Sorry, you need to enable JavaScript to visit this website.
Thursday , October   01, 2020
Thursday , October   01, 2020

കോഴിക്കോട്ടേക്ക് നേരിട്ട് പറക്കാൻ അഞ്ച് വിമാനങ്ങൾ 

കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ അറ്റകുറ്റപ്പണിയുടെ പേരിൽ വലിയ വിമാനങ്ങൾ മുടങ്ങിയത് ഏറ്റവും ദുരിതമുണ്ടാക്കിയത് ജിദ്ദ ഉൾപ്പെടുന്ന സൗദി അറേബ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയിലെ പ്രവാസികൾക്കാണ്. വലിയ വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തിയിരുന്ന സൗദിയയും എയർ ഇന്ത്യയും പിന്മാറി. 


ഓരോ സ്‌കൂൾ അവധിക്കാലത്തും പ്രവാസി കുടുംബങ്ങൾ അബുദാബി, മസ്‌കത്ത്, മുംബൈ വഴിയോ, എയർ ഇന്ത്യയിലും മറ്റും കൊച്ചിയിൽ വന്നിറങ്ങിയും മറ്റുമായിരുന്നു നാടണഞ്ഞിരുന്നത്. ഇതിന് അറുതി വന്നിരിക്കുന്നുവെന്ന് മാത്രമല്ല. ഇക്കുറി സമ്മറിൽ കോഴിക്കോട്ടേക്ക് നേരിട്ട് പറക്കാൻ അഞ്ച് വിമാനങ്ങളുണ്ടാവുമെന്നാണ് സൂചന. വർഷങ്ങൾക്ക് മുമ്പ് മലയാളം ന്യൂസ് മുന്നോട്ട് വെച്ച നിർദേശത്തിന്റെ സാക്ഷാത്കരണം കൂടിയാണ് ഇതിലൂടെ സംഭവിക്കുന്നത്. ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് രാത്രികാലങ്ങളിൽ മാത്രം ഫ്‌ളൈറ്റ് എന്നത് മാറി പകൽ നേരത്തും വിമാനം വേണമെന്നതായിരുന്നു നിർദേശം. ലക്ഷക്കണക്കിന് മലയാളികൾ തിങ്ങി പാർക്കുന്ന നഗരത്തിൽ ഇങ്ങിനെയൊരു സൗകര്യമുണ്ടാവുന്നത് അത്യാവശ്യ ഘട്ടത്തിൽ സഹായകമാവുമെന്ന നിഗമനത്തിലാണ് ഇത്തരമൊരു നിർദേശം.

 

നാലും അഞ്ചും വിമാനങ്ങൾ സർവീസ് നടത്തുന്നതോടെ രാവും പകലും മണിക്കൂറുകളുടെ ഇടവേളകളിൽ കോഴിക്കോട്ടേക്ക് വിമാന സർവീസ് നിലവിൽ വരികയായി. ജിദ്ദ-കാലിക്കറ്റ് സെക്ടറിൽ നാല് വിമാനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. നിലവിലെ സൗദി അറേബ്യൻ എയർലൈൻസ്, സ്‌പൈസ് ജെറ്റ് എന്നിവയ്ക്ക് പുറമേ എയർ ഇന്ത്യയുടെ ഭീമൻ വിമാനം അടുത്ത മാസവും ഇൻഡിഗോ എയർ മാർച്ചിലുമാണ് കോഴിക്കോട്ടേക്ക് നേരിട്ട് പറന്നു തുടങ്ങുക. കഴിഞ്ഞ വർഷം വേനലവധി കാലത്ത് സൗദി എയർലൈൻസിന്റെ ഒറ്റ വിമാനം മാത്രമുണ്ടായിരുന്നിടത്താണിത്. മാർച്ച് 29 മുതലാണ് ഇന്ത്യയുടെ ബജറ്റ്‌വിമാനകമ്പനിയായ ഇൻഡിഗോ സർവീസ് തുടങ്ങുന്നത്. ഇതിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. സൗദിയുടെ ബജറ്റ് എയർലൈനായ ഫ്‌ളൈനാസും ജിദ്ദ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്താൻ ശക്തമായ ശ്രമം നടത്തി വരികയാണെന്ന് പ്രമുഖ ട്രാവൽ ഏജൻസിയുടെ മാനേജർ മുഹമ്മദ് സഈദ് പറഞ്ഞു.

