മെട്രോ മിക്കിയെ ദത്ത് നല്‍കും; രക്ഷകര്‍ക്ക് മധുരവുമായി റിട്ടയേര്‍ഡ് ജസ്റ്റിസ്

കൊച്ചി- കൊച്ചി മെട്രോയുടെ തൂണുകള്‍ക്ക് മുകളില്‍ കുടുങ്ങിപ്പോയ പൂച്ചയെ കഴിഞ്ഞ ദിവസമാണ് ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത്. ആറ് ദിവസമായി മെട്രോ പാളത്തിനും തൂണുകള്‍ക്കുമുകളിലുമായി പെട്ടുപോയ പൂച്ചയെ രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയത്. ഇവര്‍ക്ക് അഭിനന്ദനവും മധുരവും പങ്കുവെക്കാനായി റിട്ടയേര്‍ഡ് ഹൈക്കോടതി ജസ്റ്റിസ് കെ നാരായണകുറുപ്പ് നേരിട്ടെത്തുകയായിരുന്നു. ഗാന്ധിനഗര്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ ഓഫീസില്‍ നേരിട്ടെത്തിയാണ് അദേഹം സന്ദര്‍ശിച്ച് അഭിനന്ദിച്ചത്.

ഒരു ബോക്‌സ് നിറയെ ലഡുവുമായാണ് അദേഹം സ്‌നേഹം പങ്കുവെക്കാനെത്തിയത്. ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്നും സഹജീവികളോടുള്ള കരുതല്‍ ഭരണഘടനയില്‍ പറയുന്നുണ്ടെന്നും അദേഹം പറഞ്ഞു. പൂച്ച മെട്രോ തൂണില്‍ കുടുങ്ങിയത് അറിഞ്ഞ ജസ്റ്റിസ് നാരായണ കുറുപ്പ് തന്നെയാണ് ഫയര്‍ഫോഴ്‌സിനോട് രക്ഷാപ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശിച്ചത്. അതേസമയം രക്ഷപ്പെടുത്തിയ പൂച്ചക്കുട്ടി പനമ്പിള്ളഇ നഗര്‍ മൃഗാശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍ അറിയിച്ചു. അഞ്ച് മാസം പ്രായമുള്ള പൂച്ചക്കുട്ടിക്ക് മെട്രോ മിക്കിയെന്ന് പേര് നല്‍കിയിട്ടുണ്ട്. ടാബി ഇനത്തില്‍പ്പെട്ട ഈ പൂച്ചക്കുട്ടിയെ ദത്ത് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
 

Latest News