Sorry, you need to enable JavaScript to visit this website.
Tuesday , July   14, 2020
Tuesday , July   14, 2020

കേരള കാമ്പസുകളിലെ ഗുണ്ടായിസം

പൗരത്വ നിയമത്തെ അനുകൂലിച്ച് സെമിനാർ നടത്താൻ ശ്രമിച്ച എ ബി വി പിക്കാരെ രാഷ്ട്രീയമായല്ല, കായികമായാണ് ചെറുക്കാൻ കേരള വർമയിലെ എസ് എഫ് ഐക്കാർ ശ്രമിച്ചത് എന്നതു തന്നെ നമ്മുടെ കാമ്പസ് രാഷ്ട്രീയത്തിന്റെ ജീർണത വെളിവാക്കുന്നു. ഈ ജീർണതയാണ് കാമ്പസ് രാഷ്ട്രീയത്തിനെതിരെ പൊതുവികാരവും കോടതി വിധിയും വരാൻ കാരണമെന്നു പോലും ഇവർ മനസ്സിലാക്കുന്നില്ല. വിദ്യാർത്ഥി രാഷ്ട്രീയം ഏറ്റവും അനിവാര്യമായ സമയത്താണ് ഇതു സംഭവിക്കുന്നത് എന്നതാണ് ഏറ്റവും വലിയ ദുരന്തം. 

ജനാധിപത്യാവകാശങ്ങൾ ലംഘിക്കുന്നതിനെതിരെ ലോകമെങ്ങും നടന്ന, നടക്കുന്ന ജനകീയ പോരാട്ടങ്ങളിൽ വിദ്യാർത്ഥികളും പങ്ക് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ പട്ടികക്കുമെതിരെ ഇപ്പോൾ ഇന്ത്യയിലെമ്പാടും നടക്കുന്ന പോരാട്ടങ്ങളിലെ യഥാർത്ഥ ഊർജവും വിദ്യാർത്ഥികൾ തന്നെ. എന്നാൽ നിർഭാഗ്യവശാൽ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. കേരളത്തിൽ മൃഗീയ ഭൂരിപക്ഷമുള്ള എസ് എഫ് ഐ എന്ന സംഘടന നടത്തുന്ന ജനാധിപത്യ ധ്വംസനങ്ങൾക്കും ഗുണ്ടായിസത്തിനുമെതിരെ പോരാടേണ്ട ഗതികേടിലാണ് വിദ്യാർത്ഥികൾ. കണ്ണൂർ മോഡൽ രാഷ്ട്രീയമാണ് പല കലാലയങ്ങളിലും നടക്കുന്നത്. ബഹുഭൂരിപക്ഷം കലാലയങ്ങലിലും പ്രതിസ്ഥാനത്ത് എസ് എഫ് ഐ ആണെങ്കിൽ അപൂർവം ചിലയിടത്ത് ആ റോൾ ചെയ്യുന്നത് എ ബി വി പിയാണ്. 
എന്തായാലും ഏറെ വിവാദമായ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങൾക്കു ശേഷം ഗുണ്ടാ രാഷ്ട്രീയത്തിനെതിരെ ശക്തമായി മുന്നോട്ടു വരാൻ വിദ്യാർത്ഥി സമൂഹം ധൈര്യം കാണിക്കുന്നു എന്നത് സ്വാഗതാർഹമാണ്. കഴിഞ്ഞ ദിവസം കുസാറ്റിൽ എസ് എഫ് ഐ യൂനിറ്റ് സെക്രട്ടറിക്കും പ്രസിഡന്റിനുമെതിരെ നടന്ന വിദ്യാർഥി പ്രതിഷേധമാണ് ഒടുവിലത്തെ ഉദാഹരണം. എസ് എഫ് ഐ യൂനിറ്റ് സെക്രട്ടറി പ്രജിത്ത് കെ. ബാബു, പ്രസിഡന്റ് രാഹുൽ പേരാളം എന്നിവരെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധം നടത്തിയത്. കോളേജിലെ നാലാം വർഷ വിദ്യാർഥിയായ ആസിൽ അബൂബക്കറിനെ ഇരുവരും ചേർന്ന്  കാറിടിച്ച് വീഴ്ത്തിയ ശേഷം ആക്രമിച്ചെന്നാണ് ആരോപണം. തലയിലടക്കം പരിക്കേറ്റ ആസിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുകയാണ്. തുടർന്നാണ് വിദ്യാർത്ഥികൾ ഒന്നടങ്കം രംഗത്തിറങ്ങിയത്. പതിവു പോലെ തങ്ങളെ അനുസരിക്കാത്തവരെ കഞ്ചാവ് മാഫിയയാക്കി മുദ്രയടിക്കുന്ന തന്ത്രം തന്നെയാണ് ഇവിടെയും എസ് എഫ് ഐ സ്വീകരിച്ചത്. അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 
ഏതാനും ദിവസം മുമ്പ് സമാനമായ സംഭവമായിരുന്നു കോട്ടയം സിഎംഎസ് കോളേജിലും അരങ്ങേറിയത്. വിനോദ യാത്രയുമായി ബന്ധപ്പെട്ട് ഒരു പറ്റം വിദ്യാർഥികളെ എസ് എഫ് ഐ പ്രവർത്തകർ മർദിച്ചുവെന്നാരോപിച്ചാണ് വിദ്യാർത്ഥികൾ രാഷ്ട്രീയ ഭേദമെന്യേ രംഗത്തെത്തിയത്. അവിടേയും ആരോപണം മയക്കുമരുന്നു കച്ചവടമെന്നായിരുന്നു. എന്നാലത് പ്രിൻസിപ്പലടക്കം കോളേജ് അധികൃതർ നിഷേധിച്ചു. എസ് എഫ് ഐയുടേത് ഗുണ്ടായിസമാണെന്നാണ് പ്രിൻസിപ്പൽ പറഞ്ഞത്. യൂനിവേഴ്‌സിറ്റി കോളേജ് പോലെ എസ് എഫ് ഐ പ്രവർത്തകരടക്കം പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. 
