Sorry, you need to enable JavaScript to visit this website.

ജനനസര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കിയില്ല;കുട്ടികള്‍ക്ക് നൂറിലേറെ വയസ് പ്രായം രേഖപ്പെടുത്തി വില്ലേജ് ഓഫീസര്‍

റായ്ബറേലി- ഷാജഹാന്‍പൂരില്‍ ജനനസര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിന് രണ്ട് കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നൂറ് വയസിലേറെ പ്രായം രേഖപ്പെടുത്തി വില്ലേജ് ഓഫീസറുടെ പ്രതികാരം. ഷാജഹന്‍പൂര്‍ സ്വദേശികളായ ശുഭ് എന്ന നാലുവയസുകാരനും സഹോദരനായ സാകേത് എന്ന രണ്ട് വയസുകാരനും സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് നോക്കിയാല്‍ യഥാക്രമം 104,102 വയസാണ് പ്രായം . മാതാപിതാക്കള്‍ കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്നാണ് കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ തെറ്റായ തീയതി  വില്ലേജ് ഡവലപ്പ്‌മെന്റ് ഓഫീസര്‍ രേഖപ്പെടുത്തി നല്‍കിയത്. ഉദ്യോഗസ്ഥനെതിരെ കുട്ടികളുടെ ബന്ധു പവന്‍കുമാര്‍ ബറേലി കോടതിയെ സമീപിക്കുകയായിരുന്നു. സുശീല്‍ ചന്ദ് അഗ്നിഹോത്രി എന്ന വില്ലേജ് ഓഫീസറാണ് ഈ പണിയൊപ്പിച്ചത്.

ഇയാളും മറ്റൊരു ഉദ്യോഗസ്ഥനായ പ്രവീണ്‍ മിശ്രയും കുട്ടികളുടെ മാതാപിതാക്കളില്‍ നിന്ന് ഓരോ സര്‍ട്ടിഫിക്കറ്റിനും അഞ്ഞൂറ് രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.രണ്ട്മാസം മുമ്പ് ഓണ്‍ലൈനിലായിരുന്നു ഇവര്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതോടെ ഒരാളുടെ സര്‍ട്ടിഫിക്കറ്റില്‍ 1916 ജൂണ്‍ 13, മറ്റൊരാളുടേതില്‍ 1918 ജനുവരി 6 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയതെന്ന് പവന്‍ കുമാര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ട് ഉദ്യോഗസ്ഥര്‍ക്കും എതിരെ പോലീസുകാരോട് കേസ് രജിസ്ട്രര്‍ ചെയ്യാന്‍കോടതി ഉത്തരവിട്ടു.
 

Latest News