Sorry, you need to enable JavaScript to visit this website.

സൗദിയിൽ വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങൾക്ക് കടുത്ത എതിർപ്പെന്ന് മന്ത്രി

ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് പഠനം നിർബന്ധമാക്കും


റിയാദ് - വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾക്ക് കടുത്ത എതിർപ്പുകൾ നേരിടുന്നതായി വകുപ്പ് മന്ത്രി ഡോ. ഹമദ് ആലുശൈഖ് പറഞ്ഞു. മാറ്റങ്ങളുമായും പരിഷ്‌കരണങ്ങളുമായും ഒത്തുപോകാൻ സാധിക്കാത്ത, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ ചിലർ തന്നെയാണ് പരിഷ്‌കാരങ്ങളെ നഖശിഖാന്തം എതിർക്കുന്നത്. പരിഷ്‌കാരങ്ങൾ തങ്ങളുടെ താൽപര്യങ്ങൾക്ക് കോട്ടം തട്ടിക്കുമെന്ന് കരുതുന്നവരും മാറ്റങ്ങളെ എതിർക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിൽ കാര്യക്ഷമത ഉയർത്തുന്നതിന് നിലവിൽ ഊന്നൽ നൽകുന്നുണ്ട്. നേരത്തെ വിദ്യാഭ്യാസ മേഖലയിൽ യോജിച്ച ക്രമീരണ സംവിധാനമുണ്ടായിരുന്നില്ല. ഇതു മൂലം വിദ്യാഭ്യാസ മേഖലയിൽ അധ്വാനം കൂടുതലും ഫലം കുറവുമായിരുന്നു. 


സെക്കണ്ടറി തലത്തിൽ മെഡിസിൻ, സയൻസ്, ബിസിനസ് മാനേജ്‌മെന്റ്, ആർട്‌സ്, നിയമം, അവകാശങ്ങൾ പോലെ വ്യത്യസ്ത സ്ട്രീമുകൾ നടപ്പാക്കും. ഉന്നത നിലവാരമുള്ള സ്‌പെഷ്യലിസ്റ്റ് അക്കാദമികളും സ്ഥാപിക്കും. നിലവിൽ യൂനിവേഴ്‌സിറ്റികളിലുള്ള 'പ്രിപ്പറേറ്ററി ഇയർ' സംവിധാനം ഇല്ലാതാക്കുന്നതിന് ഈ പരിഷ്‌കാരങ്ങൾ സഹായിക്കും. സെക്കണ്ടറി സ്ട്രീം രീതിയിൽ വിദ്യാർഥികളുടെ അഭിരുചി നിർണയിക്കുന്ന പരീക്ഷ ആദ്യ വർഷം തന്നെ നടപ്പാക്കും. ഒന്നര വർഷത്തിനു ശേഷം സെക്കണ്ടറിയിൽ പുതിയ രീതി നടപ്പാക്കും. 


നിലവിൽ 100 ശതമാനം വിദ്യാർഥികളെയും യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന് പാകപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇക്കൂട്ടത്തിൽ 80 ശതമാനം പേരും യൂനിവേഴ്‌സിറ്റികളിൽ ചേരുന്നു. എന്നാൽ 80 ശതമാനവും തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്ക് നിരക്കാത്ത തിയറി, ആർട്‌സ് കോഴ്‌സുകളാണ് പഠിക്കുന്നത്. അന്താരാഷ്ട്ര പരീക്ഷകളിൽ സൗദി വിദ്യാർഥികൾക്ക് ശോഭിക്കാൻ കഴിയാത്തതിന് കാരണം അധ്യാപകരല്ല. മറിച്ച്, അഡ്മിനിസ്‌ട്രേഷൻ തലത്തിലെ പോരായ്മകളാണ് ഇതിന് കാരണം. അധ്യയന വർഷത്തെ മൂന്നു ടേമുകളാക്കി മാറ്റുന്നതിനെ കുറിച്ച് പഠിക്കുന്നുണ്ട്. യൂനിവേഴ്‌സിറ്റി വിദ്യാർഥികൾക്കുള്ള സ്റ്റൈപ്പന്റ് വിതരണം നിർത്തിവെക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നില്ല. സൗജന്യ യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസം നിർത്തിവെക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നില്ല. ഭാവിയിൽ വിദേശ യൂനിവേഴ്‌സിറ്റികൾക്ക് സൗദിയിൽ പ്രവർത്തനാനുമതി നൽകിയേക്കും. വിദ്യാഭ്യാസ മേഖലക്കു മേൽ ആർക്കും രക്ഷാകർതൃ ചുമതലയില്ല. രാഷ്ട്ര താൽപര്യങ്ങൾ സാക്ഷാൽക്കരിക്കുക എന്നതാണ് വിദ്യാഭ്യാസ മേഖലയുടെ ലക്ഷ്യം. 


