Sorry, you need to enable JavaScript to visit this website.

സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഒമ്പതു ശതമാനം വളർച്ച

റിയാദ് - കഴിഞ്ഞ വർഷം സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഒമ്പതു ശതമാനം വളർച്ച രേഖപ്പെടുത്തി. 460 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ് എത്തിയത്. ഇതേസമയം, തുർക്കിയിൽ കഴിഞ്ഞ വർഷം നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ കുറവ് രേഖപ്പെടുത്തി. ആഫ്രിക്കയിൽ ഏറ്റവുമധികം വിദേശ നിക്ഷേപം എത്തിയത് ഈജിപ്തിലാണെന്നും യുനൈറ്റഡ് നാഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആന്റ് ഡെവലപ്‌മെന്റ് പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 
സൗദിയിലുണ്ടായ ഏറ്റവും വലിയ വിദേശ നിക്ഷേപ ഇടപാട് പെട്രോളിയം, ഗ്യാസ് മേഖലയിലായിരുന്നില്ല, മറിച്ച്, ഖനന മേഖലയിലായിരുന്നു. അമേരിക്കയിലെ ട്രൊണോക്‌സ് ലിമിറ്റഡ് കമ്പനി സൗദി ടൈറ്റാനിയത്തിൽ നടത്തിയ നിക്ഷേപമാണിത്. 220 കോടി ഡോളറിന്റെ നിക്ഷേപമാണ് അമേരിക്കൻ കമ്പനി നടത്തിയത്. 


തുർക്കിയിൽ കഴിഞ്ഞ വർഷം വിദേശ നിക്ഷേപത്തിൽ 36 ശതമാനം കുറവ് രേഖപ്പെടുത്തി. 2018 ൽ തുർക്കിയിൽ 1300 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ എത്തിയിരുന്നു. കഴിഞ്ഞ വർഷം ഇത് 830 കോടി ഡോളറായി കുറഞ്ഞു. സൗദി അറേബ്യയും തുർക്കിയും ഉൾപ്പെടുന്ന പശ്ചിമേഷ്യൻ മേഖലയിൽ പൊതുവിൽ വിദേശ നിക്ഷേപത്തിൽ 16 ശതമാനം കുറവ് രേഖപ്പെടുത്തി. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കഴിഞ്ഞ വർഷം ആകെ 2500 കോടി ഡോളറിന്റെ വിദേശ നിക്ഷേപങ്ങളാണ് എത്തിയത്. 2018 ൽ ഇത് 3000 കോടി ഡോളറായിരുന്നു. 
ആഫ്രിക്കൻ രാജ്യങ്ങളിൽ വിദേശ നിക്ഷേപത്തിൽ മൂന്നു ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം 4900 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളിൽ എത്തി. ഈജിപ്തിലാണ് ഏറ്റവും കൂടുതൽ വിദേശ നിക്ഷേപങ്ങൾ എത്തിയത്. ഈജിപ്തിൽ കഴിഞ്ഞ കൊല്ലം 850 കോടി ഡോളറിന്റെ വിദേശ നിക്ഷേപങ്ങൾ എത്തി. 2018 നെ അപേക്ഷിച്ച് അഞ്ചു ശതമാനം കൂടുതലാണിത്. ദക്ഷിണാഫ്രിക്കയേക്കാൾ കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിന് ഈജിപ്തിന് സാധിച്ചു. 


ദക്ഷിണാഫ്രിക്കയിൽ 500 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് കഴിഞ്ഞ വർഷം എത്തിയത്. ഈജിപ്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങൾ നിക്ഷേപകരുടെ വിശ്വാസം വർധിപ്പിക്കുന്നതിന് സഹായിച്ചതായി ഡെവലപ്‌മെന്റ് റിപ്പോർട്ട് പറഞ്ഞു. ഈജിപ്തിൽ പെട്രോളിയം, ഗ്യാസ് മേഖലയിൽ തന്നെയാണ് ഇപ്പോഴും ഏറ്റവുമധികം വിദേശ നിക്ഷേപം എത്തുന്നതെങ്കിലും ടെലികോം, റിയൽ എസ്റ്റേറ്റ്, ടൂറിസം അടക്കമുള്ള പെട്രോളിതര മേഖലകളിലും കഴിഞ്ഞ കൊല്ലം വലിയ തോതിൽ വിദേശ നിക്ഷേപങ്ങൾ എത്തി. 
ഈജിപ്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപം വർധിച്ചെങ്കിലും ഈജിപ്ത് ഉൾപ്പെട്ട ഉത്തരാഫ്രിക്കയിൽ വിദേശ നിക്ഷേപത്തിൽ 11 ശതമാനം കുറവ് രേഖപ്പെടുത്തി. ഉത്തരാഫ്രിക്കൻ രാജ്യങ്ങളിൽ കഴിഞ്ഞ വർഷം ആകെ 1400 കോടി ഡോളറിന്റെ വിദേശ നിക്ഷേപങ്ങളാണ് എത്തിയത്. മൊറോക്കോയിൽ വിദേശ നിക്ഷേപം 45 ശതമാനം തോതിൽ കുറഞ്ഞതാണ് ഉത്തരാഫ്രിക്കയിലെ മൊത്തം വിദേശ നിക്ഷേപത്തിൽ കുറവുണ്ടാക്കിയത്. 2018 ൽ മൊറോക്കോയിൽ 360 കോടി ഡോളറിന്റെ വിദേശ നിക്ഷേപങ്ങൾ എത്തിയിരുന്നു. കഴിഞ്ഞ വർഷം ഇത് 200 കോടി ഡോളറായി കുറഞ്ഞു. 


ആഫ്രിക്കയിൽ ഏറ്റവും വലിയ വളർച്ച കൈവരിക്കുന്ന സമ്പദ്‌വ്യവസ്ഥയായ എത്യോപ്യയിലേക്കുള്ള വിദേശ നിക്ഷേപങ്ങളുടെ ഒഴുക്കിനും കഴിഞ്ഞ കൊല്ലം ശക്തി കുറഞ്ഞു. എത്യോപ്യയിൽ കഴിഞ്ഞ വർഷം 250 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് എത്തിയത്. എത്യോപ്യയിൽ ഏറ്റവുമധികം നിക്ഷേപം നടത്തിയത് ചൈനയാണ്. 2019 ൽ എത്യോപ്യയിലെ ആകെ വിദേശ നിക്ഷേപത്തിന്റെ 60 ശതമാനവും ചൈനയുടെ പങ്കാണ്. ലോക രാജ്യങ്ങളിൽ കഴിഞ്ഞ വർഷം ആകെ എത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം 1.39 ട്രില്യൺ ഡോളറാണ്. 2018 ൽ ഇത് 1.41 ട്രില്യൺ ഡോളറായിരുന്നു.
 

Latest News