്താണ് കാണിക്കുന്നത്. കാമ്പസുകളിലെ പ്രക്ഷോഭത്തിന് ഒരു സവിശേഷതയുണ്ട്. വീട്ടുകാർ നൽകുന്ന കൺസെഷൻ ടിക്കറ്റിനോ കാന്റീനിലെ തൈര് സാദത്തിനോ, പാവ് ബാജിക്കോ ഉള്ള പണമേ കുമാരീകുമാരന്മാരുടെ പക്കൽ കാണുള്ളൂ. ആദായ നികുതി വകുപ്പിനെയൊന്നും അവർക്ക് ഭയപ്പെടേണ്ട കാര്യമില്ല.
 

Latest News