 

ഫ്‌ളൈ നാസ്  അടുത്തിടെ തുടങ്ങിയ റിയാദ്-കാലിക്കറ്റ് സർവീസിന് മികച്ച പ്രതികരണമാണ്. ഇതിന് ജിദ്ദ കണക്ഷനുണ്ട്. ജിദ്ദയിൽ നിന്ന് ധാരാളം യാത്രക്കാരെ ലഭിക്കുന്നത് കൂടി കണക്കിലെടുത്താണ് ഫ്‌ളൈ നാസ് കാലിക്കറ്റ് റൂട്ടിനായി ഉത്സാഹിക്കുന്നത്. പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്നവർക്ക് ഇത്തവണ നേരിട്ട് പറക്കാവുന്ന അഞ്ച് ചോയ്‌സുണ്ടാവുമെന്ന് ചുരുക്കം. 
രാവിലെ നാട്ടിലേക്ക് പുറപ്പെടുന്ന സ്‌പൈസ് ജെറ്റാണ് ഇപ്പോൾ ആദ്യ വിമാന സർവീസ്. പുതുതായി തുടങ്ങുന്ന ഇൻഡിഗോ സർവീസ് ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര താവളത്തിൽ നിന്ന് ഉച്ച 1.20ന് പറന്നുയർന്ന് കോഴിക്കോട്ട് രാത്രി 9.20ന് ലാൻഡ് ചെയ്യും. മടക്കയാത്രയിൽ 8.55ന് കോഴിക്കോട് വിട്ട് 12.20ന് ജിദ്ദയിൽ ലാൻഡ് ചെയ്യും. നാലഞ്ച് വർഷമായി കോഴിക്കോട്ട് നിന്ന് മാറിനിന്ന എയർ ഇന്ത്യയുടെ വൈഡ് ബോഡി വിമാനങ്ങൾ മാർച്ചിൽ പുനരാരംഭിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും മത്സരം കൊഴുക്കുന്നത് കണ്ട് നേരത്തേയാക്കുകയായിരുന്നു. ഫെബ്രുവരി 17ന് എയർ ഇന്ത്യ കോഴിക്കോട് സർവീസ് പുനരാരംഭിക്കും.


കോഴിക്കോട് -ജിദ്ദ റൂട്ടിന്റെ സവിശേഷത വർഷത്തിൽ എല്ലാ കാലത്തും യാത്രക്കാരുടെ തിരക്കുണ്ടാവുമെന്നതാണ്. ഹജ് തീർഥാടന കാലമൊഴിച്ച് എല്ലാ സീസണിലും ഉംറ. കരിപ്പൂരിൽ നിന്നുള്ള ഉംറ തീർഥാടകർ കഷ്ടപ്പെട്ട് നെടുമ്പാശേരിയിൽ ചെന്ന് യാത്ര ചെയ്യുന്നത് പുതിയ സാഹചര്യത്തിൽ ഒഴിവാക്കാനാവും. വിമാനങ്ങളുടെ അഭാവത്തിൽ മസ്‌കത്ത് വഴി കറങ്ങി വന്നിരുന്നതും ഇനി ചരിത്രമാവും. കരിപ്പൂർ വിമാനത്താവളത്തിന്റെ കഷ്ടകാലം മാറിയ സ്ഥിതിയ്ക്ക് ക്രമേണ മലപ്പുറം, കോഴിക്കോട് കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് സർവീസ് നടത്തുന്ന ലോ ഫ്‌ളോർ ബസുകളും പിൻവലിച്ച് കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് കാലിക്കറ്റ് എയർപോർട്ട് സർവീസാക്കാവുന്നതാണ്.