ഗുണ്ടായിസം കൊടികുത്തി വാഴുന്ന യൂനിവേഴ്‌സിറ്റി കോളേജിൽ കഴിഞ്ഞ വർഷം നടന്ന വിദ്യാർത്ഥികളുടെ ഐതിഹാസികമായ പോരാട്ടത്തിന്റെ ഫലമായി ഇ്‌പ്പോഴവിടെ മറ്റു സംഘടനകളും യൂനിറ്റുകൾ സ്ഥാപിക്കുകയും പ്രവർത്തനം നടത്തുകയും ചെയ്യുന്നുണ്ട്. എ ഐ എസ് എഫ് അടക്കം ഒരു സംഘടനക്കും അവിടെ പ്രവർത്തനാനുമതി ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല,  മുഴുവൻ വിദ്യാർത്ഥികളേയും നിർബന്ധിച്ച് സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുകയാണ് എസ് എഫ് ഐ ചെയ്തിരുന്നത്. വിദ്യാർത്ഥികൾക്ക് ശ്വാസം വിടണമെങ്കിൽ പോലും നേതാക്കളോട് ചോദിക്കേണ്ട അവസ്ഥയായിരുന്നു. തടവറക്കുള്ളിലാണ് തങ്ങളുടെ ജീവിതമെന്ന് എസ് എഫ് ഐ പ്രവർത്തകർ പോലും സ്വകാര്യമായി പറയുമായിരുന്നു. എസ് എഫ് ഐയുടെ പീഡനം മൂലം കോളേജിൽ നിന്ന് ഒരു പെൺകുട്ടി വിട്ടുപോയത് വലിയ വാർത്തയായിരുന്നു. കോളേജ് കാന്റീനിലിരുന്ന് പാട്ട് പാടിയ വിദ്യാർത്ഥികളെ എസ് എഫ് ഐ പ്രവർത്തകർ വന്നു തടഞ്ഞതോടെയാണ് അന്ന് പ്രശ്‌നങ്ങൾ ആരംഭിച്ചത്.  പാട്ടു പാടാനവകാശമില്ലാത്ത കൗമാരത്തെ എന്തിനു കൊള്ളാം? അതേത്തുടർന്നുള്ള സംഘർഷമാണ് കത്തിക്കുത്തിലെത്തിയത്. എസ് എഫ് ഐ പ്രവർത്തകൻ തന്നെയായ അഖിലിനാണ് കുത്തേറ്റത്. വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ചെറിയ മാറ്റമൊക്കെ ഉണ്ടായെങ്കിലും  ഇടക്കിടെ അവിടെയും പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ട്. 
