ദിലീപ് രണ്ടാം പ്രതി; അറസ്റ്റുകള്‍ ഉടനെന്ന് സൂചന

കൊച്ചി- നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ദീലീപിനെ രണ്ടാം പ്രതിയാക്കി പോലീസ് കുറ്റപത്രം തയാറാക്കുന്നതായി സൂചന. നേരത്തെ അറസ്റ്റിലായ സുനില്‍ കുമാര്‍ ഒന്നാം പ്രതിയായി തുടരും. നടിയെ ആക്രമിക്കാന്‍ സുനില്‍ കുമാറിനു ക്വട്ടേഷന്‍ നല്‍കിയതും ഗൂഢാലോചനയില്‍ പങ്കാളിയായതിനുമാണ് ദിലീപിനെ രണ്ടാം പ്രതിയാക്കുന്നത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. രണ്ടു അറസ്റ്റുകള്‍ കൂടി ഉണ്ടാകുമെന്നാണ് സൂചന. 

കേസിലെ നിര്‍ണായ തൊണ്ടി മുതലായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി കുറ്റസമ്മത മൊഴി നല്‍കിയ രണ്ട് അഭിഭാഷകരില്‍ ആരെങ്കിലും മാപ്പുസാക്ഷിയായേക്കാം. ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റപത്രം തയാറാക്കിയ പ്രത്യേക പോലീസ് സംഘം തന്നെയാണ് ഈ കേസിലും കുറ്റപത്രം തയാറാക്കുന്നത്. ദിലീപ് അറസ്റ്റിലായി ഒരു മാസം പിന്നിടുമ്പോള്‍ കേസ് അന്വേഷണത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ പോലീസിനായി. ഇത്തരം കേസുകളില്‍ പ്രതിയെ മൂന്ന് മാസം വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിച്ച് അന്വേഷണം നടത്താന്‍ പോലീസിന് നിയമപരമായി കഴിയും.

പ്രതികളുടെ ഗൂഢാലോചന സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണഅ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. അതേസമയം, ജയിലില്‍ ഒരു മാസം പിന്നിട്ട ദിലീപ് ഇന്ന് വീണ്ടും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കും. നേരത്തെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ജൂലൈ 10-ന് അറസ്റ്റിലായ ദിലീപ് റിമാന്‍ഡ് തടവുകാരാനായി ആലുവ സബ്ജയിലിലാണിപ്പോള്‍.

Latest News