Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ വീണ്ടും സ്വകാര്യ ട്രെയിൻ സർവീസ്‌

അഹമ്മദാബാദിൽ രണ്ടാം തേജസ് ട്രെയിനിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്.

രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ തീവണ്ടിയായ മുംബൈ- അഹമ്മദാബാദ് തേജസ് എക്‌സ്പ്രസ് ഫഌഗ് ഓഫ് ചെയ്തു.  കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാണിയും ചേർന്നാണ് രണ്ടാം തേജസിന്റെ ഉദ്ഘാടന യാത്ര ഫഌഗ് ഓഫ് ചെയ്തത്.  തേജസിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള യാത്ര ജനുവരി 19 മുതൽ  ആരംഭിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ദൽഹി- ലഖ്‌നൗ പാതയിൽ സർവ്വീസ് ആരംഭിച്ച ആദ്യ സ്വകാര്യ തീവണ്ടി വലിയ വിജയമായതിന് പിന്നാലെയാണ് രണ്ടാമത്തെ സ്വകാര്യ തീവണ്ടിയും ഓട്ടം തുടങ്ങിയത്.  യാത്രക്കാർക്ക് ഐആർടിസിയുടെ വെബ്‌സൈറ്റ് മുഖേനയോ ഐആർടിസി റെയിൽ ആപ്പ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഐആർടിസി ഓൺലൈൻ പോർട്ടൽ വഴിയും, പേടിഎം, ഇക്‌സിഗോ, ഫോൺ പേ, മേക്ക് മൈ ട്രിപ്പ്, ഗൂഗിൾ തുടങ്ങിയ ആപ്പുകളിലൂടെ ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യവും റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്.
ആഴ്ചയിൽ വ്യാഴാഴ്ച ഒഴികെയുള്ള ആറ് ദിവസമാകും തീവണ്ടി സർവ്വീസ് നടത്തുക. അഹമ്മദാബാദിൽനിന്ന് വണ്ടി രാവിലെ 6.40ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.15ന് മുംബൈയിൽ എത്തുന്ന രീതിയിലാണ് ഐ.ആർ.സി.ടി.സി. നൽകിയ സമയക്രമം. മുംബൈയിൽനിന്ന് വൈകീട്ട് 3.40ന് തിരിച്ച് രാത്രി 10.15ന് വണ്ടി അഹമ്മദാബാദിൽ എത്തും.


അത്യാധുനിക സൗകര്യങ്ങളാണ് തേജസ് എക്‌സ്പ്രസിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്.സിസി ടിവി ക്യാമറ, ബയോ ടോയ്‌ലെറ്റ്, എൽഇഡി ടിവി, ഓട്ടോമാറ്റിക് ഡോർ, റീഡിങ് ലൈറ്റ്, പ്രത്യേക മൊബൈൽ ചാർജിങ് പോയന്റ് തുടങ്ങി യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്പെടുന്ന നിരവധി നൂതന സംവിധാനങ്ങൾ തേജസിലുണ്ട്.
പത്ത് ചെയർകാർ കോച്ചുകളും രണ്ട് എക്‌സിക്യുട്ടീവ് കാർ കോച്ചുകളുമടങ്ങുന്നതാണ് തേജസ്.ഒരേ സമയം 736 യാത്രക്കാർക്ക് തീവണ്ടിയിൽ യാത്രചെയ്യാം സാധിക്കും.
സെമി ഹൈസ്പീഡ്-എയർ കണ്ടീഷന്റ് ട്രെയിനായ തേജസ് ആദ്യ സർവീസ് ദൽഹിക്കും ലഖ്‌നൗവിനുമിടയിൽ ആറ് മണിക്കൂറിനിടെയാണ് ഓടിയെത്തുന്നത്. ഏതാണ്ട് ഇതേ സമയം തന്നെയാണ് അഹമ്മദാബാദ്-മുംബൈ റൂട്ടിലുമെടുക്കുന്നത്. മുംബൈ സെൻട്രലിൽ നിന്നാണ് ഇതിന്റെ ഓപ്പറേഷൻ. 


യാത്രക്കാർക്ക് ചായ, പ്രാതൽ, ഉച്ച ഭക്ഷണം എന്നിവയെല്ലാം കംപാർട്ടുമെന്റിൽ സെർവ് ചെയ്യും. രണ്ട് മണിക്കൂർ വൈകിയാൽ യാത്രക്കാർക്ക് 250 രൂപ നഷ്ട പരിഹാരമായി ലഭിക്കുമെന്ന സവിശേഷതയുമുണ്ട്. 
ട്രെയിനിലെ യാത്രക്കിടയിൽ അപകടങ്ങൾ പറ്റിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകുമെന്ന പ്രത്യേകതയുമുണ്ട്.  ഇതിനായി ചെറിയ തുക ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഇൻഷൂറൻസ് ആയി നൽകിയാൽ മതി. ഇപ്പോഴിതാ ട്രെയിൻ യാത്രക്കിടയിൽ നമ്മുടെ വീട്ടിൽ മോഷണം നടന്നാലും നഷ്ടപരിഹാരം ഐആർസിടിസി നൽകും. 
മുംബൈ- അഹമ്മദാബാദ് റൂട്ടിലെ  രണ്ടാമത്തെ തേജസ് സ്വകാര്യ ട്രെയിനിലാണ് ഈ സംവിധാനം ഇന്ത്യൻ റെയിൽവേ ഏർപ്പെടുത്തിയത്.  ട്രെയിൻ യാത്രകൾക്കിടയിൽ മുംബൈ ഉൾപ്പടെയുള്ള നഗരങ്ങളിൽ മോഷണം നടക്കുന്ന സംഭവങ്ങൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഇൻഷൂറൻസ് പരിരക്ഷ യാത്രാ വേളയിൽ നൽകാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചത്.


യാത്ര തുടങ്ങി അവസാനിക്കുന്നതിനിടയിൽ വീട്ടിൽ മോഷണം നടന്നാൽ മാത്രമായിരിക്കും യാത്രക്കാർക്ക് നഷ്ടപരിഹാര തുക ലഭിക്കുക. ഇതിനായി അധിക പണം യാത്രക്കാരിൽനിന്നും ഈടാക്കില്ല എന്ന് ഐആർസിടിസി മുംബൈ ജനറൽ മാനേജർ പദ്മധൻ പറഞ്ഞു. 25 ലക്ഷം രൂപ വരെയാണ് നഷ്ടപരിഹാരമായി നൽകുക.

Latest News