യുവതിക്കെതിരെ മാനഭംഗ ശ്രമം: ഹരിയാന ബിജെപി അധ്യക്ഷന്റെ മകന്‍ കുറ്റം സമ്മതിച്ചു

ചണ്ഡീഗഢ്- അര്‍ധരാത്രി യുവതിയെ പിന്തുടര്‍ന്ന് മാനഭംഗത്തിനു ശ്രമിച്ച കേസില്‍ അറസ്റ്റിലായ 23-കാരന്‍ വികാസ് ബറല ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ചെന്ന് പോലീസ്. ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബറലയുടെ മകനായ വികാസ് കേസിലുള്‍പ്പെട്ടത് സംസ്ഥാനത്ത് ഏറെ കോളിക്കമുണ്ടാക്കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് നടന്ന സംഭവത്തില്‍ പൊലീസ് പിടികൂടി വിട്ടയച്ച വികാസിനെതിരെ അതിക്രമത്തിനിരയായ ഹരിയാനയിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മകള്‍ വര്‍ണിക കുണ്ടു ശക്തമായി രംഗത്തെത്തിയതോടെയാണ് കഴിഞ്ഞ ദിവസം വീണ്ടും അറസ്റ്റ് ചെയ്തത്. പോലീസ് മൂന്ന് മണിക്കൂറിലേറെ സമയം വികാസിനെ ചോദ്യം ചെയ്തു. വികാസും സുഹൃത്ത് അശിഷും ചേര്‍ന്ന് കാറില്‍ വര്‍ണികയെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായക തെളിവായി പോലീസിനു ലഭിച്ചിട്ടുണ്ട്.  

തട്ടിക്കൊണ്ടു പോകല്‍ ശ്രമം നടത്തിയെന്ന കുറ്റവും വികാസിനുമേല്‍ ചുമത്തി. സംഭവം നടന്ന ദിവസം തന്നെ വികാസിനേയും സുഹൃത്തിനേയും പൊലീസ് പിടികൂടി മദ്യപിച്ചു വാഹനമോടിച്ചെന്ന നിസ്സാരമായ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്. പിന്നീട് വിട്ടയക്കുകയും ചെയ്തു. തന്റെ ദുരനുഭവം വര്‍ണിക ഫേസ്ബുക്കിലൂടെ വിവരിച്ചിരുന്നു. വര്‍ണികയുടെ അച്ഛനും ഫേസ്ബുക്ക് പോസ്റ്റിട്ടു. ഇതോടെ വിഷയം ചൂടേറിയ ചര്‍ച്ചയായി. സംസ്ഥാന ബിജെപി അധ്യക്ഷന്റെ മകനെതിരായ ഗുരുതരമായ കുറ്റമാരോപിക്കപ്പെട്ടതോടെ ബിജെപി സര്‍ക്കാരും പ്രതിരോധത്തിലായി. 

Latest News