ചെങ്കോട്ടകളെന്നാണ് തങ്ങൾക്ക് പൂർണാധിപത്യമുള്ള കലാലയങ്ങളെ ഇക്കൂട്ടർ വിശേഷിപ്പിക്കുന്നത്.  എസ് എഫ് ഐയുടെ വളർച്ചയുടെ ആദ്യഘട്ടത്തിൽ കെഎസ്‌യു പ്രവർത്തകർ അവരെ ക്രൂരമായി ആക്രമിച്ചിരുന്നു. പലരും രക്തസാക്ഷികളായി. പിന്നീട് കഥ മാറി. എസ് എഫ് ഐ വേട്ടക്കാരുടെ റോളിലായി. അടിക്ക് പകരം അടി എന്ന മുദ്രാവാക്യവുമായി എ ബി വി പിയും കാമ്പസ് ഫ്രണ്ടും അതുപോലെ രംഗത്തുണ്ട്. വാസ്തവത്തിൽ അത്തരം വിഷയങ്ങളാണ് മഹാരാജാസിലെ അഭിമന്യുവിന്റെ കൊലക്കു കാരണമായത്. പ്രിൻസിപ്പലുടെ കസേരയടക്കം കത്തിച്ച സംഭവം പോലും അവിടെയുണ്ടായിട്ടുണ്ട്. പാലക്കാട് വിക്ടോറിയയിൽ വനിതാ പ്രിൻസിപ്പലിന് ശവകുടീരവുമൊരുക്കി. കാലടി സംസ്‌കൃത സർവകലാശാലയിൽ ദീപാഞ്ജലി എന്ന ദളിത് ഗവേഷക വിദ്യാർത്ഥിനിയെ എസ് എഫ് ഐ നിയന്ത്രണത്തിലുള്ള അഗഞടഅ (ഓൾ കേരള റിസർച്ച് സ്‌കോളേഴ്‌സ് അസോസിയേഷൻ) പ്രവർത്തകരായ വിദ്യാർത്ഥികൾ ജാതിയധിക്ഷേപത്തിനും തെറിയഭിഷേകങ്ങൾക്കും ഇരയാക്കിയ സംഭവവും അതിനെതിരെ നടപടിയെടുക്കാത്തതിനെ തുടർന്ന് ദളിത് വിദ്യാർത്ഥിനികൾ നേതൃത്വം കൊടുത്ത സമരവും ഏറെ ചർച്ചയായിരുന്നു.  മടപ്പള്ളി ഗവണ്മെന്റ് കോളേജിലെ സൽവ അബ്ദുൽ ഖാദർ തനിക്ക് കോളേജിലെ എസ് എഫ് ഐയിൽ നിന്ന് നേരിടേണ്ടി വന്ന അതിക്രമങ്ങളെ സംബന്ധിച്ച് സംസാരിച്ചിരുന്നു. പെൺകുട്ടികളെ മർദിച്ച സംഭവവും അവിടെയുണ്ടായി. തലശ്ശേരി പാലയാട് ലീഗൽ സ്റ്റഡീസ് കാമ്പസിലെ സോഫി എന്ന വിദ്യാർത്ഥിനിയുടെ പല്ലിടിച്ചിളക്കിയാണ്  എസ് എഫ് ഐ അവരുടെ ആണധികാരം നടപ്പിലാക്കിയത്. കോട്ടയം നാട്ടകം ഗവണ്മെന്റ് കോളേജിലെ ആതിരയും ആത്മജയും സമീപകാലത്തു എസ് എഫ് ഐയുടെ പൊളിറ്റിക്കൽ പോലീസിംഗിന് വിധേയരായ വിദ്യാർത്ഥിനികളാണ്. 
മഹാരാജാസിൽ രോഹിത് വെമുല അനുസ്മരണം നടത്തിയവർക്കു പോലും മർദനമേറ്റു. രോഹിത് വെമുലയെ കുറിച്ച് ഏറെ സംസാരിക്കുമ്പോഴും വെമുലയുടെ സംഘടനയായ എ എസ് എയിൽ പ്രവർത്തിച്ചതിന് എം ജി സർവകലാശാലയിലെ വിവേക് കുമാർ എന്ന വിദ്യാർത്ഥിയെ മർദിച്ചിട്ടും കാലമധികമായില്ല. കേരള വർമയിൽ പ്രവർത്തിക്കാൻ ശ്രമിച്ചതിനാണ് ഐസ പ്രവർത്തകർക്ക് മർദനമേറ്റത്. പൗരത്വ നിയമത്തെ അനുകൂലിച്ച് സെമിനാർ നടത്താൻ ശ്രമിച്ച എ ബി വി പിക്കാരെ രാഷ്ട്രീയമായല്ല, കായികമായാണ് ചെറുക്കാൻ കേരള വർമയിലെ എസ് എഫ് ഐക്കാർ ശ്രമിച്ചത് എന്നതു തന്നെ നമ്മുടെ കാമ്പസ് രാഷ്ട്രീയത്തിന്റെ ജീർണത വെളിവാക്കുന്നു. ഈ ജീർണതയാണ് കാമ്പസ് രാഷ്ട്രീയത്തിനെതിരെ പൊതുവികാരവും കോടതി വിധിയും വരാൻ കാരണമെന്നു പോലും ഇവർ മനസ്സിലാക്കുന്നില്ല. വിദ്യാർത്ഥി രാഷ്ട്രീയം ഏറ്റവും അനിവാര്യമായ സമയത്താണ് ഇതു സംഭവിക്കുന്നത് എന്നതാണ് ഏറ്റവും വലിയ ദുരന്തം. 

Latest News