ഫസ്റ്റ് ടേം പാഠപുസ്തകങ്ങളുടെ പുനഃപരിശോധന പൂർത്തിയായിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളിൽ അച്ചടിക്കു വേണ്ടി ഇവക്ക് അന്തിമാംഗീകാരം നൽകും. സെക്കന്റ് ടേം പാഠപുസ്തകങ്ങളുടെ പുനഃപരിശോധന മറ്റൊരു സംഘം ആരംഭിച്ചിട്ടുണ്ട്. പാഠ്യപദ്ധതികൾ പരിഷ്‌കരിക്കുന്നതിനാണ് ശ്രമം. നിത്യജീവിതത്തിൽ സാങ്കേതിക വിദ്യകൾ ആശ്രയിക്കുന്നത് വർധിച്ച സാഹചര്യത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസ ആശയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും വിദ്യാർഥികളിൽ സഹിഷ്ണുതാ ആശയം ശക്തിപ്പെടുത്താനുമാണ് ശ്രമം. 


പാഠ്യപദ്ധതി പരിഷ്‌കരണം അനിവാര്യമാണ്. ഇരുപതു വർഷം മുമ്പ് ആവശ്യമായ കാര്യങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും ഭാവിയിൽ ആവശ്യമായി വരിക. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ദേശീയ ബോധം ശക്തിപ്പെടുത്തുന്നതിൽ ഊന്നൽ നൽകിയാണ് ആദ്യ ഘട്ടത്തിൽ പാഠ്യപദ്ധതികൾ പരിഷ്‌കരിച്ചത്. പാഠ്യപദ്ധതികൾ പരിഷ്‌കരിക്കുന്നതിന് നാലു മാസം മാത്രമാണ് മുന്നിലുണ്ടായിരുന്നത്. ഈ സമയത്തിനകം ദൗത്യം പൂർത്തിയാക്കി പുസ്തകങ്ങൾ അച്ചടിക്കുന്നതിന് സാധിച്ചു. 
വിദ്യാഭ്യാസ മേഖല ഏറെ ബൃഹത്താണ്. സൗദി ജനസംഖ്യയുടെ പകുതിയോളം വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ളവരാണ്. സ്‌കൂൾ, യൂനിവേഴ്‌സിറ്റി തലങ്ങളിൽ 70 ലക്ഷത്തോളം വിദ്യാർഥികളുണ്ട്. 1,70,000 പേർ സാങ്കേതിക വിദ്യാഭ്യാസ, തൊഴിൽ പരിശീലന സ്ഥാപനങ്ങളിലും പഠിക്കുന്നു. അധ്യാപകരും ഓഫീസ് ജീവനക്കാരും അടക്കം ആകെ പത്തു ലക്ഷത്തോളം ജീവനക്കാർ വിദ്യാഭ്യാസ മേഖലയിൽ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.


ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് പഠിപ്പിക്കും. മുൻകാലങ്ങളിൽ ഇംഗ്ലീഷ് പഠന നിലവാരം വളരെ മോശമായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ഇംഗ്ലീഷ് പഠിപ്പിച്ച് തുടങ്ങേണ്ടതുണ്ട്. എലിമെന്ററി ഒന്നും രണ്ടും ക്ലാസുകളിൽ രണ്ടു വർഷത്തിനു ശേഷം ഇംഗ്ലീഷ് പഠനം ആരംഭിക്കുമെന്നും ഡോ. ഹമദ് ആലുശൈഖ് പറഞ്ഞു. 

 

Latest News