Sorry, you need to enable JavaScript to visit this website.

പഞ്ചസാര ചേർക്കാത്ത ജ്യൂസുകൾ വിപണിയിലിറക്കി വില ഉയർത്തുന്നു

റിയാദ് - മധുരം ചേർത്ത പാനീയങ്ങൾക്ക് 50 ശതമാനം സെലക്ടീവ് ടാക്‌സ് ബാധകമാക്കിയതോടെ രാജ്യത്തെ കമ്പനികൾ പഞ്ചസാര ചേർക്കാത്ത ജ്യൂസുകൾ വിപണിയിലിറക്കിത്തുടങ്ങി. ഒരു പ്രമുഖ കമ്പനിയാണ് പഞ്ചസാര ചേർക്കാത്ത ജ്യൂസ് ആദ്യമായി വിപണിയിലിറക്കിയത്. വൈകാതെ മറ്റു കമ്പനികളും ഈ പാത പിന്തുടർന്ന് പഞ്ചസാര ചേർക്കാത്ത ഉൽപന്നങ്ങൾ പ്രാദേശിക വിപണിയിൽ ഇറക്കാൻ തുടങ്ങി. ഇതോടൊപ്പം കമ്പനികൾ വില 50 ശതമാനത്തോളം വർധിപ്പിക്കുകയും ചെയ്തു. 
ജ്യൂസ് ബോട്ടിലുകളുടെ വലിപ്പത്തിൽ മാറ്റം വരുത്താതെയാണ് കമ്പനികൾ വില ഉയർത്തിയത്. സക്കാത്ത്, നികുതി അതോറിറ്റി അധിക നികുതി നിർബന്ധമാക്കിയതാണ് വില ഉയർത്തുന്നതിന് കാരണമെന്ന് ഉപയോക്താക്കളെ തോന്നിപ്പിക്കും വിധമാണ് കമ്പനികൾ ജ്യൂസ് വിലകൾ ഉയർത്തിയത്. എന്നാൽ പഞ്ചസാര ചേർക്കാത്ത ജ്യൂസുകൾക്ക് അധിക നികുതി ബാധകമല്ല. ലാഭം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ് കമ്പനികൾ വില ഉയർത്തിയതെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. 


മധുരം ചേർത്ത പാനീയങ്ങൾക്ക് സെലക്ടീവ് ടാക്‌സ് ബാധകമാക്കിയ അതേ സമയത്തു തന്നെ പഞ്ചസാര ചേർക്കാത്ത ഉൽപന്നങ്ങൾ വിപണിയിലിറക്കി കമ്പനികൾ വില വർധിപ്പിച്ചത് നിരവധി സംശയങ്ങൾ ഉയർത്തുന്നതായി സാമ്പത്തിക വിദഗ്ധൻ ഹസാൻ അൽസാലിമി പറഞ്ഞു. മധുരം ചേർത്ത ജ്യൂസുകൾ വിപണിയിൽനിന്ന് അപ്രത്യക്ഷമായി പകരം പഞ്ചസാര ചേർക്കാത്ത ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നത് മോശം കാര്യമല്ല. എന്നാൽ അതേ വലിപ്പത്തിലുള്ള ബോട്ടിലുകളിൽ പഞ്ചസാര ഒഴിവാക്കിയ കാരണത്താൽ കമ്പനികൾ വില ഉയർത്താൻ പാടില്ലായിരുന്നു. സെലക്ടീവ് ടാക്‌സ് ബാധകമാക്കിയതോടനുബന്ധിച്ചാണ് ജ്യൂസുകളുടെ വിലകൾ കമ്പനികൾ ഉയർത്തിയത്. ഇതുമൂലം വില വർധന ഉപയോക്താക്കൾ അംഗീകരിക്കുകയായിരുന്നെന്നും ഹസാൻ അൽസാലിമി പറഞ്ഞു. 


പഞ്ചസാര ചേർത്ത് തയാറാക്കുന്ന ഉൽപന്നങ്ങളിൽ പഞ്ചസാര മുക്തമെന്ന് രേഖപ്പെടുത്തി വിപണിയിലിറക്കി കൃത്രിമങ്ങൾ നടത്തുന്ന കമ്പനികൾക്ക് 25,000 റിയാൽ പിഴയും മറ്റു ശിക്ഷകളും ലഭിക്കുമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു. അതേസമയം, നേരത്തേതിലും അപേക്ഷിച്ച് ചെലവ് കൂടിയ ചേരുവകൾ ചേർത്താണ് ഇപ്പോൾ ജ്യൂസുകൾ തയാറാക്കുന്നതെന്നും ഇതാണ് വില ഉയർത്താൻ കാരണമെന്നും അൽമറാഇ കമ്പനി പറഞ്ഞു. പഞ്ചസാര ഒഴിവാക്കി ഗുണമേന്മ കൂടുതലുള്ള ഉൽപന്നങ്ങളാണ് ഇപ്പോൾ വിപണിയിലിറക്കുന്നത്. ഇതിന്റെ ഫലമായി ഉൽപന്നങ്ങളുടെ വില ഉയരുകയായിരുന്നു. ജ്യൂസ് പാക്കറ്റുകളിൽ ചേരുവകളുടെ കൂട്ടത്തിൽ രേഖപ്പെടുത്തുന്ന പഞ്ചസാരയുടെ അനുപാതം പഴങ്ങളിൽ അടങ്ങിയ പ്രകൃതിദത്തമായ പഞ്ചസാരയാണ്. ഉയർന്ന ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഉപയോക്താക്കൾക്ക് താങ്ങാനാകുന്ന വിലകളിൽ വിപണിയിലിറക്കുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അൽമറാഇ കമ്പനി പറഞ്ഞു. 


കഴിഞ്ഞ വർഷം അൽമറാഇ കമ്പനിയുടെ ലാഭം 9.95 ശതമാനം തോതിൽ കുറഞ്ഞ് 180 കോടി റിയാലായി. 2018 ൽ കമ്പനി 200 കോടി റിയാൽ ലാഭം നേടിയിരുന്നു. കഴിഞ്ഞ വർഷം നാലാം പാദത്തിൽ കമ്പനി ലാഭം 15.88 ശതമാനം തോതിൽ കുറഞ്ഞു. നാലാം പാദത്തിൽ കമ്പനി ലാഭം 31.2 കോടി റിയാലാണ്. 2018 നാലാം പാദത്തിൽ ഇത് 37.1 കോടി റിയാലായിരുന്നു. മധുരം ചേർത്ത പാനീയങ്ങൾക്ക് സെലക്ടീവ് ടാക്‌സ് നടപ്പാക്കിയതു മൂലം വിപണിയിൽ ഉടലെടുത്ത പ്രതിസന്ധിയും കാലിത്തീറ്റ ഇറക്കുമതി ചെലവും തൊഴിലാളികളെ ജോലിക്കു വെക്കുന്നതിനുള്ള ചെലവും ഉയർന്നതുമാണ് ലാഭം കുറയാൻ ഇടയാക്കിയതെന്ന് അൽമറാഇ പറഞ്ഞു. 

 

Latest News